- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ ചുമത്തി നാടുകടത്തിയിട്ടും തിരിച്ച് മലപ്പുറത്ത് തന്നെ എത്തി; രഹസ്യമായി വിലക്ക് ലംഘിച്ചെത്തിയ പ്രതി അറസ്റ്റ് ചെയ്ത് പൊലീസ്; താനൂരിൽ ഒളിച്ചു താമസിച്ച 'വില്ലനെ' കുടുക്കിയത് രഹസ്യ വിവരം
മലപ്പുറം: വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ 25കാരനെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുത്തി മലപ്പുറം ജില്ലയിൽനിന്നും നാടുകടത്തിയിട്ടും വിലക്കു ലംഘിച്ച് വീണ്ടും രഹസ്യമായി മലപ്പുറം ജില്ലയിൽ പ്രവേശിപ്പിച്ചു.
പ്രതി മലപ്പുറം കോഡൂരിലെ ആമിയൻ ഷംനാദിനെ(25)യാണ് മലപ്പുറം താനൂരിൽനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്പെഷ്യൽ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്നു പ്രതിയെ താനൂർ പൊലീസ് സ്റ്റേഷനിൽകൊണ്ടുപോയി. ഇയാളെ കഴിഞ്ഞ ദിവസമാണ് ഒരു വർഷത്തേക്കാണ് ജില്ലയിൽ കടക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്മേലായിരുന്നു നടപടി. മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകൾ നിലവിലുള്ളതായി പൊലീസ് പറയുന്നു. ജില്ലയിൽ കടക്കാൻ പാടില്ലെന്നിരിക്കെ ജില്ലയിലെ താനൂരിൽനിന്നുമാണ് ഇയാളെ പിടികൂടിയത്.
പ്രതിക്കു താനൂരിൽ ഒളിവിൽ കഴിയാൻ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടേയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ഇവിടെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കുമെന്ന നിലപാടിയാണ് പൊലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(ഗുണ്ടാ ആക്ട്). 2007ൽ നിലവിൽ വന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമത്തിൽ 2014 ൽ ഭേദഗതി വരുത്തിയാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിർവചനം ഈ നിയമത്തിലുണ്ട്. അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക.
മൂന്നു കേസുകളിൽ പ്രതികളാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നത്. പൊതുസുരക്ഷയ്ക്കും, സമാധാനത്തിനും കോട്ടം വരുത്തുന്നവരേയും അറിയപ്പെടുന്ന ഗുണ്ടകൾ, അതുപോലെ അനധികൃത മദ്യക്കച്ചവടക്കാർ, കടത്തുകാർ, വിൽപനക്കാർ, ഇവരുടെ അടുത്ത ബന്ധുക്കൾ, വ്യാജ നോട്ട് നിർമ്മാതാക്കൾ, വിതരണക്കാർ, മണൽ മാഫിയ, വ്യാജ സിഡി നിർമ്മാതാക്കൾ, വിതരണക്കാർ, ലഹരി മരുന്ന് ഉൽപാദകർ, കടത്തുകാർ, വിൽപനക്കാർ എന്നിവരെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. വിദേശ രാജ്യങ്ങളിൽനിന്നു ഹവാലഇടപാടിലൂടെ പണം കടത്തുന്നവരേയും പണത്തിനു വേണ്ടി വ്യക്തിയെ ആക്രമിക്കുന്നവർ, അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ, തുടങ്ങിയവർ ഇതിൽപ്പെടും.
ബ്ളേഡിനു പണം നൽകിയശേഷം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തിരിച്ചുപിടിക്കുന്നവർ, എന്നിവരെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ നിയമത്തിന്റെയോ റിസർവ് ബാങ്കിന്റെയോ അംഗീകാരമില്ലാതെ പണമിടപാടു നടത്തുന്ന സ്ഥാപനങ്ങൾ, അന്യന്റെയോ സർക്കാരിന്റെയോ ഭൂമി അനധികൃതമായി തട്ടിയെടുക്കുന്നവർ എന്നിവരെയും 2014 ലെ ഭേദഗതിയിലൂടെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ അറിയപ്പെടുന്ന ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷം തടയാൻ ഡി.ഐ.ജിക്കോ ജില്ലാ മജിസ്ട്രേട്ടിനോ അധികാരമുണ്ടാകും. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാൻ ഈ ആക്ട് മൂലം ജില്ലാ മജിസ്ട്രേട്ടിന് അധികാരമുണ്ടാകും.
ക്രിമിനൽ കേസുകളിൽ കോടതിക്കു പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാലും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ നിയമപ്രകാരം (ഗുണ്ടാ ആക്ട്) നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വർഷത്തിനുള്ളിൽ ഉള്ള കേസാണ് ഇതിനു പരിഗണിക്കുക. അഞ്ചുവർഷത്തിനു മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണയിൽ ഉണ്ടായിരിക്കണം. ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തിൽ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തുതർക്കം, കുടുംബതർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെയും കാപ്പക്കു കീഴിൽ കൊണ്ടുവരുന്നത് തടയാനും ഈസംരക്ഷണ നിയമംകൊണ്ട് കഴിയും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്