കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം ന്യുഇയർ ആഘോഷിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. സഞ്ജയ് സന്തോഷിന്റെ (19) മരണകാരണം നെഞ്ചിലും പുറത്തുമേറ്റ മർദനമെന്നാണ് പോസ്റ്റുമോർട്ടം  റിപ്പോർട്ടിൽ പറയുന്നത്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദനമേറ്റിരുന്നെന്ന കുടുബത്തിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്റ്റേജിൽ കയറി നൃത്തം ചെയ്തതാണ് മർദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാർ മർദിച്ച് കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.

മൃതദേഹം ഗോവയിലെ കടൽ തീരത്ത് നിന്നാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം കടൂക്കര സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. അച്ഛൻ സന്തോഷും സുഹൃത്തും ഗോവയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ കഴിഞ്ഞദിവസം ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിന്നീട് ഗോവ പൊലീസിനും കൈമാറി. ഇതിനിടെ കടൽത്തീരത്ത് ഒരു മൃതദേഹം കണ്ടെത്തിയതായി ഗോവ പൊലീസിൽനിന്ന് വിവരം ലഭിച്ചത്.

ഒന്നാം തീയതി പുലർച്ചെ മുതലാണ് സഞ്ജയ്യെ ഗോവയിൽ നിന്നു കാണാതായത്. ഇതുസംബന്ധിച്ച് വീട്ടുകാർ ഗോവ പൊലീസിൽ പരാതി നൽകിയിരുന്നു. ഡിസംബർ 29നാണ് സഞ്ജയും കൂട്ടുകാരും അയൽവാസികളുമായ കൃഷ്ണദേവ് (20), ജയകൃഷ്ണൻ (20) എന്നിവരും പുതുവത്സരം ആഘോഷിക്കാൻ ഗോവയിലേക്ക് പോയത്. 30ന് പുലർച്ചെയാണ് മൂവർ സംഘം ഗോവയിലെ തിവിം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് മുറിയെടുത്തു.

31ന് രാത്രിയിൽ വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ സഞ്ജയ്യെ കാണാതാവുകയായിരുന്നു. കൂട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ കിട്ടിയില്ല. കൃഷ്ണദേവും ജയകൃഷ്ണനും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് സഞ്ജയ്യെ കാണാതായ വിവരം ഇരുവരും ചേർന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഒന്നാം തീയതി ഗോവ പൊലിസിനെ സമീപിച്ചെങ്കിലും അവഗണിച്ചെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ബിന്ദു ആണ് സഞ്ജയ്യുടെ മാതാവ്. സഹോദരൻ: സച്ചിൻ.