- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യത്തിൽ വിഷം കലർത്തിയ ശേഷം കുപ്പിയിൽ നീഡിൽ കടത്തിയ ഭാഗം മെഴുകുവച്ച് അടച്ചു; സിറിഞ്ചു വഴി കലർത്തിയത് മാരക വിഷമായ ഫ്യൂരിഡാൻ; വഴിയിൽ കിടന്ന മദ്യം കഴിച്ചവർ ആശുപത്രിയിലായ അന്വേഷണത്തിൽ ട്വിസ്റ്റ്; അത് ശത്രുവിനെ വകവരുത്താൻ ഉണ്ടാക്കിയ വിഷ ലഹരി; അടിമാലിയിൽ ദുരൂഹത
അടിമാലി: വഴിയിൽക്കിടന്നു കിട്ടിയ മദ്യം കഴിച്ചതിനെത്തുടർന്ന് മൂന്നുപേർ അവശനിലയിലായ സംഭവത്തിൽ ട്വിസ്റ്റ്. മദ്യകുപ്പിയിൽ സിറിഞ്ചുവഴി വിഷം കലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയിൽ ഉണ്ടായിരുന്നത് റമ്മാണെന്ന് ഇതിനകം സ്ഥിരീകിരച്ചിട്ടുണ്ട്. ഫ്യൂരിഡാനാണ് മദ്യത്തിൽ കലർത്തിത്തിയിട്ടുള്ളതെന്നാണ് അനുമാനം. മദ്യത്തിൽ വിഷം കലർത്തിയ ശേഷം കുപ്പിയിൽ നീഡിൽ കടത്തിയ ഭാഗം മെഴുകുവച്ച് അടച്ചനിലയിലാണെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ അടിമാലി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ശത്രുവിനെ വകവരുത്താൻ ആരോ കരുതിക്കൂട്ടി ഒരുക്കിയ കെണിയിൽ ആശുപത്രിയിൽ കഴിയുന്നവർ അകപ്പെടുകയായിരുന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വിഷം കലർത്തിയ ശേഷം മദ്യക്കുപ്പി ആരെങ്കിലും മനപ്പൂർവ്വം റോഡിൽ ഉപേക്ഷിച്ചതാണോ , മറ്റെവിടേയ്ക്കെങ്കിലും കൊണ്ടുപോകും വഴി അബദ്ധത്തിൽ റോഡിൽ വീണതാണോ എന്നിങ്ങിനെയുള്ള സംശയങ്ങളും ഉയർന്നിട്ടുണ്ട്.പ്രധാനമായും ഇതെക്കുറിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
മദ്യം കഴിച്ചതിനെത്തുടർന്ന് അടിമാലി കീരിത്തോട് മാടപ്പറമ്പിൽ മനോജ് (28), അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ(40),പുത്തൻപറമ്പിൽ അനു(38) എന്നിവരെയാണ് അവശനിലയിൽ കോട്ടയം മെഡിക്കൽ കേളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം വാർഡിലേയ്ക്ക് മാറ്റിയിരുന്നു. ഇവരുടെ ശാരീരിക അസ്വസ്തകൾ ഇപ്പോഴും കൂടിയും കുറഞ്ഞും തുടരുകയാണെന്നാണ് സൂചന.
മൂന്നുപേരും തടിപ്പണിക്കാരാണ്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒപ്പം ജോലി ചെയ്തുവരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നൽകിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകൾ അനുഭവപ്പെട്ടെന്നുമാണ് മൂവരും ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. സുധീഷും തടപ്പണിക്കാരനാണ്.
തനിക്ക് വഴിയിൽക്കിടന്നു കിട്ടിയ മദ്യം മനോജിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് സുധീഷ് പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പലവട്ടം സുധീഷിനെ ചോദ്യം ചെയ്തിരുന്നു .ഇപ്പോഴും ഇയാൾ പൊലീസ് നീരീക്ഷണത്തിലാണ്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് മൂവരെയും പ്രവേശിപ്പിച്ചത്. വിദഗ്ധ ചികത്സ ആവശ്യമായതിനാൽ പിന്നീട് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
രാവിലെ 7.30 തോടെ അടിമാലി അപ്‌സര കുന്ന് ഭാഗത്തുനിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ മദ്യകുപ്പികിട്ടിയെന്നും വിവരം താൻ സുഹൃത്തായ മനോജിനെവ അറിയിച്ചെന്നും ഉടൻ മനോജ് എത്തി,തന്നോടൊപ്പം വീട്ടിലെത്തി മദ്യം വാങ്ങി കഴിച്ചെന്നുമാണ് സുധീഷ് പൊലീസിനെ അറിയിച്ചിട്ടുള്ളത്.
സംഭവം സംബന്ധിച്ച് സുധീഷ് പറയുന്നത്..
രാവിലെ 7 മണിയോടെ മിഷ്യൻ വാളിന് പെട്രോൾ വാങ്ങുന്നതിനായി വീട്ടിൽ നിന്നും അടിമാലിയിലെ പെട്രോൾ പമ്പിലേയ്ക്ക് തിരിച്ചു. അൽപദൂരം പിന്നിട്ടപ്പോൾ വഴിയിൽ കടലാസുപൊതി ശ്രദ്ധയിൽപ്പെട്ടു. എടുത്ത് നോക്കിയപ്പോൾ മദ്യക്കുപ്പിയാണെന്ന് മനസ്സിലായി.ഉടൻ വിവരം വീഡിയോ കോളിലൂടെ സുഹൃത്തായ മനോജിനെ അറിയിച്ചു.
പമ്പിലെത്തി, പെട്രോൾ വാങ്ങിയപ്പോഴേയ്ക്കും മനോജും എത്തി. തുടർന്ന് മനോജിനെയും കൂട്ടി അപ്സര കുന്നുഭാഗത്തെ വീട്ടിലെത്തി. ഇവിടെ വച്ച് മനു കുപ്പിപൊട്ടിച്ച് മദ്യം കഴിച്ചു. ഈ സമയത്താണ് സമീപത്ത് താമസിക്കുന്ന അമ്മാവൻ കുഞ്ഞുമോൻ വരുന്നത്. പിന്നാലെ അനുവും എത്തി. ഇവരും മദ്യം കഴിച്ചു.
സ്വാദ് മാറ്റം ഉണ്ടെന്ന് മനോജ് പറഞ്ഞപ്പോൾ കുപ്പിയിൽ ഉണ്ടായിരുന്നത് മദ്യം തന്നെയാണോ എന്ന് സംശയമായി. തീകൊളുത്തി നോക്കി ഉറപ്പിയ്്ക്കാമെന്ന് കരുതി. തീകൊളുത്തിയപ്പോൾ ദ്രാവകം കത്തി. ചൂടിൽ കുപ്പി ഭാഗീകമായി ഉരുകി നശിച്ചു.അവശേഷിച്ച ദ്രാവകം മറ്റൊരു കൂപ്പിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്.
പ്രാഥമീക അന്വേഷണത്തിൽ സുധീഷിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ സംഭവത്തിന് പിന്നിലെ ദുരൂഹതകൾ വെളിച്ചത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് പൊലീസ് സംഘത്തിന്റെ പ്രതീക്ഷ.
മറുനാടന് മലയാളി ലേഖകന്.