മലപ്പുറം: 12 വയസ്സായ ബാലികയെ പ്രലോഭിപ്പിച്ച് കടയിലേക്കെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലതവണ ബലാൽസംഗം ചെയ്ത 54കാര് 109 വർഷം കഠിന തടവിനും 90000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി അതിവേഗ സ്‌പെഷ്യൽ കോടതി (രണ്ട്)യുടേതാണ് വിധി.

അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്ദുൽ റഷീദിനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 ഓഗസ്റ്റ് മുതൽ ജനുവരി 24 വരെയുള്ള കാലയളവിൽ നെല്ലിക്കുത്തിലാണ് സംഭവം. ബാലികയെ പ്രലോഭിപ്പിച്ച് കടയിലേക്കെന്നു വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി നെല്ലികുത്ത് അംഗൻവാടിയുടെ കോണിക്കൂടിനോട് ചേർന്നുള്ള സ്ഥലത്ത് വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. രണ്ട് ഭാര്യമാരുള്ള പ്രതി സമാനമായ രീതിയിൽ പലതവണ ആവർത്തിച്ചതായും പരാതിയിലുണ്ട്. 

കുട്ടി സ്‌കൂളിലെ കൂട്ടുകാരിയോട് വിവരം പറയുകയും കൂട്ടുകാരി അദ്ധ്യാപികയോട് പറയുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപിക അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ കേസ്സെടുക്കാൻ മഞ്ചേരി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് 2023 ഫെബ്രുവരി 11ന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ എൻ മനോജ് 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയിഷ കിണറ്റിങ്ങൽ ആയിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫീസർ.

പോക്‌സോ ആക്ടിലെ അഞ്ച്(എം), അഞ്ച്(എൻ), അഞ്ച്(എൽ) എന്നീ വകുപ്പുകളിലാണ് ശിക്ഷ. മൂന്നു വകുപ്പുകളിലും 30 വർഷം വീതം കഠിന തടവ്, 25000 രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിനയടക്കാത്ത പക്ഷം ഒരോ വകുപ്പിലും നാലു മാസം വീതം അധിക തടവും അനുഭവിക്കണം. മാത്രമല്ല പോക്‌സോ ആക്ടിലെ തന്നെ ഒമ്പത് (എം), ഒമ്പത്(എൻ), ഒമ്പത് (എൽ) വകുപ്പുകൾ പ്രകാരം ആറു വർഷം വീതം കഠിന തടവ്, 5000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം ഒരോ വകുപ്പിലും ഓരോ മാസം വീതം തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്.

ഇതിനു പുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 506 പ്രകാരം ഒരു വർഷത്തെ കഠിന തടവും ശിക്ഷയുണ്ട്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി 30 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. വിചാരണ തീരുന്നതുവരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കണമെന്ന പൊലീസ് ആവശ്യപ്രകാരം പ്രതിക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ശിക്ഷയനുഭവിക്കുന്നതിനായി പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.