മലപ്പുറം: മലപ്പുറം വഴിക്കടവിൽ അറസ്റ്റിലായ പ്രീഡ്രിഗ്രിക്കാരനായ വ്യാജ ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നത് തന്റെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച്. ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികൾ നടത്തിയത് പുസ്തകങ്ങൾ വായിച്ചും ഇന്റർനെറ്റിൽ പരിശോധിച്ചു. വഴിക്കടവ് നാരോക്കാവിലെ അൽമാസ് ഹോസ്പിറ്റലിലെ വ്യാജ ഡോക്ടറും, ഹോസ്പിറ്റൽ ഉടമയും മാനേജറും ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചു വർഷമായി നാരോക്കാവിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടറെന്ന വ്യാജേന പ്രാക്ടീസ് ചെയ്തു വന്നിരുന്ന നോർത്ത് പറവൂർ മാവിൻ ചുവട് സ്വദേശി വെൺമലശ്ശേരി രതീഷിനേയും(41), ഇയാൾ വ്യാജഡോക്ടർ ആണെന്ന് അറിഞ്ഞിട്ടും ചികിത്സിക്കാനായി സൗകര്യം ചെയ്തു കൊടുത്ത ഹോസ്പിറ്റൽ ഉടമ കാളികാവ് ഐലാശ്ശേരി സ്വദേശി ഇട്ടേപ്പാടൻ മുഹമ്മദ് ഷാഫി(36), മാനേജർ പാണ്ടിക്കാട് സ്വദേശി കിണറ്റിങ്ങൽ സിദ്ദീഖ് സമീർ(30) എന്നിവരെയാണ് വഴിക്കടവ് എസ്.എച്ച്.ഒ മനോജ് പറയട്ടയ അറസ്റ്റു ചെയ്തത്.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡി.വൈ.എസ്‌പി സാജു.കെ.അബ്രഹാമിന്റെ നിർദ്ദേശപ്രകാരം വഴിക്കടവ് പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് അതീവ രഹസ്യമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. പൊലീസ് പരിശോധനക്കെത്തിയ സമയം ഇയാൾ രോഗികളെ ചികിത്സിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പ്രീഡിഗ്രി മാത്രം യോഗ്യതയുള്ള പ്രതിക്ക് കുറച്ചു കാലം എറണാംകുളത്ത് മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്ത പരിചയം മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. പ്രതിയുടെ പേരിന് സമാന രീതിയിലുള്ള മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പു നടത്തി വന്നിരുന്നത്.

ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികൾ ഇയാൾ പുസ്തകങ്ങൾ വായിച്ചും ഇന്റർനെറ്റിൽ പരിശോധിച്ചുമാണ് മനസ്സിലാക്കിയിരുന്നത് . മേഖലയിൽ മറ്റു പ്രധാന ഹോസ്പിറ്റലുകളില്ലാത്തതിനാൽ സാധാരണക്കാരടക്കം നിരവധി ആളുകളാണ് നിത്യേന ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയിരുന്നത്. രതീഷ് യഥാർത്ഥ ഡോക്ടറല്ല എന്ന കാര്യം ഹോസ്പിറ്റൽ ഉടമയായ ഷാഫിയും മാനേജർ സമീറും മനസ്സിലാക്കിയിരുന്നു.

ഇതോടെ ഇവിടെ നിന്നും പോകാൻ ശ്രമിച്ച രതീഷിനെ ഷാഫി ഭീഷണിപ്പെടുത്തി ഈ ഹോസ്പിറ്റലിൽ തന്നെ തുടരാൻ നിർബന്ധിക്കുകയായിരുന്നു. ഷാഫി രതീഷിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രതീഷ് മറ്റെവിടെയെങ്കിലും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിച്ചു വരുന്നുണ്ട്. പൊലീസ് പരിശോധന നടത്തിയ ഇന്നലെ മാത്രം ഇയാൾ 37 രോഗികളെ പരിശോധിച്ചിരുന്നു. ഇത്തരത്തിൽ ഒരു ദിവസം 40ഓളം രോഗികളെ ഇയാൾ പരിശോധിക്കാറുണ്ടായിരുന്നു.

മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അമീൻ ഫൈസലിന്റെ സാന്നിദ്ധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഫാർമസിസ്റ്റ് അടക്കമുള്ള മതിയായ അടിസ്ഥാന സൗകര്യമില്ലാതെയാണ് ഹോസ്പിറ്റൽ നടത്തിവന്നിരുന്നത്. എസ..ഐ വേണു.ഒ.കെ, എഎസ്ഐക മനോജ്, സിപിഒമാരായ വിനീഷ്, ഹരിപ്രസാദ്, ജിതിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ. എൻ.പി അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആശുപത്രിയിലെ വ്യാജ ഡോക്ടറെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നുവെന്ന വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയത്. രതീഷിനെ പുറത്തിറക്കിയതോടെ നാട്ടുകാർ കൂക്കിയും ചീത്ത വിളിക്കുകയും ചെയ്തു. ആശുപത്രിയുടെ ഉടമ ഷാഫി ഐലാശ്ശേരി, മാനേജർ പാണ്ടിക്കാട് സ്വദേശി ഷമീർ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്.