- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനഃപൂർവ്വം കൊലപാതകം നടത്തിയതല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും പ്രിയരഞ്ജന്റെ മൊഴി; പ്രതിയുടെ ഭാര്യ അപവാദ പ്രചരണം നടത്തുന്നുവെന്ന് പരാതി; ആദിശേഖറിനെ കൊന്ന ക്രൂരന് ലൈസൻസ് നഷ്ടമാകും; ഗൾഫിൽ നിന്നെത്തിയ ഭാര്യയ്ക്കെതിരേയും അന്വേഷണം
കാട്ടാക്കട: പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖർ(15) കൊല്ലപ്പെട്ട കേസിലെ പ്രതി പ്രിയരഞ്ജൻ കുറ്റസമ്മതം നടത്തി. സംഭവം നടന്ന പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെത്തിച്ച് തെളിവെടുപ്പു നടത്തിയപ്പോൾ പ്രതി എല്ലാം സമ്മതിച്ചു. മനഃപൂർവം ചെയ്തതല്ലെന്നും അബദ്ധവശാൽ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നുമാണ് പ്രിയരഞ്ജൻ പറഞ്ഞത്. മനഃപൂർവ്വം കൊലപാതകം നടത്തിയതല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ പുതിയൊരു ആരോപണവും സംഭവത്തിൽ ഉയരുകയാണ്.
പ്രിയരഞ്ജന്റെ ബന്ധുക്കൾ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദപ്രചാരണം നടത്തുന്നതായി, മരിച്ച ആദിശേഖറിന്റെ അച്ഛൻ അരുൺകുമാർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പ്രതി കുട്ടിയെ ഇടിച്ചിട്ടതാണെന്നു വ്യക്തമാക്കുന്ന സി.സി. ടി.വി. ദൃശ്യം പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ പരാതി നൽകിയത്. അതിനുശേഷമാണ് അപവാദപ്രചാരണമെന്നും ഇതിനു പിന്നിൽ പ്രതിയുടെ ഭാര്യയാണെന്നും ഇ-മെയിൽ വഴി നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഗൾഫിൽ നിന്നെത്തിയതാണ് ഭാര്യ. അപകടമറിഞ്ഞാണ് ഭാര്യ ഗൾഫിൽ നിന്നെത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ ആദിശേഖറിന്റെ മാതാപിതാക്കളെ അധിക്ഷേപിക്കുന്നതിനു പിന്നിൽ പ്രിയരഞ്ജന്റെ ഭാര്യയാണെന്ന് തെളിവെടുപ്പുസമയത്ത് അരുൺകുമാറിന്റെ ബന്ധുക്കൾ മാധ്യമപ്രവർത്തകരോടു പറഞ്ഞുിരുന്നു. പ്രിയരഞ്ജന് ആദിശേഖറിനോടു മുൻവൈരാഗ്യമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്രപരിസരത്ത് ഇയാൾ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യംചെയ്തിരുന്നു. അന്ന് ആദിശേഖറിനെ വഴിയിൽ തടഞ്ഞുനിർത്തി പ്രിയരഞ്ജൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇവർ പറയുന്നു. ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് വൻ പൊലീസ് സന്നാഹത്തോടെ പ്രിയരഞ്ജനെ പുളിങ്കോട്ട് തെളിവെടുപ്പിനെത്തിച്ചത്. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് ഇയാൾ പൊലീസിനോടു വിശദീകരിച്ചു.
പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അദ്ധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറാ(15)ണ് ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളിക്ഷേത്രത്തിനു മുന്നിൽെവച്ച് കാറിടിച്ചു മരിച്ചത്. ക്ഷേത്രത്തിനു മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ മുൻവൈരാഗ്യത്താൽ പ്രിയരഞ്ജൻ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അലക്ഷ്യമായി വാഹനമോടിച്ച് ഉണ്ടാക്കിയ അപകടമെന്ന നിലയിലാണ് ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപകടത്തിന്റെ സി.സി. ടി.വി. ദൃശ്യം പുറത്തുവന്നതോടെ വിശദമായ അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി. ഇതോടെ കൊലക്കുറ്റം ചുമത്തി.
അതിനിടെ ആദിശേഖറിനെ ഇടിച്ചിട്ട കാർ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക് കാർ ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചത്. പൂവച്ചലിൽ അപകടമുണ്ടായ സ്ഥലത്തും ഇവർ പരിശോധന നടത്തി. പ്രിയരഞ്ജൻ ഓടിച്ചിരുന്ന ഈ കാറിന് തകരാറുകളില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിന്റെ വിവരങ്ങൾ പരിശോധിച്ചശേഷം പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളുണ്ടാകും. ആദിശേഖർ സഞ്ചരിച്ചിരുന്ന സൈക്കിളും ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ഒക്ടോബർ നാലിന് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി.
മറുനാടന് മലയാളി ബ്യൂറോ