കൊല്ലം: ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയവരെ തേടി അന്വേഷണം പുരോഗമിക്കുന്നു. കുഞ്ഞിനെ കിട്ടിയതു കൊണ്ട് കേരളം ആശ്വാസം കൊള്ളുമ്പോളും ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതാണ് അറിയേണ്ടത്. പിന്നിൽ ആരെന്നതിനെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇവരിലേക്കാണ് അന്വേഷണം നീളുന്നത്. കുഞ്ഞിൽ നിന്നും അറിയാൻ കഴിയുന്ന വിവരങ്ങൾ പൊലീസും പുറത്തുവിട്ടിട്ടുണ്ട്.

ഏതോ ഒരു വലിയ വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറ് വയസ്സുകാരി അബിഗേൽ സാറ പറഞ്ഞു. തന്നെ കൊണ്ടുപോയവരിൽ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് കുട്ടിയുടെ മറുപടി. പോയിട്ട് വരാമെന്നാണ് അവർ പറഞ്ഞതെന്നും അബിഗേൽ പൊലീസിനോട് പറഞ്ഞു.

അച്ഛന്റെ കൈകളിലാണ് അബിഗേൽ ഇപ്പോഴുള്ളത്. കുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ചു കൊണ്ട് ഇന്ന് അബിഗേലിനെ ഓയൂരിലെ വീട്ടിലേക്ക് കൊണ്ടുപോകില്ല. കുഞ്ഞിന്റെ അമ്മ ജോലി ചെയ്യുന്ന കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഓയൂരിലെ വീട്ടിൽ അബിഗേലിനെ കാത്തിരിക്കുന്നത് വലിയ ജനക്കൂട്ടമാണ്. അതുകൊണ്ട് തന്നെ കുട്ടിയുടെ ആരോഗ്യം മുൻനിർത്തി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. അബിഗേലിന്റെ അമ്മയും സഹോദരനും കൊല്ലത്തേക്ക് പോകും.

തന്നെ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ എന്തിനാണ് കൊണ്ടുപോയതെന്നോ തിരിച്ചറിയാനുള്ള പ്രായം ആ കുഞ്ഞിനുണ്ടായിരുന്നില്ല. ഇന്നലെ വൈകുന്നേരം നാലരക്കാണ് സഹോദരനൊപ്പം ട്യൂഷന് പോകും വഴി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ഒരു സ്ത്രീ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ഫോൺ നമ്പർ കുട്ടി തന്നെയാണ് നൽകിയത്.

ഒരു കടയിൽ ചെന്ന് കടയുടമയുടെ ഫോൺ വാങ്ങിയാണ് വിളിച്ചത്. ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് ഓട്ടോയിലെത്തിയ സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം കടന്നുകളഞ്ഞത്. ഒരുപക്ഷെ ഇനി രക്ഷപ്പെടാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്.

സ്ത്രീ എത്തിയ ഓട്ടോയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. സ്ത്രീയെ അറിയില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. കുട്ടിയെ മാസ്‌ക് ധരിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പൊലീസിന്റെ നേതൃത്വത്തിൽ നാടെങ്ങും വലവിരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവർ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നെന്നാണ് വിവരം. കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഓയൂരിലെ അബിഗേലിന്റെ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും.

ആശ്രാമം മൈതാനത്ത് തനിച്ചായ കുഞ്ഞിനെ പാർക്കിലെത്തിയവരാണ് കണ്ടെത്തിയത്. തുടർന്ന് ആളുകൾ കുഞ്ഞിനോട് വിവരം തിരക്കുകയായിരുന്നു. നാട്ടുകാർ ഫോണിൽ രക്ഷിതാക്കളുടെ ഫോട്ടോ കാണിച്ചത് കുഞ്ഞ് തിരിച്ചറിഞ്ഞു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരുതമൺപള്ളി റെജി ഭവനിൽ റെജി ജോൺ - സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ - ആറ്) യെയാണ് തിങ്കളാഴ്ച വൈകീട്ട് 4.45ന് കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട നാൽവർ സംഘം തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന ഒമ്പതു വയസ്സുകാരനായ സഹോദരൻ രക്ഷപ്പെട്ടു.

അബിഗേൽ സഹോദരൻ യോനാഥനൊപ്പം സ്‌കൂൾവിട്ട് വീട്ടിലെത്തിയശേഷം ഭക്ഷണം കഴിഞ്ഞ് ട്യൂഷന് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിലെ റോഡിലിറങ്ങിയതോടെ കാറിൽ കാത്തുനിന്നവർ ഇരുവരെയും ബലമായി പിടിച്ച് കാറിൽ കയറ്റി. അമ്മക്ക് കൊടുക്കാനെന്ന് പറഞ്ഞ് പേപ്പർ നീട്ടിയാണ് കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചത്. കാറിന്റെ വാതിൽ അടക്കുന്നതിനിടെ യോനാഥൻ ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ, കുട്ടിയുടെ ഇരുകാലിലും മുറിവേറ്റിട്ടുണ്ട്. രക്ഷപ്പെട്ട കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി. വെള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്.