ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 300 കോിടയോളം രൂപ! ഒഡിഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയുടെ ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളിൽ നിന്ന് മാത്രം 250 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. രാജ്യത്ത് ആദായനികുതി റെയ്ഡിൽ കണ്ടെത്തിയ ഏറ്റവും ഉയർന്ന തുകയാണിതെന്നാണ് റിപ്പോർട്ട്.

കണക്കിൽ പെടാത്ത ഇത്രയും വലിയ തുക രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഇതിനിടെ നോട്ടുകെട്ടുകൾ എണ്ണിത്തീർക്കാൻ പാടുപെടുകായണ് ആദായ നികുതി വകുപ്പ്. ബുധനാഴ്ചയാണ് വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. രാജ്യത്ത് ഇതുവരെ ഏജൻസികൾ പിടിച്ചെടുത്തതിൽ ഏറ്റവും വലിയ തുകയാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുള്ള ഒഡീഷയിലെ കോൺഗ്രസ് നേതാവും ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാംഗവുമായ ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിലും പരിശോധന നടന്നു.

ബൗധ് ഡിസ്റ്റിലറി ഗ്രൂപ്പിന്റെ ഉടമസ്ഥർ കോൺഗ്രസ് കുടുംബമാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം, ധീരജ് പ്രസാദ് സാഹുവിൽനിന്ന് അകലം പാലിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടത്. സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും, കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ പ്രതികരിക്കേണ്ടത് സാഹുവാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

200ഓളം വലുതും ചെറുതുമായ ബാഗുകളിലായി സൂക്ഷിച്ച പണമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം ഇപ്പോഴും എണ്ണിത്തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പണം വേഗത്തിൽ എണ്ണിതീർക്കുന്നതിനായി 40ഓളം മെഷീനുകളും നിരവധി ബാങ്ക് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഒഡീഷയിലെ ബലംഗീർ ജില്ലയിലെ വിവിധ ഇടങ്ങളിലായി ആദായ നികുതി വകുപ്പിലെ നൂറിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഈ ജില്ലയിലെ ഗ്രൂപ്പിന്റെ കെട്ടിടത്തിലെ അലമാരകളിൽ നിന്നു മാത്രം 230 കോടി രൂപ ലഭിച്ചു. ബാക്കി പണം തിത്‌ലഗർഹ്, സംബൽപുർ, റാഞ്ചി എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെടുത്തത്.

അതേസമയം, സാഹുവിന്റെ ബിസിനസുമായി പാർട്ടിക്ക് ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് വ്യക്തമാക്കിയത്. ''അദ്ദേഹത്തിന്റെ സ്ഥലത്തുനിന്നും എങ്ങനെയാണു ആദായ നികുതി വകുപ്പിന് ഇത്രയധികം പണം കണ്ടെത്താൻ കഴിഞ്ഞതെന്ന് അദ്ദേഹത്തിന് മാത്രമേ പറയാൻ സാധിക്കു. അദ്ദേഹം അതു വിശദീകരിക്കുകയും വേണം'' ജയറാം രമേശ് പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാവിന്റെ പക്കൽനിന്നും കോടിക്കണക്കിനു രൂപ പിടികൂടിയത് ബിജെപി ആയുധമാക്കി. അഴിമതിക്കേസിൽ ഇതാദ്യമായല്ല ഒരു കോൺഗ്രസ് നേതാവ് ഉൾപ്പെടുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമർശം. 'എവിടെ അഴിമതിയുണ്ടോ, അവിടെയൊരു കോൺഗ്രസ് നേതാവുണ്ടാവും. എന്തുകൊണ്ടാണ് ഇങ്ങനെ ' ഉത്തർപ്രദേശിലെ ഗൗരിഗഞ്ചിൽ മാധ്യമങ്ങളോടു സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു.

ജനങ്ങളിൽ നിന്നും അപഹരിച്ച പണം ജനങ്ങളിലേക്ക് തന്നെ മടക്കിയെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡും ഉണ്ടായിരിക്കുന്നത്.