- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ ബാറ്ററി പൊട്ടിയാൽ ഇത്രയും വലിയ സ്ഫോടനമുണ്ടാകില്ലെന്ന വാദം അന്ന് മുഖവിലയ്ക്കെടുത്തില്ല; ഫോറൻസിക് പരിശോധനയിൽ തെളിയുന്നത് സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം; ആദിത്യശ്രീയുടെ ജീവൻ എടുത്തത് തീവ്രവാദ ഇടപെടലോ? ഏപ്രിലിലെ മരണത്തിന് നവംബറിൽ തുമ്പെത്തുമ്പോൾ
തൃശൂർ: ഏഴുമാസം മുൻപു തിരുവില്വാമല പട്ടിപ്പറമ്പിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ആദിത്യശ്രീ (8)യുടെ മരണത്തിന് ഇടയാക്കിയതും ഭീകരാക്രമണമോ? മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ് വരികയാണ്. ഫോൺ പൊട്ടിത്തെറിച്ചിട്ടില്ലെന്നും കുട്ടി മരിച്ചതു മറ്റൊരു സ്‌ഫോടനത്തിലൂടെയാണെന്നും ഫൊറൻസിക് പരിശോധനാഫലം പുറത്തു വന്നു. ഇതോടെയാണ് സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാവദ സംശയങ്ങളുയരുന്നത്.
കുട്ടിയുടെ ശരീരത്തിലും കിടക്കയിലും പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെയാണ് സ്‌ഫോടക വസ്തു സാന്നിധ്യം ഉറപ്പിച്ചത്. ഇതോടെ ചെറു സ്‌ഫോടനമുണ്ടായി എന്നാണ് പൊലീസ് നിഗമനം. എന്നാൽ വൈകി കിട്ടിയ റിപ്പോർട്ടിൽ ഇനി വിശദ അന്വേഷണം ഏറെ ബുദ്ധിമുട്ടുള്ളതാകും. അതുകൊണ്ട് തന്നെ ആദിത്യ ശ്രീയുടെ മരണത്തിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുക അസാധ്യമാണ്. ആദിത്യ ശ്രീ മരിച്ചപ്പോൾ തന്നെ സ്‌ഫോടനമാണുണ്ടായതെന്ന നിഗമനം ശക്തമായിരുന്നു. എന്നാൽ പൊലീസ് മൊബൈൽ ഫോണിന് പിന്നാലെ പോയി.
സംഭവം നടന്ന അന്നു തന്നെ ഇതു സംബന്ധിച്ച സംശയങ്ങൾ മറുനാടൻ ഉന്നയിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഫോറൻസിക് പരിശോധനാ ഫലം. മുത്തശ്ശി ഗുളികയെടുക്കാൻ പോയപ്പോൾ പൊട്ടിത്തെറി കേട്ടു; ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് ആദിത്യശ്രീ; ഞെട്ടൽ വിട്ടുമാറാതെ അമ്മൂമ്മ; വിശദ അന്വേഷണം വേണമെന്ന് ആദിത്യശ്രീയുടെ അച്ഛൻ; മൊബൈലിന്റെ ബാറ്ററി പൊട്ടിയാൽ ഇത്രയും വലിയ സ്ഫോടനമുണ്ടാകുമോ? ഫോറൻസിക് പരിശോധന നിർണ്ണായകം-ഏപ്രിലിൽ മറുനാടൻ നൽകിയ വാർ്ത്തയുടെ തലവാചകമായിരുന്നു. എന്നാൽ അന്ന് ഈ ദിശയിൽ അന്വേഷണം പൊലീസ് നടത്തിയില്ല. ഇനി പ്രതികളെ കണ്ടെത്തുക അസാധ്യവും.
ഇപ്പോഴും മറ്റ് ബാഹ്യ ഇടപെടലുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും പൊലീസിനുണ്ട്. പറമ്പിൽ നിന്നോ മറ്റോ ലഭിച്ച പടക്കം പോലുള്ള സ്‌ഫോടകവസ്തു കുട്ടി കിടപ്പുമുറിയിൽ കൊണ്ടുവന്നു കടിച്ചതാകാം അപകടകാരണമെന്നു സംശയിക്കുന്നു. സംഭവത്തെപ്പറ്റി പ്രതികരിക്കാൻ കുട്ടിയുടെ വീട്ടുകാർ തയാറായില്ല. ഫൊറൻസിക് റിപ്പോർട്ട് വന്നതോടെ കേസ് വീണ്ടും തുറന്നെന്നും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും പൊലീസ് അറിയിച്ചു. എന്നാൽ അന്വേഷണത്തെ സ്വാധീനിക്കുന്ന വിവരങ്ങളൊന്നും കിട്ടിയില്ല. ഏതായാലും നിരീക്ഷണവും ചോദ്യം ചെയ്യലും പൊലീസ് തുടരും.
പട്ടിപ്പറമ്പ് കുന്നത്ത് അശോക്കുമാറിന്റെയും സൗമ്യയുടെയും ഏകമകളും ക്രൈസ്റ്റ് ന്യൂലൈഫ് സ്‌കൂൾ വിദ്യാർത്ഥിയുമായ ആദിത്യശ്രീ കഴിഞ്ഞ ഏപ്രിൽ 24നു രാത്രി 10.30ന് ആണു കിടപ്പുമുറിയിൽ സ്‌ഫോടനത്തിൽ മരിച്ചത്. അശോകും സൗമ്യയും തിരുവില്വാമലയിലെ ജോലിസ്ഥലത്തുനിന്നു തിരിച്ചെത്തുന്നതിനു മുൻപായിരുന്നു അപകടം. അശോകിന്റെ അമ്മ സരസ്വതി ഫോൺ മുറിയിൽ വച്ചശേഷം അടുക്കളയിലേക്കു പോയസമയത്താണു പൊട്ടിത്തെറിയുണ്ടായത്.
ആ ഫോൺ ആണു കുട്ടിയുടെ കയ്യിലിരുന്നു പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ഡിസ്‌പ്ലേ പൊട്ടിയ നിലയിലായിരുന്നു. ബാറ്ററി പൊട്ടിത്തെറിക്കുന്ന തരത്തിലുണ്ടായ 'കെമിക്കൽ ബ്ലാസ്റ്റ്' ആണ് അപകടകാരണമെന്നായിരുന്നു ആദ്യ നിഗമനം. ഫൊറൻസിക് പരിശോധനയിൽ ബാറ്ററി പൊട്ടിത്തെറിച്ചിട്ടില്ലെന്നു കണ്ടെത്തി. ഇതിനൊപ്പമാണ് സ്‌ഫോടക വസ്തുവിന്റെ സാധ്യത കണ്ടെത്തുന്നത്. തൃശൂരിൽ ഐസിസ് മോഡ്യൂളുകൾ സജീവമാണ്. അവർ പല പരീക്ഷണ സ്‌ഫോടനങ്ങളും നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അതുകൊണ്ടാണ് ആദിത്യ ശ്രീയുടെ മരണം ദുരൂഹമാകുന്നതും.
വീര്യമേറിയ സ്‌ഫോടനങ്ങൾക്കുപയോഗിക്കുന്ന രാസവസ്തുക്കളുടെ പട്ടികയിൽപ്പെട്ട പൊട്ടാസ്യം ക്ലോറേറ്റിന്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ കണ്ടതോടെ ദുരൂഹതയുണർന്നു. സൾഫറിന്റെ സാന്നിധ്യവും കണ്ടെത്തി. കുട്ടി സമീപത്തെ പറമ്പുകളിലെവിടെയെങ്കിലും കളിക്കാൻ പോയപ്പോൾ, പന്നിപ്പടക്കം പോലെ എന്തെങ്കിലും സ്‌ഫോടകവസ്തു ലഭിച്ചിരിക്കാം എന്ന സാധ്യതയ്ക്ക് അപ്പുറം അന്വേഷണം കൊണ്ടു പോകേണ്ടതുണ്ട്. കേന്ദ്ര ഏജൻസിയായ എൻഐഎയും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2023 ഏപ്രിലിൽ മറുനാടൻ നൽകിയ വാർത്തയുടെ പൂർണ്ണ രൂപം
മുത്തശ്ശി ഗുളികയെടുക്കാൻ പോയപ്പോൾ പൊട്ടിത്തെറി കേട്ടു; ഓടിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് ആദിത്യശ്രീ; ഞെട്ടൽ വിട്ടുമാറാതെ അമ്മൂമ്മ; വിശദ അന്വേഷണം വേണമെന്ന് ആദിത്യശ്രീയുടെ അച്ഛൻ; മൊബൈലിന്റെ ബാറ്ററി പൊട്ടിയാൽ ഇത്രയും വലിയ സ്ഫോടനമുണ്ടാകുമോ? ഫോറൻസിക് പരിശോധന നിർണ്ണായകം
തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പേരക്കുട്ടി മരിക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിൽ മുത്തശ്ശി സരസ്വതി. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. ഈ സമയം മുത്തശ്ശി മാത്രമാണ് ആദിത്യശ്രീയ്ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. വലിയൊരു പൊട്ടിത്തെറി കേട്ടാണ് ഓടിയെത്തിയത്. നോക്കുമ്പോൾ പേരക്കുട്ടി ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് സരസ്വതി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദ പരിശോധന നടത്താൻ ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിരുന്നു. ഫോൺ പൊട്ടിത്തെറിച്ചാണ് അപകടം നടന്നിരിക്കുന്നതെന്നാണ് ഫൊറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. പക്ഷേ സ്ഥിരീകരണമായിട്ടില്ല.
പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടി. ഗുളികയെടുക്കാൻ താൻ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ട് എത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തശ്ശി പറഞ്ഞു. സംഭവം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് കുട്ടിയുടെ പിതാവ് അശോക് കുമാർ ആവശ്യപ്പെട്ടു. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ റെഡ്മി കമ്പനിയുടേതാണ്. മൂന്നുവർഷം മുമ്പു അച്ഛന്റെ അനിയൻ സമ്മാനിച്ചതായിരുന്നു ഈ മൊബൈൽ ഫോൺ. ഫോൺ വാങ്ങിയത് പാലക്കാട്ടെ ചെന്നൈ മൊബൈൽസ് എന്നകടയിൽനിന്നാണ്. തുടർന്നു ബാറ്ററി കേടായപ്പോൾ കഴിഞ്ഞ വർഷം പുതിയ ബാറ്ററി മാറ്റിയതും ഇതെ കടയിൽനിന്നാണെന്നും വീട്ടുകാർ പൊലീസിനു മൊഴി നൽകി.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മെബൈൽ ഫോണിൽ ഗെയിംകളിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചത് പിതാവ് അശോക് കുമാർ ഉപയോഗിക്കുന്ന ഫോണാണ്. ആദിത്യശ്രീ പഠനാവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബായിരുന്നു. ഇന്നലെ ടാബിൽ ചാർജ് കഴിഞ്ഞതോടെ ഇത്ചാർജിനുവേണ്ടി കുത്തിവെച്ചതായിരുന്നു. ഈ സമയത്താണ് പിതാവ് വീട്ടിൽവെച്ച മൊബൈൽ ഫോൺ ഉപയോഗിച്ചു ആദിത്യശ്രീ ഗെയിം കളിക്കാനിരുന്നത്.
മൊബൈൽ ചാർജ്‌ചെയ്തുകൊണ്ടായിരുന്നോ ഉപയോഗിച്ചിരുന്നത് എന്നതു വ്യക്തമല്ലെന്നും ഇത്തരത്തിലുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന പഴയന്നൂർ എസ്.എച്ച്.ഒ പി.ബി ബിന്ദുലാൽ മറുനാടനോട് പറഞ്ഞു. മൊബൈൽ ഫോൺപൊട്ടിത്തെറിച്ച് കുഞ്ഞു മരിക്കാനിടയായതിൽ ഇപ്പോഴും നിരവധി അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ബാറ്ററിയാണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനമെങ്കിലും ഫോറൻസിക് പരിശോധനാഫലം വന്നു കഴിഞ്ഞാലെ ഇതിൽ വ്യക്തതവരികയുള്ളു.
ബാറ്ററിയുടെ ഭാഗങ്ങളാണ് കൂടുതൽ ഛിന്നഭിന്നമായിട്ടുള്ളത്. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺവാങ്ങിയ കടക്കാരുടെ മൊഴിയും ഉടൻ തന്നെ പൊലീസ് രേഖപ്പെടുത്തും. ഒരു വർഷം മുമ്പു മാറ്റിയതു കമ്പനിയുടെ ഒറിജിനൽ ബാറ്ററി തന്നെയാണോയെന്നും ഇതോടെ വ്യക്തമാകും.




