കൊച്ചി: എം.ഡി.എം.എയുമായി ഹോട്ടൽ ഉടമയായ അമൽ പപ്പടവ അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നത് ആ പഴയ റെസ്റ്റോറന്റും പിന്നെ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സൈജു തങ്കച്ചനും. മോഡലുകളുടെ അപകട മരണ കേസിലും റോയ് വയലാറ്റിനെതിരായ പോക്‌സോ കേസിലും ഉയർന്നു കേട്ട പേരാണ് അമൽ പപ്പടവട.

സംസ്ഥാനത്തെ സിന്തറ്റിക് ലഹരിക്കടത്തു സംഘത്തിലെ പ്രധാനിയാണ് അമൽ. കൊച്ചി നഗരത്തിലെ പ്രധാന ലഹരിയിടപാടുകൾക്കു ചുക്കാൻ പിടിക്കുന്നത് അമലാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്ന കൊച്ചി കലൂരിലെ പപ്പടവട റെസ്റ്റൊറന്റ് ഉടമകളിൽ ഒരാളായിരുന്നു അമൽ പപ്പടവട(അമൽ നായർ). ഭാര്യ മിനു പൗളിനുമായി ചേർന്നായിരുന്നു പപ്പടവട എന്ന റെസ്റ്റോറന്റ് നടത്തിയിരുന്നത്. പിന്നീട് ഏറെ വിവാദങ്ങൾക്കുശേഷം ഈ റെസ്റ്റോറന്റ് അടച്ചുപൂട്ടിയിരുന്നു. ലഹരി ഇടപാടുകളും ഇതിന് പിന്നിൽ ഉയർന്നു കേട്ടിരുന്നു.

നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അമലിനെതിരേ കേസുകളുണ്ട്. േേമാഡലുകളുടെ അപകട മരണ കേസിന് അനുബന്ധമായെടുത്ത ലഹരി കേസുകളിലും അമലിനെ പ്രതിചേർത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 2018 ൽ പപ്പടവട എന്ന ഹോട്ടൽ സാമൂഹിക ദ്രോഹികൾ അടിച്ചു തകർത്തുവെന്നു ആരോപിച്ച് അമലും ഭാര്യ മിനു പൗളിനും രംഗത്തെത്തിയിരുന്നു. ഹോട്ടലിലെ ജിവനക്കാരനു ശമ്പളം നൽകാതിരുന്നതിനേ തുടർന്നുള്ള തർക്കമായിരുന്നുവെന്നു ഇതിന് പിന്നിൽ. പിന്നീടു ഹോട്ടലിനു മുന്നിൽ കെട്ടിട ഉടമ മെറ്റൽ ഇറക്കി തടസം സൃഷ്ടിച്ചുവെന്നും പരാതി ഉയർത്തിയിരുന്നു.

ചേരാനല്ലൂരിലെ കൂറിയർ സർവീസിലേക്ക് വ്യാജ വിലാസത്തിൽ 18 ഗ്രാം മെത്ത് ആംഫിറ്റമിൻ എത്തിച്ച കേസിൽ നേരത്തെ അമൽ അകത്തായിരുന്നു. കൂറിയറിൽ വ്യാജ വിലാസം നൽകി ഫോൺനമ്പരും ട്രാക്കിങ് ഐഡിയും ഉപയോഗിച്ച് നേരിട്ടെത്തി പാർസൽ കൈപ്പറ്റുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചേരാനല്ലൂർ കൂറിയർ ഓഫീസിൽ വന്ന പാർസലിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പാർസൽ വാങ്ങാനെത്തിയവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പാർസൽ കവറിൽ ഉണ്ടായ മൊബൈൽ നമ്പറും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അമലിനെ കുടുക്കിയിരുന്നു. പിന്നീടും ഇതേ കച്ചവടം തുടർന്നു.

കഴിഞ്ഞവർഷം അമൽ നായരെ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള ആഡംബര ഫ്ലാറ്റിൽനിന്ന് സാഹസികമായാണ് പിടികൂടിയത്. എറണാകുളത്ത് 'പപ്പടവട' എന്ന ഹോട്ടൽ നടത്തി സാമ്പത്തിക ബാധ്യതകൾ വന്നതിനെത്തുടർന്നാണ് മയക്കുമരുന്ന് വില്പനയിലേക്കു തിരിഞ്ഞതെന്ന് ഇയാൾ ചോദ്യം ചെയ്തതിൽ അന്ന് സമ്മതിച്ചത്. ബെംഗളൂരു നഗരത്തിലെ ഹോട്ടലുകളിൽ മോഡലുകളെ പങ്കെടുപ്പിച്ച് നിശാപാർട്ടികൾ സംഘടിപ്പിക്കുകയും അതിന്റെ മറവിൽ മയക്കുമരുന്ന് വില്പന നടത്തുകയും ചെയ്തിരുന്നതായും വിവരമുണ്ട്. ഇപ്പോൾ രഹസ്യ വിവരമാണ് അമലിനെ കുടുക്കിയത്.

കഴിഞ്ഞ പത്തിനു രാത്രി രവിപുരം ശ്മശാനത്തിനു സമീപം ലഹരി ഇടപാടു നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സൗത്ത് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ. ശരത് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വാഹനം കണ്ടു കാറുമായി കടന്നു കളയാൻ ശ്രമിച്ച അമലിനെ പൊലീസ് തടഞ്ഞുനിർത്തി. പരിശോധനയിൽ കാറിൽനിന്നു ലഹരിവസ്തുക്കൾ പൊതിയുന്ന ഒ.സി.ബി. പേപ്പർ കണ്ടെത്തിയതോടെ ദേഹപരിശോധന നടത്തി. പരിശോധനയിൽ പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പതിനാല് ഗ്രാമിലേറേ എം.ഡി.എം.എ. കണ്ടെത്തി. ഇടപാടുകാർക്ക് ഇതു കൈമാറാൻ കാത്തുകിടക്കുന്നതിനിടെയാണു പൊലീസ് അമലിനെ വലയിലാക്കുന്നത്.

ബംഗളൂരുവിൽ നിന്നുൾപ്പെടെ കൊറിയർ മാർഗമാണ് അമലിനു ലഹരിയെത്തുന്നത്. 50 ഗ്രാം വച്ചാണു കുറഞ്ഞത് എത്തിക്കൊണ്ടിരുന്നത്. പനമ്പിള്ളി നഗറിലെ കൊറിയർ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഇടപാടെന്നു കണ്ടെത്തിയ പൊലീസ് ഇവിടെ പരിശോധന നടത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെത്തി. ശീതളപാനീയങ്ങളുടെ കുപ്പിയിൽ ഒളിപ്പിക്കുന്ന ലഹരിവസ്തുക്കൾ മാലിന്യ കൂമ്പാരത്തിനു സമീപം ഉപേക്ഷിച്ചായിരുന്നു കൈമാറ്റം. ഇടപാടുകാരനു കുപ്പിയുടെചിത്രം അയച്ചു നൽകിയാൽ അക്കൗണ്ടിൽ പണം എത്തണം. പണം എത്തിയാൽ ലഹരിയടങ്ങിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചുനൽകും.

ഇന്റർനെറ്റ് കോളിങ് വഴിയാണ് ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത്. വിവിധ ആപ്പുകളുടെ സഹായത്തോടെ ശബ്ദം മാറ്റിയായിരുന്നു ആശയവിനിമയം. 15 ഗ്രാം വച്ചായിരുന്നു ഇടപാട്. നഗരത്തിലെ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരാണ് ഇയാളുടെ ഇടപാടുകാർ. ചെറുകിട കച്ചവടം ഇയാൾക്കില്ലായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.