- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാരി തന്നെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നൽകിയ 19 കാരി അറസ്റ്റിൽ; ചങ്ങരംകുളത്ത് ഹണിട്രാപിൽ കുടുക്കി വ്യാപാരിയെ കിഡ്നാപ്പ് ചെയ്ത് മർദ്ദിച്ച് കവർന്നെടുത്തത് ആഡംബര കാറടക്കം 50 ലക്ഷത്തോളം രൂപ; സംഭവം നടക്കുമ്പോൾ മൈനറായിരുന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്തത് പ്രായപൂർത്തി ആയതോടെ
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ഹണിട്രാപ്പിൽ കുടുക്കിയ വ്യാപാരി തന്നെ പീഡിപ്പിച്ചെന്ന് കള്ളപരാതി നൽകിയ തിരുവനന്തപുരത്തെ 19കാരി അറസ്റ്റിൽ. ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടി കൊണ്ട് പോയി മർദ്ദിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിലാണ് ഒരു പെൺകുട്ടി കൂടി അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തി ആവാത്ത പെൺകുട്ടി പരാതിക്കാരനായ വ്യാപാരിയെ പ്രതിയാക്കി തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് മറ്റു പ്രതികളുടെ ഒത്താശയോടെ കോടതി വഴി പൊലീസിന് പരാതി നൽകിയിരുന്നു. ചാലിശ്ശേരി പൊലീസ,് പൊന്നാനി പൊലീസിന് കൈമാറിയ പരാതിയിൽ അടയ്ക്ക വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ പങ്കാളിയായ പെൺകുട്ടിക്കെതിരെ നേരത്തെ കേസെടുത്തെങ്കിലും പ്രായപൂർത്തിയാവാത്തതിനാൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
കോടതി ഉത്തരവിനെ തുടർന്ന് സംഭവത്തിൽ പെൺകുട്ടിയെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല. പ്രായപൂർത്തി ആയതോടെ കൃത്യത്തിൽ പങ്കാളിയായ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശം നൽകുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ 19 കാരിയെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യാപാരിയെ ഹണിട്രാപ്പിൽ പെടുത്താൻ സഹായിച്ച കേസിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. 2019ൽ നടന്ന സംഭവത്തിൽ ഇതിനോടകം പ്രധാന പ്രതികളടക്കം 16 ഓളം പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു..ചേർപ്പുളശ്ശേരി തൂത സ്വദേശി ഉണ്ണിക്കുന്നുപുറത്തു ശ്രീധരൻ (36)നും കേസിൽ അടുത്തിടെ പിടിയിലായിരുന്നു.മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിക്കലിന്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്‌പിയുടെ കീഴിലുള്ള എസ്.സി.പി.ഒ രാജേഷ് അടങ്ങുന്ന പ്രത്യേക അന്യേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി വന്നത്.
രണ്ടര വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി സ്വദേശിയായ അടയ്ക്കവ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാനാണെന്ന വ്യാജേനെ എടപ്പാളിൽ ലോഡ്ജിൽ എത്തിച്ച് മയക്ക് ഗുളിക നൽകി തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. തുടർന്ന് വിലപിടിപ്പുള്ള കാറും സ്വർണ്ണവും പണവും തട്ടിയെടുത്ത് സംഘം രക്ഷപ്പെടുകയായൗരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസ് ഹണിട്രാപ്പ് ആയിരുന്നു എന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
ആഡംബര കാർ, സ്വർണ്ണാഭരണം, പണം, വിലകൂടിയ വാച്ച്, അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്. 16 ഓളം പ്രതികളുണ്ടായിരുന്ന കേസിൽ 15 ഓളം പ്രതികളെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന് മാസങ്ങൾക്കകം തന്നെ പ്രധാന പ്രതികളെയും സ്വർണ്ണവും പണവും കാറും അടക്കമുള്ള തൊണ്ടിമുതലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക മേൽനോട്ടത്തിൽ ഡി.വൈ.എസ്‌പിക്ക് കീഴിൽ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണമാണ് മുഴുവൻ പ്രതികളെയും വലയിലാക്കാൻ സാധിച്ചത്.ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്താൻ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണമികവിന് ലഭിച്ച അംഗീകാരമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്