- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചതിന് പിന്നിൽ ഗൂഢാലോചനയോ? കൂടെ ഒന്നിലധികം പേരുണ്ടായിരുന്നുവെന്ന് മൊഴി; എങ്ങനെ കൊലപ്പെടുത്തിയെന്നത് ഇനിയും അജ്ഞാതം; മദ്യ ലഹരി വിട്ട ശേഷം ആ ക്രൂരൻ പറഞ്ഞത് പച്ചക്കള്ളം; ആലുവയെ ഞെട്ടിച്ച് 'അതിഥി തൊഴിലാളി'
കൊച്ചി: ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നിലവിൽ കസ്റ്റഡിയിലുള്ള അസ്ഫാഖ് ആലം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോൾ ഇനി ആറിയേണ്ടത് കൂട്ടുപ്രതികളെ കുറിച്ച്. ഒന്നിലധികം പേർ അസ്ഫാക്കിനൊപ്പമുണ്ടായിരുന്നുവെന്ന് മൊഴിയുണ്ട്. അത് ആരെല്ലാമെന്ന് കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ചെന്നും പ്രതി ആദ്യംനൽകിയ മൊഴികളെല്ലാം കളവായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ആലുവ ചൂർണിക്കര പഞ്ചായത്തിൽ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെയാണ് കൊലപ്പെടുത്തിയത്. കൊലയുടെ ഉദ്ദേശ്യവും വ്യക്തമല്ല. ആലുവ മാർക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് മാലിന്യക്കൂമ്പാരത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂർ പിന്നിട്ടശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പുറത്തു പറയുന്നില്ല.
അസ്ഫാഖ് ആലം പെൺകുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയിൽ രണ്ടുദിവസം മുൻപാണ് താമസത്തിനെത്തിയത്. താമസിക്കുന്ന മുറിയിൽ വൈദ്യുതിയില്ലാത്തതിനാൽ തൊട്ടടുത്ത വീട്ടിലെത്തി കണക്ഷൻ വലിച്ചോട്ടെയെന്ന് പ്രതി ചോദിച്ചിരുന്നു. എന്നാൽ അയൽവീട്ടുകാർ ഇതിന് സമ്മതിച്ചില്ല. തൊട്ടുപിന്നാലെയാണ് ബിഹാർ സ്വദേശികളുടെ മകളെ വീട്ടിൽനിന്ന് കാണാതായത്.
സ്കൂൾ അവധിയായതിനാൽ കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽനിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനൽകി. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. കടയിൽനിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയിൽപാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയി. ഇവിടെനിന്ന് ബസിൽ കയറി. തുടർന്ന് ഇയാൾ കുട്ടിയുമായി ആലുവ ബസ് സ്റ്റാൻഡിലെത്തി. പിന്നീട് പ്രതിയുടെ നീക്കങ്ങൾ ദുരൂഹമാണ്.
പ്രതിയായ അസ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാൽ ഇയാളിൽനിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ലഹരി വിട്ടതോടെയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന് ഇയാൾ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ ഇയാളുടെ മൊഴി കളവാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
ബിഹാറി ദമ്പതികൾക്ക് 4 മക്കളുണ്ട്. മക്കളിൽ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. ദമ്പതികൾ വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ