- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ സന്തോഷ് മാധവന്റെ കമ്പനി; വാചകമടിച്ച് ആളെ വീഴ്ത്താൻ വിരുതൻ; തന്റെ പുതിയ സംരംഭത്തിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തരമാക്കും; വിളിച്ചാൽ ഫോണെടുക്കുക സ്ത്രീകൾ; വീണ്ടും വിളിച്ചാൽ സ്ത്രീപീഡന പരാതി നൽകും; കെട്ടിടം നിർമ്മിച്ച് നൽകാമെന്ന പേരിൽ 30 ലക്ഷം തട്ടി; അലക്കുബിസിനസിന്റെ പേരിലും തട്ടിപ്പ്; തലസ്ഥാനത്തെ ലോറൻസ് ജോസഫിന് എതിരെ പരാതിപ്രളയം
തിരുവനന്തപുരം: എളുപ്പവഴിയിൽ എങ്ങനെ കാശുണ്ടാക്കാം എന്നാണ് ചിലരുടെ നോട്ടം. പാവങ്ങളെ തട്ടിച്ചുകാശുണ്ടാക്കുന്നതിൽ വിരുതുള്ളവരാണ് ഇവർ. തങ്ങളുടെ തട്ടിപ്പ് സംരംഭങ്ങളിൽ പെടുത്താൻ വാചകമടിച്ച് മയക്കാനും പലരും മിടുക്കരാണ്. ഫാം ഹൗസ്, റിയൽ എസ്റ്റേറ്റ്, അലക്കു കമ്പനി തുടങ്ങി ഒട്ടനേകം സ്ഥാപനങ്ങളുടെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിക്കുന്ന ഒരു വിരുതന്റെ കഥയാണ് ഇനി പറയുന്നത്. തലസ്ഥാന നഗരം കേന്ദ്രമാക്കി സംസ്ഥാനത്തുടനീളം ഇയാൾ തട്ടിപ്പുനടത്തിയിട്ടുണ്ട്. ഒരു പ്രാദേശിക നേതാവിന്റെ സഹായത്തോടെയാണ് തട്ടിപ്പെന്നും ആരോപണമുണ്ട്.
ലോറൻസ് ജോസഫിന്(60) എതിരെയുള്ള എഫ്ഐആർ പ്രകാരം ഇയാൾ പേയാട് ചേലപ്പാറ റോഡിൽ അഗസ്ത്യ ഗാർഡനിലെ അനിഴം വീട്ടിൽ താമസിക്കുന്നു. പത്രങ്ങളിൽ പ്രാദേശിക തലത്തിൽ തൊഴിലവസരം എന്ന് പറഞ്ഞു പരസ്യം ചെയ്യുകയാണ് പതിവ്. തനിക്ക് എല്ലാ മേഖലകളിലും കഴിവും പിടിപാടും ഉണ്ടെന്ന വ്യാജേന തൊഴിലന്വേഷകരെ വർഷങ്ങളായി വഞ്ചിച്ചുവരുന്നു എന്നാണ് ആരോപണം.
പത്രപരസ്യത്തിലൂടെയും, സോഷ്യൽ മീഡിയ വഴിയും ഇരകളെ കണ്ടെത്തി അവരെ ഫാം ഹൗസിൽ എത്തിച്ചു താൻ വലിയ കോടീശ്വരനാണെന്നു ചമഞ്ഞ് വാചകമടിച്ചുവീഴ്ത്തും. താൻ ഉടൻ തുടങ്ങുന്ന പ്രോജക്ടിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി കൂട്ടുകയാണ് പതിവ്. ഈ പണം ഉറപ്പായും നിക്ഷേപകന് നഷ്ടമാകും. ചതി അറിയാതെ പിന്നീട് വിളിക്കുമ്പോൾ പ്രൊജക്റ്റ് താമസിക്കും എന്ന് തന്റെ സിൽബന്ധികളായ സ്ത്രീകളെ കൊണ്ട് പറയിക്കും.
പദ്ധതി എന്തായെന്ന് അറിയാൻ വീണ്ടും വിളിച്ചാൽ, സ്ത്രീകളെ അപമാനിച്ചതിന് പൊലീസിൽ വ്യാജ പരാതി കൊടുക്കുന്നതാണ് തന്ത്രം. വ്യാജ പരാതിയെന്നു തെളിയുമ്പോൾ പൊലീസിനെതിരെ നീതി കിട്ടിയില്ല എന്ന് മറുപരാതി കൊടുത്തു രസീത് വാങ്ങുന്നു. വാങ്ങിയ പണം തിരികെ നൽകാതെ ഇങ്ങനെ കോടികൾ സമ്പാദിച്ചു കൂട്ടുകയാണ് പതിവ്.
വീട് വച്ച് നൽകാമെന്ന പേരിൽ ട്രാവൽ ഏജൻസി ഉടമ സുനിൽ കുമാറിൽ നിന്ന് നിന്നും 30 ലക്ഷം രൂപ തട്ടിച്ചു. സുനിലും അമ്മയും നൽകിയ പരാതിയിന്മേൽ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ഒറ്റശേഖരമംഗലം സ്വദേശി സുനിൽ കുമാറിന്റെ പരാതി
കാട്ടക്കട, ഒറ്റശേഖരമംഗലത്ത് വച്ചാണ് ലോറൻസ് ജോസഫിനെ പരിചയപ്പെടുന്നത്. അവിടെ നടന്ന് കൊണ്ടിരുന്ന റോഡ് പണിയുടെ കോൺട്രാക്ടർ ആണ് എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. സംസാരത്തിനിടയിൽ എന്റെ വീടു പണി തുടങ്ങാൻ പോവുകയാണ് എന്ന് ഞാൻ അയാളോട് പറഞ്ഞു. അയാൾ എ ക്ലാസ് ലൈസൻസുള്ള കോൺട്രാക്ടർ ആയതിനാൽ വീടുപണിക്കാവശ്യമായ സാധനസാമഗ്രികൾ കുറഞ്ഞ വിലക്ക് കിട്ടും എന്ന് പറയുകയും എന്റെ വീട് പണി ഏറ്റെടുക്കുകയും ചെയ്തു. അയാൾ തന്നെ മുൻകൈ എടുത്ത് എന്റെ വീടിന്റെ പ്ലാൻ വരയ്ക്കുകയും പത്ത് ലക്ഷം രൂപ ആദ്യഘട്ടത്തിൽ വാങ്ങുകയും ചെയ്തു.
ഉണ്ടായിരുന്ന വീട് പൊളിച്ച് ഞാനും കുടുംബവും വാടകവീട്ടിലേക്ക് മാറി. വീട് പണി കഴിഞ്ഞ് ഇട്ടിരിക്കുന്ന ഡ്രസ് മാത്രം വീട്ടിലേക്ക് കൊണ്ട് വന്നാൽ മതി. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും അവിടെ ഞാൻ സെറ്റ് ചെയതോളാം എന്ന് ഇയാൾ ഇടക്കിടക്ക് പറയുമായിരുന്നു. മെറ്റീരിയൽ ഇറക്കാൻ എന്ന് പറഞ്ഞ് വീണ്ടും പത്ത് ലക്ഷം രൂപ കൂടെ ഇതിനിടയിൽ വാങ്ങിയിരുന്നു. വീട്ടിലെക്ക് ആവശ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്ക് സാധനങ്ങളുടെ ലിസ്റ്റുമായി എന്നെയും വിളിച്ച് കൊണ്ട് കടയിൽ പോയി 8 ലക്ഷം രൂപയുടെ സാധനം അയാളുടെ പേരിൽ ബിൽ അടപ്പിച്ചു. ഞാൻ ജോലി സംബന്ധമായി യാത്രകൾ ചെയ്യുന്നതുകൊണ്ട് സാധനങ്ങൾ മാറ്റി വാങ്ങിക്കേണ്ടി വന്നാൽ എളുപ്പം വാങ്ങുന്നതിന് വേണ്ടിയാണ് ഇങ്ങനെ ബിൽ അയാളുടെ പേരിൽ അടയക്കുന്നത് എന്ന് അയാൾ പറഞ്ഞു. എന്നാൽ ഈ ബില്ലടച്ച സാധനങ്ങൾ എല്ലാം അയാൾ വാങ്ങി വേറേ എങ്ങോട്ടോ കൊണ്ട് പോയി. നോട്ട് നിരോധനത്തിന്റെ തലേന്ന് വീണ്ടും എന്റെ കയ്യിൽ നിന്നും 2 ലക്ഷം രൂപ കൂടി വാങ്ങി. ഇതിൽ 8 ലക്ഷത്തി അൻപതിനായിരം രൂപ തിരിച്ചു തന്നിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ധോബിവാല എന്ന് അലക്കുബിസിനസിന്റെ പേരിലും തട്ടിപ്പ്
ധോബിവാല എന്ന പേരിൽ ലോണ്ട്രി ബിസിനസ് നടത്തുന്നതിനായി നേമം സ്വദേശിയായ വീട്ടമ്മയെ പറ്റിച്ചതിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ശാസ്തമംഗലത്തെ ഇവരുടെ സ്ഥലവും കെട്ടിടവും ധോബിവാല എന്ന പേരിൽ ലോണ്ട്രി ബിസിനസ് നടത്താൻ വേണ്ടി ലോറൻസ് ജോസഫ് പ്രതിമാസം 30,000 രൂപയ്ക്ക് ലൈസൻസ് എഗ്രിമെന്റിന് ധാരണയായിരുന്നു. എന്നാൽ, ലൈസൻസ് നൽകാതെ വണ്ടിച്ചെക്ക് നൽകി പറ്റിക്കുകയായിരുന്നു. പരാതിക്കാരിയുടെ സമ്മതം ഇല്ലാതെ, കെട്ടിടത്തിന്റെ മുൻവാതലും, കട്ടിളയും വെട്ടിപ്പൊളിച്ച് കേടുപാടുകൾ വരുത്തി. കെട്ടിടത്തിന്റെ പകുതി ഭാഗം വാണിജ്യാവശ്യത്തിന് മാറ്റുന്നതിനായി ലോറൻസും ഭാര്യ ശിൽപ ലോറൻസും ചേർന്ന് വ്യാജ അപേക്ഷ കോർപറേഷനിൽ നൽകി തട്ടിപ്പു നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
സമാനമായ രീതിയിൽ, ഇവരുടെ തട്ടിപ്പിനിരയായവരുടെ പരാതികൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പൊലീസിന് ലഭിക്കുന്നുണ്ട്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുള്ള ഇയാൾ തിരുവനന്തപുരം, കണ്ണൂർ ജയിലുകളിൽ തട്ടിപ്പുകേസിന് അകത്തു കിടന്നിട്ടുണ്ട് സന്തോഷ് മാധവനുമായി ഇയാൾക്ക് ജയിലിൽ വെച്ച് ഉള്ള പരിചയം ഉണ്ടെന്നു പറയുന്നു. സന്തോഷ് മാധവന് ഒപ്പം നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് അനവധി ആളുകളെ ഇയാൾ പറ്റിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ