- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്ഫാക് ആലവുമായി വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അതിവൈകാരിക രംഗങ്ങൾ; പ്രതിക്ക് നേരെ രോഷത്തോടെ പാഞ്ഞടുത്തുകൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ; രോഷം കൊണ്ട് തിളച്ച് അയൽവാസികളെ പൊലീസ് ഇടപെട്ടു തടഞ്ഞു; പ്രതിയുമായി ആലുവ മാർക്കറ്റിലും തെളിവെടുപ്പ്; കൊടുംക്രൂരത പൊലീസിനോട് വിവരിച്ചു പ്രതി
ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ മുകളിൽ നിലയിലായിരുന്നു അസ്ഫാക് ആലം താമസിച്ചിരുന്നത്. വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ അസ്ഫാക് ആലം കടത്തിക്കൊണ്ടു പോകുന്നത്. അതുകൊണ്ടാണ് പ്രതിയുമായി പൊലീസ് ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്.
പ്രതിയുമായി വീട്ടിലെത്തിച്ചപ്പോൾ കുട്ടിയുടെ മാതാവും പിതാവും പ്രതിക്ക് നേരെ ആക്രോശിച്ച് കൊണ്ട് പാഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ പ്രതിക്ക് നേരെ കുട്ടിയുടെ പിതാവും രോഷത്തോടെ പാഞ്ഞെടുത്തു. അസ്ഫാകിന് നേരെ ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ടായിരുന്നു മാതാവ് എത്തിയത്. എന്നാൽ, അതിവൈകാരികമായ ഈ പ്രതികരണം പൊലീസ് ഇടപെട്ടാണ് തടഞ്ഞത്. അയൽവാസികൾ അടക്കം പ്രതിയെ കണ്ട് രോഷം കൊണ്ട് തിളയക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.
പ്രതിയെ വീട്ടിൽ നിന്ന് ഇറക്കിയപ്പോഴും കുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പാഞ്ഞടുത്തിരുന്നു. ഏറെ വൈകാരികമായ രംഗങ്ങൾക്കാണ് കുട്ടിയുടെ വീട്ടിലെ തെളിവെടുപ്പ് സാക്ഷ്യം വഹിച്ചത്. നാട്ടുകാരും ഇയാൾക്കെതിരെ തിരിഞ്ഞിരുന്നു. എന്നാൽ കനത്ത പൊലീസ് സുരക്ഷയിൽ ഇയാളെ വാഹനത്തിൽ കയറ്റിയാണ് കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടന്ന ആലുവ മാർക്കറ്റിലും കുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കടകളിലും ബീവറേജ് കടയിലടക്കം എട്ടിലധികം സ്ഥലത്താണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ആലുവ മാർക്കറ്റിലും തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട കുട്ടിയുമായി മാർക്കറ്റിലെത്തുന്നതിന് മുമ്പ് പോയ കടകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ തെളിവെടുപ്പ് വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആലുവ മാർക്കറ്റ് പരിസരത്ത് എത്തിയത്. പ്രതിക്ക് നേരെ ജനങ്ങളുടെ പ്രതിഷേധവും ഉയർന്നിരുന്നു.
അസ്ഫാക് ആലത്തെ 11.15 ഓടെയാണ് അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിൽ പൊലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ആലുവ മാർക്കറ്റിൽ പെൺകുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ ആദ്യമായി കൊണ്ടുപോയത്. പതിനഞ്ച് മിനിറ്റോളം ആലുവ മാർക്കറ്റിൽ തെളിവെടുപ്പ് നീണ്ടു. കൊലപാതകം നടത്തിയതിന് പിന്നാലെ മാർക്കറ്റിനോട് ചേർന്നുള്ള പൈപ്പിൻ ചുവട്ടിലെത്തി ഇയാൾ കൈ കഴുകിയിരുന്നു. പൊലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിൻ ചുവട്ടിലേക്കാണ് കൊണ്ടുപോയത്.
തുടർന്നാണ് ആലുവ തായിക്കാട്ടുകരയിൽ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിച്ചു. രണ്ട് ദിവസം മാത്രമാണ് അസ്ഫാക് അവിടെ താമസിച്ചിരുന്നത്. ഇതിന് തൊട്ടടുത്താണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്. ഈ കെട്ടിടത്തിന് അറുപത് മീറ്ററോളം ദൂരത്താണ് പെൺകുട്ടിക്ക് ജ്യൂസ് വാങ്ങി കൊടുത്ത കട. താമസ സ്ഥലത്തെ തെളിവെടുപ്പിന് ശേഷം ജ്യൂസ് കടയിലെത്തിച്ചും തുടർന്ന് അടുത്തുള്ള ചിക്കൻ സെന്ററിലേക്കും പ്രതിയെ കൊണ്ടുപോയി. ചിക്കൻകടയിലുണ്ടായിരുന്ന ആൾ പ്രതി പെൺകുട്ടിയുമായി പോകുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. ആലുവ ഫ്ലൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിൽ പ്രതിക്ക് നേരിട്ട് ബന്ധമുള്ള സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉയർന്നെങ്കിലും പൊലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു. പ്രതിയുടെ കസ്റ്റഡി ഈ മാസം പത്തിന് അവസാനിക്കും. അതുകൊണ്ടുതന്നെ ഒരു ദിവസം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാർക്കറ്റിൽ എത്തിച്ച് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു. പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ഥലത്ത് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.
മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് കുട്ടിയുടെ ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ സർജനും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു കുട്ടിയുടെ വീട്ടിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും അസ്ഫാക്കിനെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ