- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹറിനിൽ അഡ്വർട്ടൈസിങ് കമ്പനി നടത്തിപ്പുകാരൻ ആഗ്രഹിച്ചത് സിറിയൻ യാത്ര; പൊലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ ഖത്തറിൽ അഭയം തേടി; പരസ്യ കമ്പനിക്കാരൻ കരിപ്പൂരിൽ എത്തിയപ്പോൾ എൻഐഎ പൊക്കി; ബിരിയാണി ഹംസയുടെ കൂട്ടുകാരനും കുറ്റസമ്മതം നടത്തിയത് തെളിവുകൾ എതിരായപ്പോൾ; അബു മറിയവും തടിയന്റവിടെ നസീർ മാതൃക സ്വീകരിക്കുമ്പോൾ
മലപ്പുറം: കേരളത്തിൽനിന്ന് ഭീകര സംഘടനയായ ഐസിസുമായി ചേർന്നു പ്രവർത്തിച്ചെന്ന കേസിൽ കേരളത്തിൽ കോടതി ശിക്ഷ വിധിക്കാൻ പോകുന്നത് ഇത് അഞ്ചാമത്തെ കേസ്. എൻ.ഐ.എ അറസ്റ്റ് ചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാറിനുള്ള ശിക്ഷ 19നു വിധിക്കും. ഐ.എസ്.(ഐസിസ്) കേസുകളിൽ കോടതിയുടെ ശിക്ഷാവിധികളിൽ ഭൂരിഭാഗവും ഏഴുവർഷം തടവു ശിക്ഷയാണ്.
ഭീകര സംഘടനയായ ഐസിസുമായി ചേർന്നു പ്രവർത്തിച്ചെന്ന കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാർ കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് കണ്ടെത്തിയത്. വിചാരണയ്ക്കിടെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.ഇതോടെയാണ് ശിക്ഷവിധിക്കാൻ കോടതി ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. തടിയന്റവിടെ നസീർ അടക്കമുള്ളവർ ചില കേസുകളിൽ കുറ്റസമ്മതം നടത്തിയിരുന്നു. നിരവധി കേസുകളുള്ളതു കൊണ്ടാണ് തടിയന്റവിടെ നസീറിന് ജയിലിൽ കഴിയേണ്ടി വരുന്നത്.
കേരളത്തിലെ ഐ.എസ് കേസുകളായ കനകമല കേസിന് പുറമെ ഷാജഹാൻ വള്ളവക്കണ്ടി, അബ്ദുൽറാഷിദ് രണ്ടാം ഭാര്യ ബീഹാറുകാരി ജാസ്മിൻ, ബിരിയാണി ഹംസ എന്നീ ഐ.എസ് തീവ്രവാദ കേസുകളിലാണ് കേരളത്തിലെ കോടതി നേരത്തെ ശിക്ഷ വിധിച്ചിട്ടുള്ളത്. ഇതിൽ ബിരിയാണി ഹംസക്കും ജാസ്മിനും ഉൾപ്പെടെ ഏഴുവർഷത്തെ തടവാണ് കോടതി വിധിച്ചിട്ടുള്ളത്. ഇവരുടെ ശിക്ഷാകാലാവധി അവസാനിക്കാറുമായിട്ടുണ്ട്.
എന്നെ വെറുതേവിടൂ, ഞാൻ ഐ.എസിലേക്കു പൊയ്ക്കൊള്ളാം'- ഐ.എസ്. റിക്രൂട്ട്മെന്റ് കേസിൽ കണ്ണൂരിൽ അറസ്റ്റിലായ ഹംസ അന്വേഷണോദ്യോഗസ്ഥരോടു പറഞ്ഞ വാക്കുകളായിരുന്നു ഇത്. ബിരിയാണി ഹംസ, താലിബാൻ ഹംസ എന്നൊക്കെ വിളിപ്പേരുള്ള തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ ഹംസ ഇബ്രാഹിം 2017ലാണു പിടിയിലായത്. ഇയാളും ശിക്ഷാവധി കാത്തിരിക്കുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാർ ബഹറൈനിൽ ഒരുമിച്ചുണ്ടായിരുന്നു. ഇവർ ഒരുമിച്ചായിരുന്നു ഐ.എസ് ആശയങ്ങൾ ചർച്ചചെയ്തിരുന്നതും സിറിയയിലേക്കുപോകാൻ തീരുമാനിച്ചതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ച വിവരം.
ബഹ്റൈനിൽ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു അവിടെ അൽ അൻസർ സലഫി സെന്ററിൽ ഐസിസ് നടത്തിയ പരിശീലന ക്ളാസുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്കൊപ്പം പങ്കെടുത്ത 12 മലയാളികളിൽ എട്ടു പേർ പിന്നീട് സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്നു. ബഹ്റൈനിൽ പിടിയിലാവുമെന്ന ഘട്ടത്തിൽ ഷൈബു ഖത്തറിലേക്ക് കടന്നു. അവിടെയും പരസ്യക്കമ്പനി തുടങ്ങിയ ഇയാൾ ഐസിസുമായുള്ള ബന്ധം തുടർന്നെന്ന് എൻ.ഐ.എ കണ്ടെത്തി. ഐസിസിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി ഇയാൾ ഫണ്ടു സ്വരൂപിച്ചെന്നും സിറിയയിലേക്ക് പോകാൻ ലക്ഷ്യമിട്ട മറ്റു പ്രതികൾക്ക് തുക കൈമാറിയെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
ബഹ്റൈനിലെ പരിശീലന ക്ളാസുകളിൽ പങ്കെടുത്ത ഷൈബു നിഹാർ ഉൾപ്പെടെയുള്ള മലയാളികളെ തിരിച്ചറിഞ്ഞ മലപ്പുറം വണ്ടൂർ പൊലീസ്, ഇവർക്കെതിരെ 2017 നവംബർ ആറിന് കേസെടുത്തു. ഭീകരപ്രവർത്തന നിരോധന നിയമ (യു.എ.പി.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. 2018 ജൂൺ ഒന്നിന് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ 2019 ഏപ്രിൽ ഒമ്പതിനാണ് ഇയാൾ അറസ്റ്റിലായത്. ഖത്തറിൽ നിന്ന് കേരളത്തിലെത്തിയ ഷൈബുവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്.
പ്രതി നടത്തിയ തെറ്റുകളായി കോടതി ചൂണ്ടിക്കാട്ടുന്നത് ഗൂഢാലോചന, ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്യൽ എന്നിങ്ങനെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ. ഭീകരസംഘടനയിൽ അംഗമാവുക, ഭീകരസംഘടനയ്ക്ക് പിന്തുണയും സഹായവും നൽകുക, ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ടു ശേഖരിക്കുക എന്നിങ്ങനെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളാണ്. ബഹറിനിലെ അൽ അൻസർ സലഫി സെന്ററിൽ ഐ.എസ് പരിശീലന ക്ലാസുകളിൽ ഇയാൾ പങ്കെടുത്തിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ഈ ക്ലാസിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സിറിയയിൽ പോയി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയും ചെയ്തു. എന്നാൽ ബഹറിനിൽ അഡ്വർട്ടൈസിങ് കമ്പനി നടത്തിയിരുന്ന ഷൈബു നിഹാറിന് സിറിയയിലേക്ക് പോകാൻ സാധിച്ചില്ല. പൊലീസ് പിടിയിലാകുമെന്ന ഘട്ടത്തിൽ ഇയാൾ ഖത്തറിൽ അഭയം തേടുകയായിരുന്നു. ഖത്തറിൽ അഡ്വർട്ടൈസിങ് കമ്പനി തുടങ്ങിയ ഷൈബു നിഹാർ നാട്ടിലേക്ക് വരുന്നതിനിടെയാണ് കരിപ്പൂരിൽവെച്ച് എൻ.ഐ.എയുടെ പിടിയിലായത്.
ബഹ്റിൻ കേന്ദ്രീകരിച്ച് ഐ.എസ് ക്ലാസുകൾ സംഘടിപ്പിച്ച 12 മലയാളികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിൽ എട്ടുപേരാണ് സിറിയയിലേക്ക് പോയത്. ബഹറിൻ ഗ്രൂപ്പ് അംഗങ്ങളായ മലയാളികൾക്കെതിരെ യുഎപിഎ പ്രകാരം വണ്ടൂർ പൊലീസ് കേസെടുക്കുകയും, പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുകയുമായിരുന്നു. 2018 ജൂൺ നാലിനാണ് എൻഐഎ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യുന്നത്. ഷൈബു നിഹാർ ഉൾപ്പടെ എട്ടുപേർക്കെതിരെയാണ് എൻഐഎ കേസെടുത്തിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്