- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൽ പപ്പടവട എംഡിഎംഎയുമായി പിടിയിൽ; പൊലീസ് പൊക്കിയത് എംഡിഎംഎ കൈമാറാൻ കാത്തുനിൽക്കവേ; സൈബറിടത്തിൽ വൈറലായിരുന്ന പപ്പടവട റെസ്റ്റോറന്റുകാരൻ സിന്തറ്റിക് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; ലഹരിമരുന്ന് എത്തിക്കുന്നതുകൊറിയർ വഴി
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഒരിക്കൽ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്ന കൊച്ചി കലൂരിലെ പപ്പടവട റെസ്റ്റൊറന്റിന്റെ ഉടമകളിൽ ഒരാളായിരുന്ന അമൽ പപ്പടവട എന്ന അമൽ നായരാണ് അറസ്റ്റിലായത്. ഭാര്യ മിനു പൗളിനുമായി ചേർന്നായിരുന്നു പപ്പടവട എന്ന റെസ്റ്റോറന്റ് നടത്തിയിരുന്നത്. ഇത് പിന്നീട് ഈ റെസ്റ്റോറന്റ് അടച്ചുപൂട്ടിയിരുന്നു. എറണാകുളത്തെ ഇടപാടുകാർക്ക് എം.ഡി.എം.എ കൈമാറാൻ കാത്തു നിൽക്കുന്നതിനിടെ എറണാകുളം ടൗൺ സൗത്ത് പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി രവിപുരം ശ്മശാനത്തിന് സമീപം ലഹരി ഇടപാട് നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്‌ഐ ശരത് ചന്ദ്ര ബോസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുന്നത്. പൊലീസ് വാഹനം കണ്ട് കാറുമായി കടന്ന് കളയാൻ ശ്രമിച്ച അമലിനെ പൊലീസ് തടഞ്ഞുനിർത്തി. പരിശോധനയിൽ കാറിൽ നിന്ന് ലഹരിവസ്തുക്കൾ പൊതിയുന്ന ഒസിബി പേപ്പർ കണ്ടെത്തിയതോടെ ദേഹപരിശോധന നടത്തി. പരിശോധനയിൽ പാന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പതിനാല് ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തി. ഇടപാടുകാർക്ക് ഇത് കൈമാറാൻ കാത്തുകിടക്കുന്നതിനിടെയാണ് പൊലീസ് അമലിനെ വലയിലാക്കുന്നത്.
സംസ്ഥാനത്തെ സിന്തറ്റിക് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അമൽ. കൊച്ചി നഗരത്തിലെ പ്രധാന ലഹരിയിടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്നുൾപ്പെടെ കൊറിയർ മാർഗമാണ് അമലിന് ലഹരിയെത്തുന്നത്. 50 ഗ്രാം വച്ചാണ് കുറഞ്ഞത് എത്തിക്കൊണ്ടിരുന്നത്. പനമ്പിള്ളി നഗറിലെ കുറിയർ സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു ഇടപാടെന്ന് കണ്ടെത്തിയ പൊലീസ് ഇവിടെ പരിശോധന നടത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെത്തി.
ശീതളപാനീയങ്ങളുടെ കുപ്പിയിൽ ഒളിപ്പിക്കുന്ന ലഹരിവസ്തുക്കൾ മാലിന്യ കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ചായിരുന്നു കൈമാറ്റം. ഇടപാടുകാരന് കുപ്പിയുടെചിത്രം അയച്ചു നൽകിയാൽ അക്കൗണ്ടിൽ പണം എത്തണം. പണം എത്തിയാൽ ലഹരിയടങ്ങിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ അയച്ചുനൽകും. ഇന്റർനെറ്റ് കോളിങ് വഴിയാണ് ഇടപാടുകാരെ ബന്ധപ്പെട്ടിരുന്നത്. വിവിധ ആപ്പുകളുടെ സഹായത്തോടെ ശബ്ദം മാറ്റിയായിരുന്നു ആശയവിനിമയം. 15 ഗ്രാം വച്ചായിരുന്നു ഇടപാട്. നഗരത്തിലെ ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരാണ് ഇയാളുടെ ഇടപാടുകാർ. ചെറുകിട കച്ചവടം ഇയാൾക്കില്ലാ എന്നും പൊലീസ് വ്യക്തമാക്കി.
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ അമലിനെതിരെ കേസുകളുണ്ട്. കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ കൂട്ടാളിയാണ് അമലെന്ന് പൊലീസ് പറഞ്ഞു. ഈ കേസിന് അനുബന്ധമായെടുത്ത ലഹരി കേസുകളിലും അമലിനെ പ്രതിചേർത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
2018ൽ പപ്പടവട എന്ന ഹോട്ടൽ സാമൂഹിക ദ്രോഹികൾ അടിച്ചു തകർത്തു എന്ന് ആരോപിച്ച് അമലും ഭാര്യ മിനു പൗളിനും രംഗത്തെത്തിയിരുന്നു. പക്ഷേ അന്ന് ഹോട്ടലിലെ ജിവനക്കാരന് ശമ്പളം നൽകാതിരുന്നതിനെ തുടർന്നുള്ള തർക്കമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഹോട്ടലിന് മുന്നിൽ കെട്ടിട ഉടമ മെറ്റൽ ഇറക്കി തടസ്സം സൃഷ്ടിച്ചു എന്നും പരാതി ഉയർത്തിയിരുന്നു.



