- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദം നടിച്ച് കാറിൽ കയറ്റി; മദ്യം വാങ്ങി നൽകി അടിച്ചു പൊളിച്ചത് വിശ്വസ്തരെന്ന വ്യാജേനെ; പൂസായി ഉറങ്ങിയപ്പോൾ സ്വർണ്ണമാലയും മൊബൈലും മോഷ്ടിച്ചു; പൊലീസിൽ പരാതി കൊടുക്കാൻ സമ്മതിക്കാതെയും രക്ഷപ്പെടൽ ശ്രമം; വീട്ടിലെത്തിയപ്പോൾ യുവാവ് ചതി തിരിച്ചറിഞ്ഞു; കള്ളന്മാരെ പൊക്കുമ്പോൾ കൈയിൽ മയക്കുമരുന്നും; ആഡംബരം ആഗ്രഹിച്ചവർ അഴിക്കുള്ളിലാകുമ്പോൾ
മലപ്പുറം: ആഢംഭര ജീവിതത്തിനും, മയക്കുമരുന്നിനും പണം കണ്ടെത്താനുമാണ് കവർച്ച നടത്തിയതിന് അന്വേഷണത്തിനിറങ്ങിയ പൊലീസിന് പ്രതികളെ കിട്ടിയത് എംഡിഎംഎയുമായി. യുവാവിനെ സൗഹൃദം നടിച്ച് തട്ടി കൊണ്ടുപോയി സ്വർണ്ണാഭരണവും, മൊബൈൽ ഫോണും കവർച്ച ചെയ്ത കേസ്സിലെ പ്രതികളെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തപ്പോൾ പുറത്തു വരുന്നത് ക്രിമിനൽ ഗൂഢാലോചനയാണ്.
വഴിക്കടവ് കാരക്കോട് ആനപ്പാറ സ്വദേശി ഇൻഷാദ്(26), പഞ്ചായത്തുംപടി സ്വദേശി അമീർ സുഹൈൽ(25) എന്നിവരെയാണ് സിഐ: എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ എടക്കര പൊലീസ് ഇന്ന് പുലർച്ചെ ഒന്നിനു മുപ്പിനിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. എടക്കരയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെ പ്രതികൾ ഒരാഴ്ച മുമ്പ് പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
പിന്നീട് രണ്ടു ദിവസം മുമ്പ് എടക്കരയിൽ നിന്നും ഗൂഡലൂരിലുള്ള വീട്ടിലേക്ക് പോകാൻ ബസു കാത്തു നിൽക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. നാടുകാണിയിൽ പൊലീസ് ചെക്കിങ്ങുണ്ടെന്നും താമരശ്ശേരി വഴി പോകാമെന്നും പറഞ്ഞ പ്രതികൾ വഴിയിൽ നിന്നും മദ്യം വാങ്ങി പരാതിക്കാരനെ നിർബന്ധിച്ചു കുടിപ്പിച്ചു. രാത്രി കോഴിക്കോട്ട് ചേവായൂരിൽ ലോഡ്ജിൽ മുറിയെടുത്ത പ്രതികൾ അവിടെ വെച്ചും പരാതിക്കാരനെ നിർബന്ധിച്ചു മദ്യം നൽകി. മദ്യലഹരിയിൽ മയങ്ങിയ പരാതിക്കാരന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാലയും , മൊബൈൽ ഫോണും പ്രതികൾ കവർന്നെടുക്കുകയായിരുന്നു.
ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ മാലയും ഫോണും നഷ്ടപ്പെട്ടതറിഞ്ഞ പരാതിക്കാരൻ പൊലീസ് സ്റ്റേഷനിൽ പോകാൻ തയ്യാറായെങ്കിലും പൊലീസ് അറിഞ്ഞാൽ പുലിവാലാകുമെന്നും മാല തിരിച്ചു കിട്ടില്ലെന്നും സ്വന്തം നിലയിൽ അന്വേഷിക്കാമെന്നും പറഞ്ഞ് പ്രതികൾ പരാതിക്കാരനെ കാറിൽ കയറ്റി നഗരത്തിലൂടെ കറങ്ങി, പിന്നീട് തന്ത്രപൂർവ്വം വൈകുന്നേരം അരീക്കോട് ബസ് സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് എടക്കരയിലെത്തിയ പരാതിക്കാരൻ പൊലീസിൽ വിവരം നൽകി.
തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡി.വൈ.എസ്‌പി സാജു.കെ. അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം പ്രതികളെ അന്വേഷിച്ചുവരവെ കാറിൽ എടക്കര ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുപ്പിനിയിൽ വെച്ച് പ്രതികളുടെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പ്രതികളിൽ നിന്നും വിൽപ്പനക്കായി പത്തു ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത് .
മോഷണം പോയ സ്വർണ്ണമാലയും ,മൊബൈൽ ഫോണും പ്രതികളിൽ നിന്നും കണ്ടെടുത്തു. ആഢംഭര ജീവിതത്തിനും, മയക്കുമരുന്നിനും പണം കണ്ടെത്താൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചതിനും, കവർച്ച ചെയ്തതിനും മറ്റൊരു കേസ്സും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എസ്‌ഐ അബ്ദുൾ ഹക്കീം, എഎസ്ഐക രതീഷ്.കെ, സിപിഒ ഷെഫീഖ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിൻദാസ് .ടി, ജിയോ ജേക്കബ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്