മലപ്പുറം: സിപിഎം അനുകൂല സൈബർ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ അഡ്വ.ജഹാംഗീർ ആമിന റസാഖിനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ച പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്ട് പ്രകാരമാണ് കേസ്. മലപ്പുറം സിജെഎം കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ അഭിഭാഷകൻ കൂടിയായ ജഹാംഗീർ ആമിന റസാഖ് വിവിധ അച്ചടി, ഓൺലൈൻ മാധ്യമങ്ങളിൽ കോളങ്ങളും എഴുതാറുണ്ടായിരുന്നു. പ്രമാദമായ പലകേസുകളിലും നിലപാടുകൾ പറഞ്ഞു ജഹാംഗീർ ആമിന റസാഖ് രംഗത്തുവരാറുണ്ട്. ഇത്തരത്തിലുള്ള വ്യക്തിക്കെതിരെയുള്ള ആരോപണത്തെ കുറിച്ചു കഴിഞ്ഞ ദിവസങ്ങളിൽതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ ഒരു മാധ്യമത്തിലൂടെ വീട്ടമ്മ ജഹാംഗീറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഏലത്തൂരിൽ കേസെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഏലത്തൂർ പൊലീസ്.

പതിനാറ് വർഷം മുമ്പ് അഡ്വ. ജഹാംഗീർ നിയമ വിദ്യാർത്ഥിയായിരിക്കെ ഒരു ട്യൂഷൻ സെന്ററിൽ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. ആ ട്യൂഷൻ സെന്ററിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു യുവതി. തന്റെ വിദ്യാർത്ഥിനിയായിരുന്ന യുവതിയോട് അക്കാലത്ത് ജഹാംഗീർ പ്രണയം പറഞ്ഞെന്നും എന്നാൽ വിവാഹത്തിന്റെ വക്കിൽ വരെയെത്തിയ ബന്ധത്തിൽ നിന്നും ജഹാംഗീർ കാരണമില്ലാതെ പിന്മാറിയെന്നുമായിരുന്നു ഈ യുവതി ആരോപിച്ചിരുന്നത്. അതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് 2018 ലാണ് ജഹാംഗീർ വീണ്ടും യുവതിയെ കാണുന്നത്.

വിവാഹിതയായിരുന്ന യുവതി അന്ന് ഭർത്താവുമായി പിണങ്ങി നിൽക്കുകയായിരുന്നു. യുവതിയോട് അടുത്ത ജഹാംഗീർ മുമ്പ് യുവതിയെ ഉപേക്ഷിച്ചതിൽ കുറ്റബോധമുണ്ടെന്നും ഭർത്താവിനെ ഡിവോഴ്സ് ചെയ്ത് വന്നാൽ കല്യാണം കഴിച്ചോളാമെന്നും വിശ്വസിപ്പിച്ചു. ജഹാംഗീറും ഡിവോഴ്സ് കഴിഞ്ഞ് നിൽക്കുകയാണെന്നാണ് അന്ന് യുവതിയോട് പറഞ്ഞതെന്നും യുവതി പരാതിയിൽ പറഞ്ഞു.

തുടർന്ന് യുവതിയുമായി അയാൾ ബന്ധം സ്ഥാപിക്കുകയും, വിവാഹവാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം മൊബൈലിൽ നഗ്‌നചിത്രങ്ങൾ പകർത്തിയെന്നും അവർ പറയുന്നു. ഇതിനെ പറ്റി യുവതി ചോദിച്ചിട്ടും ജഹാംഗീർ മറുപടി പറഞ്ഞില്ല. എന്നാൽ പിന്നീട് വിവാഹത്തിന്റെ കാര്യം യുവതി ചോദിക്കാൻ തുടങ്ങിയപ്പോൾ ജഹാംഗീർ ഫോൺ എടുക്കാതായെന്നുമാണ് യുവതി ആരോപിക്കുന്നത്. താൻ വീണ്ടും ചതിക്കപ്പെടുകയാണോ എന്ന് യുവതി സംശയിച്ചുതുടങ്ങുന്നത് അപ്പോഴാണ്. ചിത്രങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്.

താൻ മാത്രമല്ല, മറ്റ് മുപ്പതോളം സ്ത്രീകളും ഇയാളുടെ ചതിയിൽ വീണുപോയിട്ടുണ്ടെന്ന് യുവതി പറയുന്നു. തന്നെ ചതിച്ചാണ് ശാരീരികബന്ധത്തിലേർപ്പെട്ടതെന്ന് മനസിലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ അഡ്വ. ജഹാംഗീർ ആമിനാ റസാഖ് സിപിഎം അനുകൂല സൈബർ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

സൈബർ ഇടങ്ങളിൽ വളരെയധികം അറിയപ്പെടുന്ന സിപിഎം അനുകൂല പ്രൊഫൈലാണ് ജഹാംഗീറിന്റെത്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർക്കെതിരെ രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ് എറണാകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ഇയാളുടെ പരാതിയിന്മേലാണ്. കഴിഞ്ഞ പ്രളയത്തിൽ വടക്കൻ ജില്ലകളിൽ പ്രകൃതിദുരന്തങ്ങൾ സംഭവിച്ച് വലിയ നാശനഷ്ടങ്ങളുണ്ടായപ്പോൾ തെക്കൻ ജില്ലക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റും ഏറെ വിവാദമായിരുന്നു.