- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രിയരഞ്ജൻ മുങ്ങിയത് ഭാര്യയുമായി; ആദ്യം ഒളിത്താവളം കണ്ടെത്തിയത് മൈസൂരുവിലും പിന്നീട് തമിഴ്നാട്ടിലും; പിടിയിലാകും വരെ പ്രതിക്ക് സംരക്ഷണ വലയം ഒരുക്കിയത് കുഴിത്തുറ സ്വദേശിയായ സുഹൃത്ത്
തിരുവനന്തപുരം: കാട്ടക്കട പുളിങ്കോട് അരുണോദയത്തിൽ ആദിശേഖറിനെ (15) കാറിടിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജൻ (42) പതിനൊന്ന് ദിവസവും ഒളിവിൽ കഴിഞ്ഞത് സംസ്ഥാനത്തിനു പുറത്ത്. അപകടം നടന്ന് രണ്ടാം ദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയ ഭാര്യയ്ക്കൊപ്പം ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്നാട്ടിലുമായിരുന്നുവെന്ന് പൊലിസ്. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. ഇതിനിടെ അഭിഭാഷകനെ കണ്ടു. കുഴിത്തുറ സ്വദേശിയാണ് പ്രിയരഞ്ജനു പിടിയിലാകും വരെ ഒളിച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയത് എന്നും പൊലീസ് വ്യക്തമാക്കി.
ദുബായിൽ ടാറ്റൂ സെന്റർ നടത്തുന്ന ഇയാളുടെ ഭാര്യ കൊലപാതകം നടന്നു പിറ്റേദിവസം തന്നെ നാട്ടിലെത്തിയിരുന്നു. ഈ ആഴ്ച്ച പ്രിയരഞ്ജനും ദുബായിലേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു എന്നാണ് വിവരമെന്ന് ആദിശേഖറിന്റെ ഇളയച്ഛൻ പറയുന്നു. പ്രതിക്ക് ജോലിയൊന്നുമില്ലെന്നും നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ശീലമാണെന്നും നാട്ടുകാർ പറയുന്നു.
കാറിടിച്ചതിനു ശേഷം പ്രതി പ്രിയരഞ്ജൻ ആദിശേഖറിനെ കൊണ്ടു വന്ന കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിയിരുന്നു. ഇതിനു ശേഷം ഇവിടെ നിന്നും മുങ്ങിയ പ്രതി രണ്ടാം ദിനം കാർ പേയാട് കുണ്ടമൺകടവിനു സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ഇവർ താമസിക്കുന്ന നാലാഞ്ചിറയിലെ വാടക വീട്ടിൽ പൊലീസെത്തി. അപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. കുടുംബമായി നാടുവിട്ടു എന്ന് ഉറപ്പാക്കി.
പിന്നീട് പ്രതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ ഫോണും നിലച്ചു. എന്നാൽ സ്വിച്ച് ഓഫ് ആകും മുമ്പ്് ഇവർ ബന്ധുക്കളിൽ ചിലരുമായി ഫോണിൽ ബന്ധപ്പെട്ടത് പൊലീസ് മനസ്സിലാക്കി. പ്രിയരഞ്ജന്റെ പഴയ ഒരു ഫോൺ നമ്പർ ലഭിച്ചു. ഇതും നിരീക്ഷണത്തിലാക്കി. ഇതിൽ നിന്നാണ് അന്വേഷണത്തിനു അനുകൂലമായ ആദ്യ 'സിഗ്നൽ' ലഭിച്ചത്. പിന്നീട് ഇതും സ്വിച്ച് ഓഫായി. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹം പരന്നു. പക്ഷേ ആദ്യമേ പൊലീസ് വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു.
അഞ്ചാം തിയ്യതി പ്രതിയുടെ ലൊക്കേഷൻ തമിഴ്നാടാണെന്നു സ്ഥിരീകരിച്ചു. കേരള അതിർത്തി പങ്കിടുന്ന അരുമന, ദേവിയോട് പ്രദേശങ്ങളായിരുന്നു ലൊക്കേഷൻ. ഇവിടെ പ്രിയരഞ്ജനു ബന്ധുക്കളുണ്ട്. ഇവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രിയരഞ്ജനും കുടുംബവും ഇവിടെ എത്തിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പല ബന്ധുവീടുകളിലും മാറിമാറി താമസിച്ചു. ഇവിടെയൊക്കെ പൊലീസ് സംഘം തിരച്ചിലിനെത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഒടുവിൽ പ്രിയരഞ്ജനെ കുഴിത്തുറയ്ക്ക് സമീപത്ത് നിന്നു പൊലീസ് വലയിലാക്കി. പ്രിയരഞ്ജൻ പിടിയിലാകുന്ന സമയത്ത് ഭാര്യയും മക്കളും കൂടെയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം പ്രിയരഞ്ജനുമായി കഴിഞ്ഞദിവസം പൊലീസ് തെളിവെടുപ്പ് നടത്തി. ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന വാദം തള്ളിയാണ് പ്രതി രംഗത്തുവന്നത്. ഒന്നും മനഃപൂർവമായിരുന്നില്ല, തെറ്റ് പറ്റിപ്പോയി ആക്സിലേറ്ററിൽ കാലമർന്ന് നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പ്രിയരഞ്ജൻ പറഞ്ഞു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രിയരഞ്ജന്റെ പ്രതികരണം. സംഭവ സ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പ്രതിയുടെ കാറും മരിച്ച ആദിശേഖറിന്റെ സൈക്കിളും മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചു. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാർ രോഷാകുലരായി. പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്.
അതേസമയം കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു, ഇൻസ്പെക്ടർ ഡി.ഷിബുകുമാർ, എസ്ഐമാരായ വി എസ്. ശ്രീനാഥ്, സി.രമേശൻ, എഎസ്ഐമാരായ സന്തോഷ്,ആർ.സുനിൽ കുമാർ, ജെ.പി.ലാൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, സജിത്, ലിയോ രാജ്, ശ്രീജിത്, മണികണ്ഠൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. കൂടാതെ പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തി. അപകടം നടന്ന സ്ഥലത്ത് നിന്നുള്ള കൂടുതൽ തെളിവുകളും ശേഖരിച്ചു. സയന്റിഫിക് ഓഫിസർ ആൻഷിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ