തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ റെഡ്മി കമ്പനിയുടെ ഫോൺ. മൂന്നുവർഷം മുമ്പു അച്ഛന്റെ അനിയൻ സമ്മാനിച്ചതായിരുന്നു ഈ മൊബൈൽ ഫോൺ. ഫോൺ വാങ്ങിയത് പാലക്കാട്ടെ ചെന്നൈ മൊബൈൽസ് എന്നകടയിൽനിന്നാണ്. തുടർന്നു ബാറ്ററി കേടായപ്പോൾ കഴിഞ്ഞ വർഷം പുതിയ ബാറ്ററി മാറ്റിയതും ഇതെ കടയിൽനിന്നാണെന്നും വീട്ടുകാർ പൊലീസിനു മൊഴി നൽകി.

മൊബൈൽ ഫോൺപൊട്ടിത്തെറിച്ച് കുഞ്ഞു മരിക്കാനിടയായതിൽ ഇപ്പോഴും നിരവധി അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനമെങ്കിലും ഫോറൻസിക് പരിശോധനാഫലം വ്ന്നു കഴിഞ്ഞാലെ ഇതിൽ വ്യക്തതവരികയുള്ളു. ബാറ്ററിയുടെ ഭാഗങ്ങളാണ് കൂടുതൽ ഛിന്നഭിന്നമായിട്ടുള്ളത്. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺവാങ്ങിയ കടക്കാരുടെ മൊഴിയും ഉടൻ തന്നെ പൊലീസ് രേഖപ്പെടുത്തും. ഒരു വർഷം മുമ്പു മാറ്റിയതു കമ്പനിയുടെ ഒറിജിനൽ ബാറ്ററി തന്നെയാണോയെന്നും ഇതോടെ വ്യക്തമാകും.

തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മെബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചത് പിതാവ് അശോക് കുമാർ ഉപയോഗിക്കുന്ന ഫോണാണ്.

ആദിത്യശ്രീ പഠനാവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബായിരുന്നു. ഇന്നലെ ടാബിൽ ചാർജ് കഴിഞ്ഞതോടെ ഇത് ചാർജിനുവേണ്ടി കുത്തിവെച്ചതായിരുന്നു. ഈ സമയത്താണ് പിതാവ് വീട്ടിൽവെച്ച മൊബൈൽ ഫോൺ ഉപയോഗിച്ചു ആദിത്യശ്രീ ഗെയിം കളിക്കാനിരുന്നത്. മൊബൈൽ ചാർജ്ചെയ്തുകൊണ്ടായിരുന്നോ ഉപയോഗിച്ചിരുന്നത് എന്നതു വ്യക്തമല്ലെന്നും ഇത്തരത്തിലുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന പഴയന്നൂർ എസ്.എച്ച്.ഒ പി.ബി ബിന്ദുലാൽ മറുനാടനോട് പറഞ്ഞു.

അശോകന്റെയും സൗമ്യയുടെയും എക മകളാണ് മരിച്ച ആദിത്യശ്രീ. ആദിത്യശ്രീ തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ് മാതാവ് സൗമ്യ. പൊട്ടിത്തെറിച്ച മൊബൈൽ ഫോണുകൾ കാണുമ്പോൾ തന്നെ ഭീകരമായ അവസ്ഥയാണെന്നും കുട്ടികൾക്കു കൂടുതൽ സമയം മൊബൈൽ ഫോൺ നൽകുന്നവർ ശ്രദ്ധിക്കണമെന്നും അപകടങ്ങൾ വിളിച്ചുവരുത്തുന്നതിനു തുല്യമാണിതെന്നും രക്ഷിതാകൾക്ക ജാഗരൂഗരാകണമെന്നും പഴയന്നൂർ എസ്.എച്ച്.ഒ പി.ബി ബിന്ദുലാൽ പറഞ്ഞു.