- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മെസേജ്;എന്നാൽ പണം ലഭിക്കില്ല;11 ഓളം എടിഎമ്മുകളിൽ നിന്ന് പകലും രാത്രിയുമായി പണം നഷ്ടമായത് 7 പേർക്ക്;സംഭവം പുറത്തറിഞ്ഞത് ഉപഭോക്താവിന്റെ പരാതിയിൽ; ഒടുവിൽ സത്യം തെളിയിച്ച് സിസിടിവി; കൊച്ചിയിലെ എടിഎം തട്ടിപ്പ് പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയിലെ വിവിധ എടിഎമ്മുകളിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയിൽ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പിൽ കൂടുതൽ പേർ ഉണ്ടോയെന്നതും ഉൾപ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഇയാൾ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊച്ചിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പു നടന്നത്. കൊച്ചിയിലെ തന്നെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്.കളമശ്ശേരി എടിഎമ്മിൽ നിന്നും ഒരു ദിവസം കാൽലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. 18-ാം തീയതിയാണ് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലെ എടിഎമ്മിൽ നിന്നും പണം തട്ടിയെടുത്തത്. ഇതിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പു നടന്നതായി വ്യക്തമായത്.
സംഭവം ഇങ്ങനെ..ഇക്കഴിഞ്ഞ 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രിമിയർ കവലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിമ്മിൽ നിന്ന് 7 ഇടപാടുകാർക്ക് പണം നഷ്ടമായത്. പണം പിൻവലിക്കാൻ സീക്രട്ട് നമ്പർ അടിച്ചാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി മസേജ് വരും. എന്നാൽ എടിഎമ്മിൽ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലർ ഇത് എടിഎം മെഷീനിന്റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരൻ ബാങ്കിൽ പരാതി നൽകി. പിന്നീട് എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്.
പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്കെയിൽ പോലുള്ള ഒരു പ്രത്യേക ഉപകരണം എടിഎം മെഷീനിൽ ഘടിപ്പിക്കും. ഇടപാടുകാർ പണം കിട്ടാതെ പുറത്ത് പോയ നേരം ഇയാൾ എടിഎമ്മിലെത്തി മെഷീനിൽ ഘടിപ്പിച്ച ഉപകരണം നീക്കി പണം കൈക്കലാക്കും. പിന്നീട് വീണ്ടും ഉപകരണം ഘടിപ്പിപ്പിച്ച് അടുത്ത് ഇടപാടുകാരനെ കാത്തിരിക്കും. ഇങ്ങനെയായിരുന്നു തട്ടിപ്പ് രീതി. ഒരു എടിഎമ്മിൽ നിന്ന് 25,000 രൂപയാണ് ഇയാൾ കവർന്നത്. സമാനമായ തട്ടിപ്പ് ജില്ലയിലെ 11 ഇടങ്ങളിൽ നടന്നെന്നാണ് പൊലീസ് പറയുന്നത്.
കളമശ്ശേരി എടിഎമ്മിൽ നിന്നും ഏഴു തവണയായിട്ടാണ് കാൽലക്ഷം രൂപ തട്ടിയെടുത്തത്. കളമശ്ശേരി എടിഎമ്മിലെ തട്ടിപ്പിൽ ബാങ്ക് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലാരിവട്ടം, തൃപ്പൂണിത്തുറ തുടങ്ങിയ എടിഎമ്മുകളിലും തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ