- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിമിംഗല വിസർജ്ജ്യവുമായി അറസ്റ്റിലായ മൂന്നാർ സ്വദേശികളുടെ വെളിപ്പെടുത്തലിൽ വ്യാപക പൊരുത്തക്കേട്; തിമിംഗല വിസർജ്ജ്യം മധുരയ്ക്കടുത്ത് വിതുര നഗറിൽ നിന്നും 1000 രൂപയ്ക്ക് വാങ്ങിയതെന്ന് അറസ്റ്റിലായവർ; ആംബർഗ്രസി വ്യാജമാണോ എന്നും പരിശോധിക്കാൻ അധികൃതരുടെ നീക്കം
മൂന്നാർ: തിമിംഗല വിസർജ്ജ്യം സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്നാർ സ്വദേശികളുടെ വെളിപ്പെടുത്തലിൽ വ്യാപക പൊരുത്തക്കേട്. പ്രതികൾ പങ്കിട്ട വിവരങ്ങൾ അവിശ്വസനീയമെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് അധികൃതർ. മൂന്നാർ സെവന്മല എസ്റ്റേറ്റ് ആറുമുറി ലൈൻസിൽ സതീഷ്‌കുമാർ(42),മാട്ടുപ്പെട്ടി റോഡിൽ 26 മുറി ലൈൻസിൽ വേൽമുരുകൻ(59)എന്നിവരെയാണ്് തിമിംഗല വിസർജ്ജ്യം കടത്തുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതർ അറസ്്റ്റുചെയ്തിട്ടുള്ളത്.
ഇവരിൽ നിന്നും 9 കിലോ ഗ്രം തിമിംഗല വിസർജ്ജ്യം (അമ്പർഗ്രീസ് ) കണ്ടെത്തതായിട്ടാണ് വനംവകുപ്പധികൃതർ പുറത്തുവിട്ടിട്ടുള്ള വിവരം. കേസിൽ മൂന്നാർ സ്വദേശികളായ ഭാഗ്യസ്വാമി,പ്രേം എന്നിവർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. തിമിംഗല വിസർജ്ജ്യം മധുരയ്ക്കടുത്ത് വിതുര നഗറിൽ നിന്നും 1000 രൂപയ്ക്ക് വാങ്ങിതാണെന്നും ഇവിടെ ഇതിന്റെ വിൽപ്പന സർവ്വസാധാരണമെന്നുമാണ് അറസ്റ്റിലായവർ അധികൃതരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
വെളിപ്പെടുത്തൽ അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല.പിടിച്ചെടുത്ത തിമിംഗല വിസർജ്ജ്യം യഥാർത്ഥത്തിലുള്ളതാണോ എന്ന കാര്യത്തിൽ ഉറപ്പുവരുത്തുന്നതിനുള്ള നീക്കവും അധികൃതർ ആരംഭിച്ചിട്ടുണ്ട്.പരിശോധിച്ച് ഉറപ്പുവരിത്താൻ സാമ്പിൾ ഹൈദ്രാബാദിലെ ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പഴയ മൂന്നാർ സിഎസ്‌ഐ പള്ളിക്ക് സമീപം സെവന്മല റോഡിൽ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്.തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മൂന്നാർ ഫ്‌ളയിങ് സ്വകാഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ കുടുങ്ങിയത്. തിമിംഗല വിസർജ്ജ്യം വാങ്ങാനെന്ന വ്യാജേന വേഷം മാറി എത്തിയാണ് ഉദ്യോഗസ്ഥ സംഘം ഇരുവരെയും വലയിലാക്കിയത്. 9 കോടി രൂപയ്ക്ക് വിൽക്കുന്നതിന് ലക്ഷ്യമിട്ടാണ് തങ്ങൾ തിമിംഗല വിസർജ്ജ്യം സൂക്ഷിച്ചിരുന്നതെന്നാണ് ഇവർ അധികൃതരോട് വെളിപ്പെടുത്തിയിട്ടുള്ളത്.
ഈ തുകയ്ക്കുള്ള മൂല്യം ഇവർ സൂക്ഷിച്ചിരുന്ന വസ്തുവിന് ഉണ്ടോ എന്ന കാര്യത്തിലും അധികൃതർക്ക് സംശയമുണ്ട്.ഇക്കാര്യത്തിൽ ഉറപ്പുവരുത്താനും ഹൈദരാബാദിലെ ലാബിൽ നിന്നും പരിശോധ ഫലം ലഭിക്കണം എന്നതാണ് നിലവിലെ സ്ഥിതി.
മറുനാടന് മലയാളി ലേഖകന്.