- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൗറയിലെ മഹിശ്രേഖ പാലത്തിന് സമീപം കാർ നിർത്തിയത് മൂത്രമൊഴിക്കാനെന്ന വ്യാജേന; ഒരുക്കി നിർത്തിയ ക്വട്ടേഷൻ ഗുണ്ടകൾ കവർച്ചക്കാരെപ്പോലെ നിറയൊഴിച്ചു; നടി റിയയുടേത് ആസൂത്രിത കൊലപാതകം; മൊഴിയിലെ വൈരുദ്ധ്യം കുരുക്കായി; നിർമ്മാതാവായ ഭർത്താവ് അഴിക്കുള്ളിലേക്ക്
കൊൽക്കത്ത: മോഷണ ശ്രമത്തിനിടെ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ജാർഖണ്ഡ് ചലച്ചിത്രതാരം റിയ കുമാരി മരിച്ച സംഭവത്തിൽ ഭർത്താവും സിനിമാ നിർമ്മാതാവുമായ പ്രകാശ് കുമാർ അറസ്റ്റിൽ. റിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
റിയയുടെ മരണത്തെക്കുറിച്ച് ആദ്യം വന്ന വാർത്ത കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ നിന്നു ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് റിയ കുമാരി മരിച്ചു എന്നായിരുന്നു. എന്നാൽ ഭർത്താവ് പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടു തോന്നിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തുടർന്ന് പ്രകാശ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രകാശ് പല ക്രിമിനൽ കേസുകളിലും പ്രതിയാണ്. നിർമ്മാതാവായ ഭർത്താവ് പ്രകാശ് കുമാർ, 3 വയസ്സുള്ള മകൾ എന്നിവരോടൊപ്പം റാഞ്ചിയിൽനിന്നു കൊൽക്കത്തയിലേക്കു കാറിൽ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ 6ന് ഹൗറ ജില്ലയിൽ ദേശീയപാതയിലായിരുന്നു ആസൂത്രിത കൊലപാതകം അരങ്ങേറിയത്. റിയയുടെ കുടുംബം പ്രകാശ് കുമാറിനും സഹോദരന്മാർക്കും എതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മഹിശ്രേഖ പാലത്തിൽ കാർ നിർത്തി പ്രകാശ് പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാൻ റിയ ഇടപെടുന്നതിനിടെ അക്രമിസംഘം വെടിയുതിർത്ത് രക്ഷപ്പെട്ടുവെന്നാണ് പ്രകാശ് പൊലീസിനോടു പറഞ്ഞത്.
മുറിവേറ്റ റിയയെ കാറിൽ കയറ്റി 3 കിലോമീറ്റർ ഓടിച്ച പ്രകാശ്, നാട്ടുകാരുടെ സഹായത്തോടെ അവരെ ഉലുബേരിയയിലെ എസ്സിസി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
എന്നാൽ, പ്രകാശ് കുമാറിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് പറയുന്നു. പാലത്തിനു സമീപം മൂത്രമൊഴിക്കാൻ ഇറങ്ങിയെന്നാണു പ്രകാശ് പൊലീസിനോടു പറഞ്ഞത്. കാർ നിർത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവർച്ചക്കാർ കാത്തുനിന്നതിലും ദുരൂഹതയുണ്ട്. ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളാണ് ഇവരെന്നാണ് സൂചന. ഇവർ കാറിനെ പിൻതുടർന്നതായും തെളിവില്ല. മൂന്നംഗ സംഘമാണ് ഇവരെ ആക്രമിച്ചതെന്ന് പറയപ്പെടുന്നു.
ഒരുപാട് യാദൃച്ഛികതകൾ ഒരുമിച്ചു ചേർന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാൻ പ്രയാസമാണെന്നും പൊലീസ് വിശദീകരിക്കുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു കൂടുതൽ വ്യക്തത കിട്ടുമെന്നാണു കരുതുന്നത്. ഫൊറൻസിക് പരിശോധനയ്ക്കായി കാർ പിടിച്ചെടുത്തിട്ടുണ്ട്.
ഝാർഖണ്ഡിലെ പ്രാദേശിക ഭാഷയായ ഖോർത്തയിലുള്ള ഒട്ടേറെ ചിത്രങ്ങളിൽ ഇഷ അൽയ എന്നപേരിൽ അഭിനയിച്ച റിയ കുമാരി മ്യൂസിക് ആൽബങ്ങളിലും അഭിനയിച്ചു
മറുനാടന് മലയാളി ബ്യൂറോ