- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയം വച്ച് യുവതി ബാങ്കിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; പണവുമായി മുങ്ങി കേരളത്തിനകത്തും പുറത്തും വേഷം മാറി ഒളിവിൽ കഴിഞ്ഞു; പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ വരെ ഉപേക്ഷിച്ചു; പ്രതിയെ പിടിക്കാൻ പൊലീസ് പരിശോധച്ചത് ആയിരക്കണക്കിന് ഫോൺ നമ്പറുകൾ; ഒടുവിൽ ആമിന കുടുങ്ങി
മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് കോഴിക്കോട്ടുപറമ്പ് ശാഖ, വെള്ളില വനിതാ ബാങ്ക് എന്നിവിടങ്ങളിൽ നിന്നു മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത വെള്ളില ആയിരനാഴിപ്പടി സ്വദേശിനി പൊട്ടൻകണ്ടത്തിൽ ആമിന(32)യെയാണ് മങ്കട എസ്‌ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യകേന്ദ്രത്തിൽ നിന്നു അറസ്റ്റ് ചെയ്തത്.
പല തവണകളായി കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ കോഴിക്കോട്ടുപറമ്പ് ശാഖയിൽ നിന്നും വെള്ളില വനിതാ ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതിന് ബാങ്ക് സെക്രട്ടറിമാരുടെ പരാതിയിൽ മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങിയ യുവതി കേരളത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ വേഷം മാറിയും മറ്റും ഒളിവിൽ താമസിച്ചുവരികയായിരുന്നു. പൊലീസ് ശാസ്ത്രീയമായ രീതിയിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
പണം തട്ടിയെടുത്ത് ഒളിവിൽ പോയ ആമിന ഫോണുകൾ ഉപയോഗിക്കാതെ വേഷം മാറിയും മറ്റും താമസിച്ചത് പൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ പൊലീസ് മങ്കടയിലും മറ്റു പ്രദേശങ്ങളിലും ആയിരക്കണക്കിന് ടെലിഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും മങ്കടയിലും പരിസരങ്ങളിലും മറ്റു സ്ഥലങ്ങളിലുമുള്ള മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രഹസ്യ കേന്ദ്രത്തിൽ താമസിക്കുകയായിരുന്ന ആമിനയെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്് ചെയ്തു. വ്യാജ സ്വർണാഭരണങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും പ്രതിക്ക് വ്യാജ സ്വർണാഭരണങ്ങൾ നൽകിയ കണ്ണികളെ കണ്ടെത്തുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നു മങ്കട എസ്‌ഐ ഷിജോ സി. തങ്കച്ചൻ അറിയിച്ചു.
എസ്‌ഐമാരായ ഷംസു സീൻ, അലവിക്കുട്ടി, അബ്ദുൾ സലിം, എഎസ്ഐ കൃഷ്ണദാസ്, പൊലീസുകാരായ മുഹമ്മദ് ഫൈസൽ, അബ്ദുസലാം, പ്രീതി, രാജീവ്, മുഹമ്മദ് സുഹൈൽ, സോണി ജോൺസൺ, അനീഷ്, അനീഷ്രാജ്, പ്രജീഷ്, ഷിനോജ്, ധന്യ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്