- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുകുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അപ്രത്യക്ഷനായി; ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുവയസുകാരനെ കണ്ടെത്തിയത് രണ്ടുകിലോമീറ്റർ അകലെ; സിസി ടിവി പരിശോധിച്ചിട്ടും ഉത്തരം കിട്ടാതെ പൊലീസ്; അഞ്ചലിലെ കുട്ടിയുടെ തിരോധാനത്തിനിടെ സംഭവിച്ചത് എന്ത്?
അഞ്ചൽ: അറയ്ക്കലിൽ വീടിനു സമീപം കളിക്കുന്നതിനിടെ കാണാതായ രണ്ടുവയസ്സുകാരനെ ഒരു മണിക്കൂറിനു ശേഷം രണ്ടു കിലോമീറ്ററോളം അകലെയുള്ള വയൽ ഭാഗത്തു കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാനാവാതെ പൊലീസ്. സമീപത്തെ വീടുകളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കുട്ടി ഒറ്റയ്ക്കു ഇവിടേക്കു പോകില്ലെന്നാണു വീട്ടുകാർ പറയുന്നത്. ആരെങ്കിലും കടത്തിക്കൊണ്ടു പോയതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ.
സി സി ടി വി യിൽ കുട്ടി ഒറ്റക്ക് പോകുന്നതിന്റെയോ ആരെങ്കിലും തട്ടി കൊണ്ടു പോകുന്നതിന്റെയോ ദൃശ്യങ്ങൾ കണ്ടെത്താൻ ആയില്ല. ഇന്നലെ ഉച്ചയോടെയാണു ഇടയം കരിപ്പോട്ടിക്കോണം ഭാഗത്തു നിന്നു കുട്ടിയെ കാണാതായത്. റോഡിനടുത്തുള്ള വീടിനോടു ചേർന്നുള്ള റബർ തോട്ടത്തിനു സമീപം മറ്റു കുട്ടികളോടൊപ്പം രണ്ടു വയസ്സുകാരനും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ബന്ധു എത്തി കുട്ടികളെ വീട്ടിലേക്കു പറഞ്ഞയച്ചു.
മറ്റു കുട്ടികൾക്കൊപ്പം രണ്ടു വയസ്സുകാരനും വീടിനു സമീപം വരെ എത്തി. എല്ലാവരും വീട്ടിൽ കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് ബന്ധു പോയത്. എന്നാൽ അൽപം കഴിഞ്ഞു തിരക്കിയപ്പോൾ രണ്ടു വയസ്സുകാരൻ വീട്ടിലെത്തിയിട്ടില്ലെന്നു മനസ്സിലായി. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്നു കുട്ടിക്കായി തിരച്ചിൽ നടത്തി. നാട്ടിൽ ഉൽവമായതിനാൽ പ്രദേശത്ത് ആൾക്കാർ ഒരുപാട് ഉണ്ടായിരുന്നു. റോഡിലും ആൾക്കാർ ഉണ്ടായിരുന്നു.
സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ കുട്ടിയെ കാണാനില്ല എന്ന വിവരം വിളിച്ചു പറയുകയും പ്രദേശവാസികൾ ഒന്നടങ്കം കുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടെ അഞ്ചൽ പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിനു ശേഷം പൊലിക്കോട് - അറയ്ക്കൽ റോഡിൽ ഇടയം ഭാഗത്തെ വയലിൽ നിന്നു കുട്ടിയെ കണ്ടെത്തി.
തുടർന്നു കുട്ടിയുമായി പൊലീസ് ഇവരുടെ വീട്ടിലെത്തുകയും അഞ്ചലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിക്കു മറ്റു പരുക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു ബോധ്യമായതോടെ ഒരു മണിക്കൂറിനു ശേഷം തിരികെ വീട്ടിലെത്തിച്ചു. അന്വേഷണം നടത്തിവരികയാണെന്നും മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ അറിയിച്ചു.
ഇക്കാര്യത്തിൽ മെഡിക്കൽ വിദഗ്ധന്റെ ഉപദേശം കൂടി തേടിയുള്ള അന്വേഷണമാവും നടത്തുക. രണ്ടു വയസുകാരൻ ഒരു മണിക്കൂർ കൊണ്ട് രണ്ടു കിലോമീറ്റർ സഞ്ചരിക്കാമെന്നാണ് ചില ഡോക്ടർമാർ പറയുന്നത്. എന്നാൽ ഉച്ചവെയിലിൽ ആരും കാണാതെ കുട്ടി ഇത്ര ദൂരം എത്തിയതിലെ ദുരൂഹത നീക്കാൻ ആർക്കും ആയിട്ടില്ല. വീട്ടിൽ കുട്ടിയുടെ അമ്മ മാത്രമാണ് ഉള്ളത്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്