കൊച്ചി: ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം തട്ടിയെടുത്തെന്ന് ആരോപണം ഉയർന്നതിനു പിന്നാലെ മുഴുവൻ പണവും തിരികെ ലഭിച്ചു. പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവിനുമെതിരായാണ് സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്. പണം നൽകാതെ കബളിപ്പിച്ചു നടന്ന ഇയാളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പണം നൽകി നേതാവ് തടിയൂരിയത്.

മകളുടെ മരണത്തെ തുടർന്ന് വിവിധ സംഘടനകളുടെ സഹായമായി ലഭിച്ച പണം പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും ചേർന്ന് തട്ടിയെടുത്തെന്നാണ് പിതാവ് ആരോപിച്ചത്. പണം തിരികെ ലഭിച്ചെന്നും പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനിടെ, വാർത്ത നിഷേധിക്കാൻ പെൺകുട്ടിയുടെ പിതാവിനെ സമ്മർദം ചെലുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നു. വാർത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത്.

എന്നാൽ അതിന് തയ്യാറാവില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. മുനീറിന്റെ ഫോൺ സംഭാഷണം പരാതിക്കാരൻ റെക്കോർഡ് ചെയ്തു. തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ആലുവ റൂറൽ എസ്‌പി വിവേക് കുമാർ. സംഭവം പരിശോധിക്കുമെന്നും എസ്‌പിയും വ്യക്മാക്കി.

പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവ് പരാതിപ്പെട്ടത്. അന്ന് സ്മാർട് ഫോൺ ഇല്ലാത്തതിനാൽ പണം ലഭിച്ചത് എഴുതി സൂക്ഷിച്ച രേഖകൾ പിതാവിന്റെ പക്കലുണ്ട്. ഇതടക്കം പരാതി പറഞ്ഞതോടെ 70,000 രൂപ തിരികെ നൽകി. ഇന്ന് മാധ്യമങ്ങളിൽ ഇതേക്കുറിച്ച് വാർത്ത വന്നതോടെ മുഴുവൻ തുകയും തിരികെ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നൽകിയ അൻവർ സാദത്ത് എംഎൽഎയുടെ പേരിലും ഇവർ കബളിപ്പിച്ചിരുന്നു. വാടക അഡ്വാൻസിൽ തിരിമറി നടത്തി. പണം തട്ടിയ വിവരം ഒരു മാസം മുൻപ് കുട്ടിയുടെ വീട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നൽകി. ബാക്കി തുക ഡിസംബർ 20-നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകുകയും ചെയ്തു. ജീർണാവസ്ഥയിലുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയുടെ കുടുംബത്തെ അൻവർ സാദത്ത് എംഎൽഎ.യുടെ നേതൃത്വത്തിലാണ് നല്ല വാടകവീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉൾപ്പെടെ നൽകുന്നത് എംഎൽഎയാണ്.

വീടുമാറ്റത്തിനായി അഡ്വാൻസ് നൽകാനെന്ന പേരിൽ 20,000 രൂപ കോൺഗ്രസ് നേതാവും ഭർത്താവും ആദ്യം വാങ്ങിയെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. ഗൃഹോപകരണങ്ങൾ വാങ്ങാനെന്ന പേരിലാണ് പിന്നീട് തുക വാങ്ങിയത്. ജനകീയ കമ്മിറ്റി പ്രവർത്തകർ തായിക്കാട്ടുകര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങൾ വാങ്ങി നൽകിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റും ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും നൽകി. ഇതിന്റെ പേരിലും പണം തട്ടിയെന്ന് ആക്ഷേപമം ഉയർന്നിരുന്നു.