- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
' ഞാനാണ് ഇവിടെ രാജാവെന്നും എന്റെ കാൽ കഴുകിയ വെള്ളം കുടിച്ചിട്ടേ നിങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ കഴിയൂ എന്ന് മനസിലായില്ലേ എന്നും ചോദിച്ചു; ഞങ്ങളെ വലിച്ചിഴച്ചത് കണ്ട ഷോക്കിൽ നിന്ന് മകൻ മുക്തനായിട്ടില്ല': മഞ്ചേരിയിൽ പൊലീസുകാരുടെ അതിക്രമം മറുനാടനോട് വിവരിച്ച് അമൃത
മലപ്പുറം: മഞ്ചേരിയിൽ അർധരാത്രി തന്നെയും സഹോദരനേയും പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൈാണ്ടു പോയ സംഭവം കണ്ട സംഭവത്തിൽ പത്തുവയസുകാരനായ മകൻ ഇപ്പോഴും ഷോക്കിൽ നിന്നും മുക്തനായിട്ടില്ലെന്ന് മഞ്ചേരി കൂമംകുളം സ്വദേശി അമൃത എൻ.ജോസ്. താൻ കാത്തിരിക്കുന്നതു നീതിക്കുവേണ്ടിയാണ്. മുഖ്യമന്ത്രി, ഡി.ജി.പി, വനിതാ കമ്മീഷൻ, ബാലവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള എല്ലാവർക്കും താൻ പരാതി നൽകിയിട്ടുണ്ട്. സമാനമായ അനുഭവം ഇനി കേരളത്തിലെ ഒരുകുഞ്ഞിനും ഉണ്ടാകരുതെന്നും ഇതിനുള്ള നിയമ പോരാട്ടത്തിലാണ് താനെന്നും അമൃത എൻ.ജോസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പരാതി നൽകിയതിനെ തുടർന്നു മലപ്പുറം എസ്‌പി. ഓഫീസിൽനിന്നും ഫോണിൽ വിളിച്ചിരുന്നു. കേസ് ഡി.വൈ.എസ്‌പിക്കു കൈമാറിയിട്ടുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ വിവരം അറിയിക്കുമെന്നും പറഞ്ഞുവെന്നും അമൃത പറഞ്ഞു.
മലപ്പുറം മഞ്ചേരിയിൽ പത്തു വയസുകാരനായ മകൻ നോക്കി നിൽക്കെയാണ് അർധരാത്രി യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. തുടർന്നു പരാതിയുമായി മഞ്ചേരി കൂമംകുളം സ്വദേശി അമൃത എൻ.ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. എന്നാൽ രാത്രി ടൗണിൽ പാർക്ക് ചെയ്ത വാഹനത്തിൽ പരിശോധന നടത്തുന്നത് തടഞ്ഞതിന്റെ പേരിലാണ് നടപടി എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
ഈ ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. രാത്രി ചായ കുടിക്കാൻ നിർത്തിയപ്പോൾ അപ്രതീക്ഷിതമായെത്തിയ പൊലീസ് തട്ടിക്കയറി എന്നും അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച സഹോദരനിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും മർദ്ദനമേറ്റു. പത്തു വയസുകാരനായ കുട്ടിയുണ്ടെന്ന കാര്യം പരിഗണിച്ചേയില്ലെന്നാണ് പരാതി. ടൗണിൽ ലഹരി സംഘങ്ങളുടെ സാന്നിധ്യം സജീവമായുള്ള ഭാഗത്താണ് രാത്രി സമയത്ത് കാർ പാർക്ക് ചെയ്തതെന്നും ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാൻ ചെന്നപ്പോൾ തടഞ്ഞതുകൊണ്ടാണ് യുവതിയെ അടക്കം കസ്റ്റഡിയിൽ എടുക്കേണ്ടി വന്നതെന്നും മഞ്ചേരി പൊലീസ് പറഞ്ഞു.
അതേ സമയം എന്തിനാണ് പരിശോധന എന്നും ചോദിച്ചിട്ടും അവർ ഒന്നും പറയാതെ പരിശോധന തുടരുകയായിരുന്നുവെന്നും കാരണം വീണ്ടും ചോദിച്ചതോടെ പൊലീസുകാർ പ്രകോപിതരാവുകയായിരുന്നുവെന്നും അമൃത പറഞ്ഞു. മോശമായി പെരുമാറാൻ തുടങ്ങിയതോടെ മൊബൈലിൽ വീഡിയോ എടുക്കാൻ ശ്രമിച്ച അനിയന്റെ ഫോൺ തട്ടിപ്പറിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്ന എന്റെ മകൻ ഇതെല്ലാം കണ്ട് പേടിച്ചുപോയി. ഞങ്ങൾ കുടുംബമായി വന്നവരാണ്, പൊലീസ് പരിശോധന എന്തിനാണെന്നും എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിട്ടും അതിനൊന്നും മറുപടി തരാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. എന്റെ സഹോദരൻ അന്ന് രാവിലെ വിദേശത്ത് പോകാനിരിക്കുകയായിരുന്നു. പ്രതികരിച്ചാൽ പൊലീസുകാർ അവന്റെ പോക്ക് വരെ മുടക്കും എന്ന രീതിയിലാണ് പെരുമാറിയത്.
ക്ടോബർ 13ന് രാത്രിയിലാണ് സംഭവം. സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം മഞ്ചേരിയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങുകയായിരുന്നു. അപ്പോഴാണ് എസ്‌ഐ യുടെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുകാർ വാഹനത്തിന് നേരെ വന്ന് ഒരു മുന്നറിയിപ്പുമില്ലാതെ വാഹനം തുറന്ന് പരിശോധിക്കുകയാണ് ചെയ്തത്. ഇതെല്ലാം കണ്ടു 10വയസ്സുകാരനായ മകൻ സ്തംഭിതനായി നിൽക്കുകയായിരുന്നു. ഞങ്ങൾ കുടുംബമായി വന്നവരാണ്, എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിട്ടും അവർ ഒന്നും പറയാൻ തയാറായില്ലെന്നും അമൃത പറഞ്ഞു.
ആളുകൾ കൂടിയതോടെ ഒരു പൊലീസുകാരൻ വീഡിയോ എടുക്കാൻ തുടങ്ങുകയും എല്ലാ പൊലീസുകാരും പെട്ടെന്ന് തന്നെ വളരെ മാന്യമായി പെരുമാറാനും തുടങ്ങി. നിങ്ങളുടെ അനുവാദം വാങ്ങിയിട്ടല്ലേ വാഹനം പരിശോധിച്ചത്, ഫോൺ തട്ടിപ്പറിച്ചിട്ടില്ലല്ലോ എന്നൊക്കെയായി അവരുടെ വാദം. ഇതൊക്കെ ഷൂട്ട് ചെയ്ത ശേഷം വീണ്ടും അവരുടെ സ്വഭാവം മാറി. പിന്നീട് അത്രയും മോശമായി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പൊലീസുകാർ എന്നോട് സംസാരിച്ചു.
പത്ത് വയസുള്ള എന്റെ കുട്ടിയെ വഴിയിൽ നിർത്തിയാണ് എന്നെയും എന്റെ സഹോദരനെയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോയത്. എന്റെ കുട്ടി അവിടെ നിന്ന് കരയുന്നുണ്ടെന്ന് എത്ര പറഞ്ഞിട്ടും അവർ കേൾക്കാൻ തയാറായില്ല. കാര്യം അന്വേഷിക്കാൻ എന്റെ മകനെയും കൂട്ടി സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളെയും പൊലീസ് മർദിച്ചു. അവർ കൊല്ലം ജില്ലയിൽ നിന്ന് വന്നവരായിരുന്നു. മറ്റു ജില്ലക്കാർക്ക് ഇവിടെ എന്താണ് കാര്യമെന്ന് ചോദിച്ചാണ് അവരെ മർദിച്ചത്.
സ്റ്റേഷനിൽ വെച്ച് ഞങ്ങളെ ഇരിക്കാൻ പോലും അനുവദിച്ചില്ല. യൂണിഫോമിൽ അല്ലാത്ത ഒരാൾ വന്ന് ഞങ്ങളെ നിർത്തി നടുക്ക് കസേരയിട്ട് ഇരുന്ന്, ഞങ്ങൾക്ക് എന്തും ചെയ്യാമെന്ന് ഇപ്പോൾ മനസിലായില്ലേ എന്ന് ചോദിച്ചു. ഞാനാണ് ഇവിടെ രാജാവെന്നും എന്റെ കാൽ കഴുകിയ വെള്ളം കുടിച്ചിട്ടേ നിങ്ങൾക്ക് ഇവിടെ നിന്ന് പോകാൻ കഴിയൂ എന്ന് മനസിലായില്ലേ എന്ന് അയാൾ പറഞ്ഞു. സഹോദരൻ അന്ന് രാവിലെ വിദേശത്ത് പോകുകയായിരുന്നു. അന്ന് ഞങ്ങൾ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ പൊലീസുകാർ അവന്റെ പോക്ക് വരെ മുടക്കും എന്ന രീതിയിലാണ് സംസാരിച്ചത്. അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നാല് മണിക്കായിരുന്നു അവന് പോകേണ്ടത്. വെളുപ്പിന് മൂന്ന് മണിവരെ ഞങ്ങളെ സ്റ്റേഷനിൽ നിർത്തി. ആ സമയത്ത് എന്റെ മകനെ കാണാൻ പോലും എന്നെ പൊലീസ് അനുവദിച്ചില്ല. എന്റെ കുട്ടി മാനസികമായി തകർന്നുപോയെന്നും അമൃത പറഞ്ഞു.
ഇനി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്താൽ എന്താണ് വരാൻ പോകുന്നതെന്ന് നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ എന്ന് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ഭീഷണിപ്പെടുത്തിയിരുന്നു. നമുക്ക് അവരുടെ പവർ ഇല്ല എന്നും അവർക്ക് നമ്മളെ എന്തും ചെയ്യാൻ കഴിയും എന്നും മനസിലാക്കിത്തരികയായിരുന്നു അവർ ചെയ്തത്. അത് അവർ പറയുകയും ചെയ്തിരുന്നുവെന്നും അമൃത പറഞ്ഞു. താൻ നീതി പുലരുംവരെ നിയമപോരാട്ടം തുടരുമെന്നും അമൃത മറുനാടൻ മലയാളിയോട് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്