- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായ്ക്ക് ഇന്ദിരാ ഗാന്ധിയുടെ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തിയ ഖലിസ്ഥാൻ നേതാവ്; അമൃതാ പാലിന്റെ കൂട്ടാളികളെ എല്ലാം ഭീകര വിരുദ്ധ നിയമം ചുമത്തി ജയിലിൽ അടയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി; സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ച് മോദി; പഞ്ചാബിൽ 'കേന്ദ്രം' സജീവ ഇടപെടലിന്; തീവ്രവാദത്തെ തകർക്കാൻ രണ്ടും കൽപ്പിച്ച്
ന്യൂഡൽഹി: ഖലിസ്ഥാൻ വാദത്തെ തകർക്കാൻ കേന്ദ്ര സർക്കാർ രണ്ടും കൽപ്പിച്ച് പോരാട്ടത്തിൽ. ഖലിസ്ഥാൻ അനുകൂല സംഘടനകളുമായി ബന്ധമുള്ള 12 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രാജ്യത്ത് ആക്രമണങ്ങൾ അഴിച്ചുവിടാൻ ഭീകരരുമായി ചേർന്ന് ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് എൻഐഎ അന്വേഷിക്കുന്നത്. പ്രമുഖ വ്യക്തികൾ, ബിസിനസുകാർ എന്നിവരിൽ നിന്നു പണം തട്ടാനും കൊലപ്പെടുത്താനും ഗുണ്ടാ സംഘങ്ങൾ പദ്ധതിയിട്ടുവെന്ന് എൻഐഎ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ സ്ഥിതിഗതികളിലും കേന്ദ്രം കൂടുതലായി ഇടപെടും.
ഖലിസ്ഥാൻ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അമൃത്സർ ജില്ലയിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് ആസൂത്രിതമായാണ്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 6 പൊലീസുകാർക്കു പരുക്കേറ്റു. പ്രവർത്തകനായ തൂഫാൻ സിങ് എന്ന ലവ്പ്രീതിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തോക്കും വാളും സഹിതം രണ്ടായിരത്തോളം പേർ ഖലിസ്ഥാൻ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിനെ ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. വലിയ അക്രമമാണ് ഉണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ഭീഷണിപ്പെടുത്തിയ അമൃത്പാൽ സിങ് വീണ്ടും ഖാലിസ്ഥാൻ വാദം ശക്തമാക്കുമെന്ന സൂചന നൽകിയിരുന്നു. അതിന് ശേഷം നടക്കുന്ന ആക്രമണമാണിത്. ഈ കേസാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയുധമാക്കുന്നത്. ഈ സംഘടനയെ പൂട്ടാനാണ് നീക്കം.
അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്യാനും കേന്ദ്ര സേന സജീവമായി രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ ഇടപെടുന്നുണ്ട്. അമൃത്പാൽ സിങ്ങിനെ കണ്ടെത്താനുള്ള ശ്രമം നാലാം ദിവസവും വിഫലം. പഞ്ചാബ് പൊലീസും കേന്ദ്ര സേനകളും അസമിലുൾപ്പെടെ തിരച്ചിൽ തുടർന്നു. സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചു. പല വേഷത്തിലും രൂപത്തിലുമുള്ള അമൃത്പാലിന്റെ ചിത്രങ്ങളടങ്ങിയ നോട്ടിസുകൾ പഞ്ചാബിലുടനീളം പൊലീസ് പതിപ്പിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച ജലന്തറിൽ പൊലീസിനെ വെട്ടിച്ചു കാറിൽ കടന്ന അമൃത്പാൽ, പ്രദേശത്തുള്ള ഗുരുദ്വാരയിൽ ഒളിച്ചെന്നും പിന്നീടു വേഷം മാറി, അവിടെ നിന്നു ബൈക്കിൽ പോയെന്നും പഞ്ചാബ് ഐജി സുഖ്ചെയ്ൻ സിങ് ഗിൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാർ കണ്ടെടുത്തു. ഇതിൽനിന്ന് തോക്ക്, വാൾ തുടങ്ങിയവ ലഭിച്ചു.
പൊലീസിനെ വെട്ടിച്ചുകടക്കാൻ സഹായിച്ച 4 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആയുധനിയമപ്രകാരം കേസെടുത്തു. ഇതുവരെ 154 പേരെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അറസ്റ്റിലായ ബന്ധു ഹർജിത് സിങ്ങിനെ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്കു മാറ്റി. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തു. ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. അതിനിടെ അമൃത്പാലുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച പഞ്ചാബ്ഹരിയാന ഹൈക്കോടതി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ചു. 80,000 പൊലീസുകാരുണ്ടായിട്ടും അമൃത്പാൽ എങ്ങനെ കടന്നുകളഞ്ഞെന്നു ജഡ്ജി എൻ.എസ്.ശെഖാവത്ത് ചോദിച്ചു. ജി20 സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ തിരക്കുണ്ടായിരുന്നുവെന്നു പൊലീസ് മറുപടി നൽകി. അമൃത്പാലുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് 4 ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനോടു കോടതി നിർദേശിച്ചു.
ഖലിസ്ഥാൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതി വരുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എതിരെ ഭീഷണി മുഴക്കിയയാളാണ് അമൃത്പാൽ സിങ്. ഖലിസ്ഥാൻ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. വെറും മുപ്പത് വയസ്സ് മാത്രമാണ് അമൃത് പാലിനുള്ളത്. കർഷകരെ ചേർത്ത് നിർത്തിയാണ് പ്രവർത്തനം. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന സ്ഥാപിച്ചത്. കർഷക സമരക്കാർക്കിടയിൽ നുഴഞ്ഞുകയറി 2021 റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാകയുയർത്താൻ ശ്രമിച്ച സിദ്ദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സിദ്ദു ഫെബ്രുവരിയിൽ വാഹനാപകടത്തിൽ മരിച്ചു. തുടർന്നാണ് ദുബായിൽ ആയിരുന്ന അമൃത്പാൽ സിങ് ചുമതലയേറ്റത്. പിന്നാലെ അമിത് ഷായ്ക്ക് ഭീഷണിയും. ഇതോടെയാണ് വിഷയത്തിൽ കേന്ദ്രം ഗൗരവത്തോടെ ഇടപെടൽ നടത്തിയത്.
ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ ആറ് കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ ആയിരുന്നു. ഖാലിസ്ഥാൻ ഭീകരവാദിളും പഞ്ചാബിലെ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ അനുയായികളും എൻഐഐയുടെ വലയിലായവരിൽ ഉൾപ്പെട്ടിരുന്നുു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യുപി, ഡൽഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് ആറുപേരെ എൻഐഎ അറസ്റ്റുചെയ്തത്. ഗുണ്ടാ സംഘങ്ങളും ഭീകരരും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലോറൻസ് ബിഷ്ണോയ്, ജഗ്ഗു ഭഗവാൻപുരിയ, ഗോൾഡി ബ്രാർ എന്നീ ഗുണ്ടാതലവന്മാരുടെ അനുയായികളും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദി അർഷ് ദല്ലയുടെ കൂട്ടാളിയുമാണ് പിടിക്കപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ