കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കുട്ടിയുടെ പിതാവിന് നേരെയുണ്ടായ കുപ്രചരണങ്ങൾ പൂർണമായും തള്ളി പൊലീസ്. കുട്ടിയുടെ പിതാവുമായി പ്രതി പത്മകുമാറിനും കുടുംബത്തിനും യാതൊരു ബന്ധവുമില്ലെന്ന് എഡിജിപി അജിത്കുമാർ വ്യക്തമാക്കി. നഴ്‌സിങ് സംഘടനയായ യുഎൻഎയുമായും യാതൊരു ബന്ധവുമില്ലെന്നും എഡിജിപി പറഞ്ഞു. ഇതോടെ ഒരു വിഭാഗം മാധ്യമങ്ങൽ കെട്ടിപ്പൊക്കിയ കള്ളങ്ങളാണ് പൊളിഞ്ഞു വീഴുന്നത്. നേരത്തെ യുഎൻഎയും കുട്ടിയുടെ പിതാവുമായു കൂട്ടിക്കെട്ടി പല വിധത്തിലുള്ള പ്രചരണങ്ങളായിരുന്നു നടന്നത്.

മൂന്നംഗ കുടുംബമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെ ആസൂത്രകരെന്ന് എഡിജിപി വ്യക്തമാക്കി. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ എല്ലാ പ്രതികളും പിടിയിലായെന്നും അദ്ദേഹം പറഞ്ഞു. 'തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയുടെ സഹോദരനാണ് ഒന്നാമത്തെ ഹീറോ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഹീറോ ആറു വയസുകാരിയാണ്. പെൺകുട്ടി പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച രണ്ട് പേരാണ് മൂന്നാമത്തെ ഹീറോകളെന്നും അദ്ദേഹഗം പറഞ്ഞു.

'കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനായുള്ള ആസൂത്രണം ഒരുവർഷമായി നടത്തി. കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് ഒരു വർഷം മുന്നേ തന്നെ നിർമ്മിച്ചിരുന്നു' -എ.ഡി.ജി.പി. പറഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒന്നരമാസമായി ഇവർ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. സാന്പത്തിക് പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു കുടുംബം മുഴുവന്ർ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ തുടർന്ന് പത്മകുമാർ വൻ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. വലിയ സമ്മർദ്ദം ഉണ്ടായ കേസാണിതെന്നും പ്രാഥമിക ആവശ്യം കുട്ടിയെ തിരിച്ചുകിട്ടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം തന്നെ സംഭവത്തെക്കുറിച്ച് സുപ്രധാന സൂചന കിട്ടി. പ്രതികൾ കൊല്ലം ജില്ലക്കാർ തന്നെ മനസ്സിലാക്കി. 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചു.

മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് അനാവശ്യ സമ്മർദം ഉണ്ടായി. പക്ഷെ പൊലീസിന് കേസ് തെളിയിക്കാൻ സാധിച്ചു. പത്മകുമാറിന് കടുത്ത സമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷമുണ്ടായ ബാധ്യതയാണിത്. ഒരു വർഷമായി ഇത് മറികടക്കാനുള്ള ആലോചനയിലായിരുന്നു പത്മകുമാർ. മറ്റ് ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുറ്റകൃത്യം നടപ്പിലാക്കിയത്. കാറിൽ യാത്ര ചെയ്ത് തട്ടിയെടുക്കാൻ പറ്റിയ കുട്ടികളെ അന്വേഷിച്ചു. ഈ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തിൽ പലതവണ ഇവിടെ എത്തിയിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ ചേട്ടനാണ് യഥാർത്ഥ ഹീറോ. കുട്ടിയിൽ നിന്ന് പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്. കുട്ടിയോട് അച്ഛന്റെ അടുത്തുകൊണ്ടുപോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

പ്രതികളുടെ വീടുകളിൽ കുട്ടിയെ എത്തിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പർ മനസിലാക്കി. പിന്നെ പാരിപ്പള്ളിയിൽ പോയി കടയുടമയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു. പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവർ മനസിലാക്കിയത്. ലിങ്ക് റോഡിൽ നിന്ന് ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം അറിയാം. പത്മകുമാർ മറ്റൊരു ഓട്ടോ പിടിച്ച് പിന്നാലെ വന്നു. കോളേജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായതെന്നും എഡിജിപി പറഞ്ഞു.

ഒന്നര വർഷം മുമ്പ് തന്നെ കുട്ടിയെ തട്ടിയെടുക്കാനുള്ള ആലോചന തുടങ്ങി. അനിതാ കുമാരിയുടെ ഈ ആശയത്തെ അന്ന് പൂർണ്ണമായും പത്മകുമാർ അംഗീകരിച്ചില്ല. പത്മകുമാറിന്റെ അമ്മ പാരിജാതം അറിയുമെന്നതായിരുന്നു ഇതിന് കാരണം. അമ്മയുള്ളപ്പോൾ ഇതു പറ്റില്ലെന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. ജൂണിൽ അമ്മ പാരിജാതം മരിച്ചു. ഇതോടെ ഭാര്യയുടെ ആശയത്തെ ഭർത്താവും ഉൾക്കൊണ്ടു. നേരത്തെ മകൾ അനുപമ ഇതിനെ അനുകൂലിച്ചിരുന്നില്ല. യൂട്യൂബിലെ താരമായിരുന്നു ആ കുട്ടി. മാസം മൂന്ന് ലക്ഷം രൂപവരെ അവർക്ക് വരുമാനം കിട്ടുമായിരുന്നു. എന്നാൽ പെട്ടെന്ന് യൂട്യൂബ് ഈ ചാനലിനുള്ള പണം നൽകൽ അവസാനിപ്പിച്ചു. ഇതോടെ കുട്ടിയും അച്ഛനും അമ്മയ്ക്കുമൊപ്പം ചേർന്നു. അങ്ങനെയാണ് അനിതാ കുമാരിയുടെ തട്ടിക്കൊണ്ടു പോകൽ ആശയത്തിനൊപ്പം മൂന്നംഗ കുടുംബം ഒന്നിച്ചു നീങ്ങിയത്.

യൂട്യൂബിന്റെ ഡീ മോണിട്ടൈസേഷൻ വന്നതോടെ അനുപമ തീർത്തും നിരാശയായി. ഇതോടെയാണ് അച്ഛന്റെ കടം തീർത്ത് മുമ്പോട്ട് കുതിക്കാൻ മറ്റ് മാർഗ്ഗമില്ലെന്ന അമ്മയുടെ ആശയോത്തോട് ഈ കുട്ടിയും യോജിച്ചത്. വലിയ ആൾത്തിരക്കില്ലാത്ത ഓയൂരിൽ നിന്നും കുട്ടിയെ തട്ടിയെടുക്കാനായിരുന്നു തീരുമാനം. എല്ലാം അനിതാ കുമാരിയുടെ പദ്ധതി അനുസരിച്ചാണ് നീങ്ങിയത്. കേസിലെ സുപ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു ആദ്യമേ വ്യക്തമായിരുന്നെന്നും ആദ്യദിവസം തന്നെ ലഭിച്ച ക്ലൂ നിർണായകമായെന്നും എഡിജിപി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി പറഞ്ഞു. അഞ്ചു കോടിയുടെ കടമാണ് പത്മകുമാറിനുണ്ടായിരുന്നത്. കുട്ടിയുടെ അച്ഛനുമായി പത്മകുമാറിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായിട്ടുണ്ട്. പത്മകുമാറിന്റെ അമ്മയ്ക്കും ഈ പദ്ധതികൾ അറിയാമായിരുന്നു. അവർ ഇതിനെ എതിർത്തു. അതുകൊണ്ടു തന്നെ മകൻ ആദ്യം ഈ പദ്ധതിക്കൊപ്പം കൂടിയില്ല.

''ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു'' എം.ആർ.അജിത് കുമാർ പറഞ്ഞു.