അടിമാലി: അടിമാലിയിൽ 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി , രക്ഷപെട്ട അമ്മയുടെ പങ്കാളി പൊലീസ് പിടിയിൽ. തൃശൂരിൽ നിന്നാണ് അറസ്റ്റിലായത്. വെള്ളം വാങ്ങിവരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം പരക്കംപായൽ. ബസ് സ്റ്റാന്റിലെത്തി , ബസ്സിൽ കയറിയെങ്കിലും ഇറങ്ങിയോടി.

പിന്നെ അര മണിക്കൂറോളം കറങ്ങി നടന്ന ശേഷം സ്റ്റാന്റിന് പുറത്തെത്തി ഓടുന്ന ബസ്സിൽ ചാടികയറയായിരുന്നു രക്ഷപെടൽ. ബുദ്ധിമാന്ദ്യമുള്ള 14 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കായ തൃശൂർ സ്വദേശിയായ രണ്ടാനച്ഛൻ അടിമാലിയിൽ നിന്ന് മുങ്ങിയത് തന്ത്രത്തിലൂടെയാണ്. ഇയാളെയാണ് പൊലീസ് തൃശൂരിൽ നിന്ന് പൊക്കിയത്.

ആശുപത്രിയുടെ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇയാൾ രക്ഷപെട്ട വഴികളെകുറിച്ചുള്ള വിശദമായ വിവരം പൊലീസിന് ലഭിച്ചത്. വയറുവേദനയെത്തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ മാതാവും സഹോദരിയും ചേർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. വിവരം ഡോക്ടർ മാതാവിനെ അറിയിച്ചു. ഇതിന് പിന്നാലെ ഇവർ ബോധരഹിതയായി നിലംപതിച്ചു. തുടർന്ന് ഡോക്ടർ ഇടപെട്ട് ഇവർക്ക് ആവശ്യമായ പരിചരണമൊരുക്കി.

ഇതിനിടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിന് ആശുപത്രി ജീവനക്കാരും പൊലീസും ചേർന്ന് നീക്കം ആരംഭിച്ചിരുന്നു. പലവട്ടം ഇതിനുള്ള ശ്രമം പരാജയപ്പെട്ടു. ഏതാണ്ട് അര മണിക്കൂറോളം നേരം പിന്നിട്ടപ്പോഴാണ് പെൺകുട്ടി സത്യം വെളിപ്പെടുത്താൻ തയ്യാറായത്. രണ്ടാനച്ഛനെ ആശുപത്രിയിൽ എത്തിക്കാനായി രുന്നു പിന്നിടുള്ള നീക്കം. മാതാവിന്റെ ഫോണിൽ നിന്നും പെൺകുട്ടിയുടെ സഹോദരിയെക്കൊണ്ട് ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിലേയ്ക്ക് വിളിപ്പിച്ച് മാതാവ് ആശുപത്രിയിലാണെന്ന് അറിയിച്ചു. ഏതാണ്ട് 15 മിനിട്ടിനുള്ളിൽ ഇയാൾ ആശുപത്രിയിൽ എത്തി.

ഇയാൾ ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും മാതാവ് തളർച്ച മാറിയ സ്ഥിതിയിൽ എത്തിയിരുന്നു. തുടർന്ന് ഇവർ വെള്ളം ആവശ്യപ്പെട്ടു. ഉടൻ വെള്ളം വാങ്ങി വരാമെന്നും പറഞ്ഞ് ഇയാൾ ആശുപത്രിക്ക് പുറത്തിറങ്ങുകയും ഓടി രക്ഷപെട്ടുകയുമായിരുന്നു. ആശുപത്രിയിൽ ചിലവഴിച്ച ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാനച്ഛന് കാര്യം പിടികിട്ടിയിട്ടുണ്ടാവുമെന്നും പൊലീസ് പിടികൂടുമെന്ന് മനസ്സിലാക്കി മുങ്ങുകയായിരുന്നു. വർഷങ്ങളായി ഇയാൾ പെൺക്കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. യഥാർത്ഥപേരും നാടുമെല്ലാം മറച്ചുവച്ചാണ് ഇയാൾ കുടുംബത്തിനൊപ്പം താമസിച്ച് വന്നിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

പാലക്കാട് സ്വദേശിയെന്നാണ് ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നത്. പൊലീസ് പരിശോധനയിൽ ഇയാൾ തൃശ്ശൂർ സ്വദേശിയാണെന്ന് വ്യക്തമായി. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പാല ബസ്സിലാണ് ഇയാൾ ഓടിക്കയറിയത്. ബസ്സ് ഊന്നുകൽ സ്റ്റേഷൻ പരിധിയിലൂടെ കടന്ന് തൊടുപുഴ വഴിയാണ് പാലായിൽ എത്തിയത്. ഇയാൾ സ്വന്തമായി മൊബൈൽ ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൽ പ്രതിസന്ധിയായി. എന്നാൽ തൃശൂരിൽ നിന്ന് കിട്ടിയ നിർണ്ണായക വിവരങ്ങൾ ഇയാളെ കുടുക്കി.