- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലിയിൽ ക്ഷേത്രോത്സവത്തിൽ ആദിവാസി യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ല; സൽക്കാര ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിന്റെ കാര്യത്തിൽ സിപിഎം അന്വേഷണം നടത്തും; മർദ്ദനമേറ്റ യുവാവിനെ സംരക്ഷിച്ചത് വിശ്വാസികളാണ്; തുടക്കത്തിൽ പൊലീസ് ഇടപെടലും ഫലപ്രദമായില്ല; വിശദീകരണവുമായി ശാന്തിഗിരി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്
അടിമാലി: ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അനിഷ്ട സംഭവങ്ങൾ വിശ്വാസികളിൽ കടുത്ത മനോവേദന സൃഷ്ടിച്ചിരുന്നെന്നും ഇതിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ സമുദായത്തിനോ ബന്ധമുള്ളതായി കരുതുന്നില്ലന്നും സംഭവം യാദൃശ്ചീകം മാത്രമെന്നും അടിമാലി ശാന്തിഗിരി ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ദേവരാജൻ ചെമ്പോത്തിങ്കൽ. സംഭവത്തിൽ ഇന്നലെ സിപിഎം അടിമാലി ഏര്യകമ്മറ്റി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വാർത്ത സമ്മേളനം വിളിച്ചുചേർത്താണ് സംഭവത്തിൽ പാർട്ടി നിലപാട് വിശദീകരിച്ചത്.
സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലന്നും അറസ്റ്റിലായ സൽക്കാര ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം തേടിയപ്പോഴാണ് സംഭവത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് നിലപാട് വിശദമാക്കിയത്. പള്ളിവേട്ട പുറപ്പെടലിന്് ഒരുക്കം നടക്കുന്നതിനിടെയായിരുന്നു ജനക്കൂട്ടത്തെ ഞെട്ടിച്ച് ആക്രമണ പരമ്പരയുണ്ടായത്. അക്രമികൾ ചെരിപ്പിട്ട് മതിൽക്കെട്ടിനുള്ളിൽ കടന്നു. തല്ലുകൊണ്ട് അവശനിലയിലായ ആളെ ക്ഷേത്രത്തിലുണ്ടായിരുന്ന വിശ്വാസികളിൽ ചിലർ സംരക്ഷിച്ച് പൊലീസിന് കൈമാറുകയായിരുന്നു. അക്രമം ചെറുക്കുന്നതിനിടെ വിശ്വസികളിൽ ഏതാനും പേർക്കും പരിക്കേറ്റിരുന്നു.
ആരംഭത്തിലെ പൊലീസ് ഇടപെടൽ ഫലപ്രദമായില്ല. ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടയിൽ സി ഐയെ താൻ മൊബൈലിൽ ബന്ധപ്പെട്ടതോടെ കൂടുതൽ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയായിരുന്നു.ഉത്സവ ആഘോഷ പരിപാടികൾ ഒരു മണിക്കൂറിലേറെ തടസപ്പെട്ടു. എല്ലാ ജന വിഭാഗങ്ങളും സഹകരിച്ചാണ് ക്ഷേത്രത്തിലെ ഉത്സവ ആഘോഷ പരിപാടികൾ നടത്തുന്നത്. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന മുഴുവൻ പേർക്കും വിഭവ സമൃദ്ധമായ അന്നദാനം നടത്തുന്നുണ്ട്.പൊതുജനങ്ങളൽ നിന്നുള്ള വിഭവ സമാഹരണത്തിലൂടെയാണ് ഇത് സാധ്യമാവുന്നത്. എല്ലാ വിഭാഗം ജനങ്ങളും ഇതിനോട് സഹകരിക്കുന്നുണ്ട്്.
ക്ഷേത്രത്തിലെ ഉത്സവ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വലിയ തോതിൽ ആദിവാസി സമൂഹം എത്തുന്നത് പതിവാണ്. ക്ഷേത്രത്തിലേയ്ക്കുള്ള പടികൾ ഒറ്റക്കാലിൽ കയറുന്നതിന് വഴിപാട് നേർന്നിരുന്ന ഇവരിൽപ്പെട്ട യുവാവാണ് മർദ്ദനത്തിനിരയായതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് - അദ്ദേഹം വിശദമാക്കി.
സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങിനെ:
ഫെബ്രുവരി 17-ന് രാത്രി 8 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്റ്റേജിൽ ചെണ്ട ഫ്യൂഷൻ പരിപാടിയുടെ ട്രയൽ നടക്കുന്നതിനിടെയായരുന്നു ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ഫെബ്രുവരി 18-നാണ് സംഭത്തിൽ അടിമാലി പൊലീസ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്യുന്നത്. ക്ഷേത്ര മതിൽക്കെട്ടിന് ഉള്ളിൽ കടന്ന്, ഉത്സവ ആഘോഷ പരിപാടികൾ അലങ്കോലമാക്കിയെന്ന് കാണിച്ച് ക്ഷേത്രഭരണസമിതി നൽകിയ പരാതിയാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ അടിമാലി മന്നാംകാല കുളങ്ങര ജസ്റ്റിൻ(42),സി പി എം അടിമാലി സൽക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരിൽ സഞ്ജു(36),സഹോദരൻ സനോജ്(34) എന്നിവർക്കും കണ്ടാൽ അറിയാവുന്ന മറ്റുമൂന്നുപേർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ ഇവരിൽ ആരെയും 18-ന് പൊലീസ് അറസ്റ്റു ചെയ്തില്ല. രാഷ്ട്രീയ സമ്മർദ്ദം മൂലം പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുന്നില്ലന്നാരോപിച്ച് തൊട്ടടുത്ത ദിവസം എസ്എൻഡിപിയുടെ നേതൃത്വത്തിൽ അടിമാലിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
ജസ്റ്റിനും സഞ്്ജുവും യുവാക്കളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഫെബ്രുവരി 20 -നാണ് ജസ്റ്റിൻ ,സഞ്ജു, സനോജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയ 3 പേരും റിമാന്റിലായി.രണ്ട് ദിവസം റിമാന്റിൽ കഴിഞ്ഞ ശേഷം 23 -ന് ജാമ്യം നേടി പുറത്തിറങ്ങിയ ഇവരിൽ ജസ്റ്റിനും സഞ്ജുവും വീണ്ടും അറസ്റ്റിലായി.
മർദ്ദനമേറ്റ വണ്ണപ്പുറം പുളിക്കത്തൊട്ടി വിനീതി(21)ന്റെ മൊഴി പ്രകാരം എസ്സി എസ്ടി ആക്ട് കൂടി ഉൾപ്പെടുത്തി ചാർജ്ജ് ചെയ്ത കേസിലാണ് അടിമാലി പൊലീസ് വീണ്ടും ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. ഹരിജന പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കാത്ത പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് രണ്ടാമതും ഇവർക്കെതിരെ കേസെടുത്തതെന്നാണ് സൂചന.
ഭീതിവിതച്ച് അക്രമികളുടെ അഴിഞ്ഞാട്ടം
ചെണ്ടമേളം സ്റ്റേജിൽ നടക്കുമ്പോൾ ജസ്റ്റിനും സഞ്ജുവും സനോജും പരാതിക്കാരനായ വിനീതും ഉൾപ്പെട്ട സംഘം താളംപിടിയക്കലും തുള്ളലുമൊക്കൊയായി സമീപത്തെ റോഡിൽ തമ്പടിച്ചിരുന്നു. ഇതിനിടയിൽ ഇതുവഴി ഒരു കാർ എത്തി.ഈ സമയം കാർ കടത്തിവിടാതെ മുന്നിൽ നിന്നുതുള്ളുകയായിരുന്ന ആളെ വിനീതും കൂടെയുള്ളവരും ചേർന്ന് കൈയിൽപ്പിച്ച് വലിച്ചുമാറ്റി.വേദനിച്ചിട്ടാവാം ഇയാൾ അസ്വസ്ഥതത പ്രകടപ്പിക്കുന്നത് തൊട്ടടുത്തുണ്ടായിരുന്ന ജസ്റ്റിനും സുഹൃത്തുക്കളും കണ്ടു.
തുടർന്ന് പ്രകോപിതരായ ജസ്റ്റിനും കൂട്ടുകാരും ചേർന്ന് വിനീതിനെയും ഒപ്പമുണ്ടായിരുന്ന വഞ്ചിക്കല്ല് തട്ടേക്കാട്ടിൽ വീട്ടിൽ അമൽ ചന്ദ്രൻ(20),മാമലക്കണ്ടം എളംബ്ലാശേരിക്കുടി നിവാസികളായ അപ്പു(19),സുധീഷ് ഉണ്ണി(23) എന്നിവരെ ആക്രമിച്ചു. അടിയും ഇടിയും ഏറ്റ് അവശനായതോടെ രക്ഷയ്ക്കായി വിനീത് അരയിൽക്കരുതിയിരുന്ന കത്തിയെടുത്തു.ഒരു നിമിഷം ജസ്റ്റിനും കൂട്ടരും പകച്ചുനിന്നപ്പോൾ വിനീതും കൂട്ടരും അന്നദാനം നടക്കുന്ന ഭാഗത്തേയ്ക്ക് ഓടി,ഒളിക്കുന്നതിന് നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല.
സഞ്ജുവും കൂട്ടരും പിൻതുടർന്നെത്തി ഇവിടെ വച്ചും വീനീതിനെയും കൂട്ടുകാരെയും ക്രൂരമായി ആക്രമിച്ചു.കണ്ടുനിന്നവരിൽ ഭീതി ജനിപ്പിക്കും വിധമായിരുന്നു അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. പിന്മാറണമെന്ന് ക്ഷേത്ര ഭരണസമിതിയംഗങ്ങളും വിശ്വാസികളിൽ ഒരു വിഭാഗവും ആവശ്യപ്പെട്ടെങ്കെലും ഫലമുണ്ടായില്ല.ഒടുവിൽ ആൾ്ക്കൂ്ട്ടം ബലപ്രയോഗിച്ചാണ് ആക്രമികളെ ഇവിടെ നിന്നും ഒഴിവാക്കിയത്.ഈ ബല പ്രയോഗത്തിനിടയിലാണ് വിശ്വാസികൾക്ക് പരിക്കേറ്റത്.ആക്രമണം മൂലം ഉത്സാവാഘോഷം ഒരു മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു.
മറുനാടന് മലയാളി ലേഖകന്.