- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എകെജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിൻ ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി; 'ഡിയോ' സ്‌കൂട്ടർ കണ്ടെത്തിയത് കഠിനംകുളത്ത് നിന്ന് ക്രൈംബ്രാഞ്ചാണ്; സ്‌കൂട്ടർ ഒളിപ്പിച്ചത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവറുടെ സഹോദരന്റെ വീട്ടിൽ നിന്നും
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിൻ ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി. കഠിനംകുളത്ത് നിന്ന് ക്രൈംബ്രാഞ്ചാണ് 'ഡിയോ' സ്‌കൂട്ടർ കണ്ടെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ഡ്രൈവറുടെ സഹോദരന്റെ വീട്ടിൽ നിന്നാണ് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെ സ്‌കൂട്ടറാണ് പ്രതി ജിതിൻ സംഭവ ദിവസം ഉപയോഗിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എകെജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ആക്രമണസ്ഥലത്ത് നിന്ന് നിരോധിച്ച പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിധ്യം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. രാസവസ്തു എവിടെ നിന്ന് എത്തിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. ജിതിന് എതിരെ മറ്റു ഏഴു കേസുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ ജിതിനെ പ്രതിയാക്കിയത് രാഷ്ട്രീയ നാടകമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 150 സിസി ടിവികൾ പരിശോധിച്ചതിൽ നിന്ന് മുഖം കണ്ടില്ലെന്നു പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണ്. ജിതിൻ അല്ല സ്‌ഫോടക വസ്തു എറിഞ്ഞത്. ജിതിൻ നിരപരാധിയാണ്. ഏത് നിബന്ധനകളും പാലിക്കാം, ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായ ജിതിനെ അടുത്ത മാസം ആറുവരെയാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ യുവാവ് സ്‌ഫോടക വസ്തുവെറിഞ്ഞ് മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കൽ, സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ, സ്‌ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്ക്കൽ, സ്‌ഫോടനം നടത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.ഇന്നശൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ