- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല; പിന്നാലെ മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ നിന്നും 40000 രൂപ മോഷ്ടിച്ചു; തെളിവു നശിപ്പിക്കാൻ സിസിടിവി മോണിറ്റർ മാർക്കറ്റിനു സമീപം ഉപേക്ഷിച്ചു; എന്നിട്ടും ഇതര സംസ്ഥാന തൊഴിലാളി മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങി; അമീർ ഹുസൈൻ അകത്ത്
മലപ്പുറം: മോഷണം നടത്തി മണിക്കൂറുകൾക്കകം ഇതര സംസ്ഥാന തൊഴിലാളിയായ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടുംപാടം . അമരമ്പലം പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം നടത്തുകയും, പിന്നാലെ ടൗണിലെ എം.എസ് കമ്മ്യൂണിക്കേഷൻ എന്ന മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ നിന്നും 40000 രൂപ കളവു നടത്തുകയും ചെയ്ത കേസിലാണ് ഇതര സംസ്ഥാനക്കാരനായ 23കാരൻ പൊലീസ് വലയിലായത്.
വെസ്റ്റ് ബംഗാൾ ജൽപ്പഗുരി സ്വദേശി അമീർ ഹുസൈനെ(23)യാണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം പൂക്കോട്ടുംപാടം സിഐ: സി.എൻ സുകുമാരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം പോയ പണവും കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 1.30മണിയോടെയാണ് അമരമ്പലം പഞ്ചായത്ത് ഓഫീസിൽ പ്രതി മോഷണശ്രമം നടത്തിയത്. ഇവിടെ നിന്നും ഒന്നും ലഭിക്കാത്തതിനെ തുടർന്ന് പ്രതി രണ്ടുമണിയോടെ ടൗണിൽ തന്നെയുള്ള എം.എസ് കമ്മ്യൂണിക്കേഷൻ എന്ന മണി ട്രാൻസ്ഫർ സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച്, ഗ്ലാസ് ഡോർ തകർത്ത് അകത്തു കയറി മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 40000 രൂപ കവർന്നെടുക്കുകയായിരുന്നു.
തെളിവു നശിപ്പിക്കാനായി സി.സി.ടി.വി മോണിറ്റർ എടുത്ത് മാർക്കറ്റിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. നാട്ടിലേക്ക് പണമയക്കാനായി പ്രതി പലപ്പോഴും ഈ സ്ഥാപനത്തിൽ വരാറുണ്ടായിരുന്നു. തുടർന്ന് ഉടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്‌ഐ തോമസ്, എഎസ്ഐ എ.ജാഫർ, സിപിഒമാരായ സിയാദ്, ജാവിദ്, ആരിഫ്, ജയകൃഷ്ണൻ, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി.നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്