തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസുകാരി മരിച്ചത് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചല്ലെന്നു ഫൊറൻസിക് പരിശോധന ഫലം. പന്നിപ്പടക്കം പൊട്ടിയാണ് മരണമെന്നു സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചു.

തുിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്തുവീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് (8) മരിച്ചത്. ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ 3ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദിത്യശ്രീ.

കുട്ടിയുടെ മുഖവും വലതുകയ്യും തകർന്ന നിലയിലായിരുന്നു. ഡിസ്‌പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്. മരണകാരണം തലയിലേറ്റ ഗുരുതരമായ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണെന്നു പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തുനിന്നു രാത്രിയിൽ സ്‌ഫോടന ശബ്ദം ഉച്ചത്തിൽ കേട്ടതായി അയൽക്കാർ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രിൽ 24 നാണ് സംഭവം.

ഫോണിന്റേയും മുറിയിൽനിന്ന് ലഭിച്ച കിടക്കയുടെ അവശിഷ്ടങ്ങളും പരിശോധിച്ചതിൽനിന്നാണ് ഫോൺ പൊട്ടിത്തെറിയല്ല അപകടകാരണമെന്ന് വ്യക്തമായത്. ആദിത്യശ്രീ ഫോൺ ഉപയോഗിക്കുമ്പോഴായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഇതേത്തുടർന്നായിരുന്നു ഫോൺ പൊട്ടിത്തെറിച്ചാണ് അപകടമെന്ന നിഗമനത്തിലേക്ക് പൊലീസും മറ്റും എത്തിയത്. പന്നിപ്പടക്കമോ അതിന് സമാനമായ സ്ഫോടകവസ്തുവോ പൊട്ടിത്തെറിച്ചാവാം അപകടമുണ്ടായത് എന്നാണ് ഫൊറൻസിക് പരിശോധനാഫലം നൽകുന്ന സൂചന. സംഭവസമയത്ത് കുട്ടിയുടെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നെങ്കിലും, ഇതല്ല മറ്റൊരു വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന നിഗമനത്തിലാണ് എത്തിയത്.

പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റിന്റേയും സൾഫറിന്റേയും സാന്നിധ്യം കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നായിരുന്നു വിശദപരിശോധന നടത്തിയത്. പന്നിക്ക് കെണിവെച്ച പടക്കം കുട്ടി എടുത്തുകൊണ്ടുവന്ന് മുറിയിൽ കൊണ്ടുപോയി കളിച്ചപ്പോൾ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് നിഗമനം.

സംഭവ സമയം മുത്തശ്ശി സരസ്വതി മാത്രമാണ് ആദിത്യശ്രീയ്ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വലിയൊരു പൊട്ടിത്തെറി കേട്ടാണ് ഓടിയെത്തിയത്. നോക്കുമ്പോൾ പേരക്കുട്ടി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടി. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ട് എത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു.

അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ റെഡ്മി കമ്പനിയുടേതായിരുന്നു. മൂന്നുവർഷം മുമ്പു അച്ഛന്റെ അനിയൻ സമ്മാനിച്ചതായിരുന്നു ഈ മൊബൈൽ ഫോൺ. ഫോൺ വാങ്ങിയത് പാലക്കാട്ടെ ചെന്നൈ മൊബൈൽസ് എന്നകടയിൽ നിന്നാണ്. തുടർന്നു ബാറ്ററി കേടായപ്പോൾ കഴിഞ്ഞ വർഷം പുതിയ ബാറ്ററി മാറ്റിയതും ഇതെ കടയിൽനിന്നാണെന്നും വീട്ടുകാർ പൊലീസിനു മൊഴി നൽകിയിരുന്നു.

പൊട്ടിത്തെറിച്ചത് പിതാവ് അശോക് കുമാർ ഉപയോഗിക്കുന്ന ഫോണായിരുന്നു. ആദിത്യശ്രീ പഠനാവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബായിരുന്നു. ടാബിൽ ചാർജ് കഴിഞ്ഞതോടെ ഇത്ചാർജിനുവേണ്ടി കുത്തിവെച്ചതായിരുന്നു. ഈ സമയത്താണ് പിതാവ് വീട്ടിൽവെച്ച മൊബൈൽ ഫോൺ ഉപയോഗിച്ചു ആദിത്യശ്രീ ഗെയിം കളിക്കാനിരുന്നത്.
കുന്നംകുളം എ.സി.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.