- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ കെ ജി സെന്റർ ആക്രമണ ആസൂത്രണം പ്രാദേശിക നേതാക്കളുമായി ആലോചിച്ച്; സ്ഫോടക വസ്തു നിർമ്മിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചെന്നും റിമാൻഡ് റിപ്പോർട്ട്; ജിതിന് ഒരു സ്ത്രീയുടെ സഹായം ലഭിച്ചതായും അന്വേഷണ സംഘം
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജിതിൻ കൃത്യം നടത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിച്ചെന്ന് പൊലീസ്. ജിതിൻ ഇക്കാര്യം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ.
ജിതിന് ഒരു സ്ത്രീയുടെ സഹായം ലഭിച്ചതായി അന്വേഷണ സംഘം പറയുന്നു. ജിതിന്റെ സുഹൃത്തായ സ്ത്രീയാണ് ആക്രമണത്തിനായി സ്കൂട്ടർ എത്തിച്ച് നൽകിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗൗരീശപട്ടത്ത് കാറിൽ കാത്തുകിടന്ന ജിതിന് സുഹൃത്തായ സ്ത്രീയാണ് സ്കൂട്ടർ കൈമാറിയത്. എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ തിരിച്ചെത്തി ജിതിൻ സ്കൂട്ടർ ഇവർക്ക് തിരികെ നൽകി. തുടർന്ന് ഇവർ സ്കൂട്ടർ ഓടിച്ചുപോയെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് ശേഖരിച്ചു.
ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. ഫോറൻസിക് ലാബിലാണ് സൂപ്പർ ഇംപോസിങ് എന്ന പരിശോധന നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന സ്കൂട്ടർ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ആയിരുന്നു പരിശോധന. ഹോണ്ടയുടെ ഡിയോ സ്റ്റാൻഡേർഡ് വിഭാഗത്തിൽപ്പെട്ട സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.
റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
അതേസമയം, എകെജി സെന്ററിലേക്ക് എറിഞ്ഞ സ്ഫോടക വസ്തു നിർമ്മിക്കുന്നതിന് നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സ്ഫോടകവസ്തു എറിഞ്ഞതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക നേതാക്കളോടും സുഹൃത്തുകളോടും പ്രതി വിവരം പറഞ്ഞെന്നും സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (അഞ്ച്) റിമാൻഡ് ചെയ്തു.
സിപിഎം പ്രവർത്തകർ കെപിസിസി ഓഫിസ് ആക്രമിച്ചതിന്റെയും രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതിന്റെയും വിരോധത്തിലാണ് എകെജി സെന്റർ ആക്രമിച്ചതെന്നു പ്രതി സമ്മതിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിനായി വന്നത് സുഹൃത്തിന്റെ വാഹനത്തിലാണ്. സ്കൂട്ടറിന്റെ നമ്പർ അറിയില്ലെന്നാണ് മൊഴി. പ്രതിയുടെ സുഹൃത്തുക്കളായ പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ചാണ് കുറ്റകൃത്യം ചെയ്തത്. സംഭവം നടന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും വാഹനവും കണ്ടെത്താൻ പരിശോധന നടത്തിയെങ്കിലും ലഭിച്ചില്ല. പ്രതിയുടെ പേരിൽ വേറെയും കേസുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ബോംബെറിഞ്ഞയാൾ ഹോണ്ട ഡിയോ സ്കൂട്ടറിലാണ് വന്നത് എന്നു വ്യക്തമായതിനെ തുടർന്ന് 17,333 വാഹനങ്ങൾ ജില്ലയിൽ പരിശോധനയ്ക്കു വിധേയമാക്കി. വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ കോൾ ഡീറ്റൈൽസും പരിശോധിച്ചു. വിവിധ പാർട്ടികളുടെ ഹിറ്റ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് കുറ്റകൃത്യം നടത്തിയത് ജിതിനാണെന്നു രഹസ്യവിവരം ലഭിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. തുടർന്ന്, നോട്ടിസ് നൽകി ജിതിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തുകയും ഫോൺ പരിശോധിക്കുകയും ചെയ്തു.
അക്രമിയുടേതായി പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന തരത്തിലുള്ള ഷൂ ജിതിൻ ധരിച്ചതിന്റെ ഫോട്ടോ മൊബൈലിൽനിന്നും ലഭിച്ചു. വാട്സാപ്പ് ചാറ്റുകളും കോൾ ലിസ്റ്റും ഡിലീറ്റ് ചെയ്തിരുന്നതായി വ്യക്തമായി. പ്രതി ഒരു ഓൺലൈൻ ടാക്സി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ലൊക്കേഷൻ വിവരങ്ങൾ അവിടെനിന്ന് ശേഖരിച്ചപ്പോൾ സംഭവം നടന്ന ദിവസത്തെ ലൊക്കേഷൻ ഗൗരീശപട്ടമാണെന്ന് വ്യക്തമായി. ആക്രമണം നടന്ന ദിവസം പ്രതി ധരിച്ച ടി ഷർട്ട് പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രത്തിൽനിന്നും വാങ്ങിയതാണെന്നും തെളിഞ്ഞു. പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും സ്ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ ഉറവിടവും അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ