ചെറുതോണി: വീട്ടുടമസ്ഥന്റെ ദാരുണാന്ത്യത്തിന് വഴിതെളിച്ച കുരുമുളക് മോഷണകേസിൽ പ്രതി അറസ്റ്റിൽ. പിടിലായത് മരിച്ചയാളിന്റെ ഇളയ സഹോദരൻ. അമ്പരപ്പിൽ വീട്ടുകാരും നാട്ടുകാരും. രാജമുടി പതിനേഴുകമ്പനി മണലേൽ അനിൽ കുമാറി(57)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് മുരിക്കാശേരി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. മൂത്ത സഹോദരൻ വിശ്വനാഥന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന കുരുമുളകാണ് അനിൽകുമാർ രണ്ട് ചാക്കുകളിലാക്കി കടത്തിയത്.

ഇരുവരും അടുത്തടുത്താണ് താമസിച്ചുവന്നിരുന്നത്. അനിൽകുമാറിന്റെ ഭാര്യ വിദേശത്താണ്. കുരുമുളക് ഇയാൾ തോപ്രാംകുടിയിലെ ഒരു കടയിൽ വിറ്റിരുന്നു മോഷണമുതൽ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിശ്വനാഥൻ ഭാര്യ ഷീല, മക്കളായ അരുൺ അനീഷ് ,മരുമക്കളായ രമ്യ, അനുപ്രിയ എന്നിവർക്കൊപ്പം പഴനി ക്ഷേത്ര ദർശനത്തിന് പോയ സമയത്താണ് മോഷണം നടന്നത്.

ക്ഷേത്ര ദർശനം കഴിഞ്ഞ്,കഴിഞ്ഞ തിങ്കളാഴ്ച രാത്രി മടങ്ങിവരവെ തമിഴ്‌നാട് കേരള അതിർത്തിയായ ചിന്നാറിലെത്തിയപ്പോൾ രാത്രി വീട്ടിൽ മോഷണം നടന്ന വിവരം ബന്ധുക്കൾ വിശ്വനാഥനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതു കേട്ട വിശ്വനാഥൻ ഉടൻ കാറിൽത്തന്നെ കുഴഞ്ഞു വീണു, താമസിയാതെ മരണം സ്ഥരീകരിച്ചു. പിന്നീട് വീട്ടുകാർ മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് മോഷണം സംബന്ധിച്ച് പൊലീസിൽ വിവരം നൽകിയത്.

സംസ്‌ക്കാര ചടങ്ങുകൾ നടന്ന വീടായതിനാൽ നിർണായകമായ തെളിവുകൾ നഷ്ടപ്പെട്ടതായി പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ബോദ്ധ്യമായി. വീടിന്റെ പുറകുവശത്തെ കതക് കുത്തിത്തുറന്ന് വീട്ടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരയിലും മേശയിലും പരിശോധന നടത്തി, വസ്ത്രങ്ങൾവാരിവലിച്ചിട്ടനിലയിലായി
രുന്നു. ഇടുക്കിയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.പൊലീസ് നായ അനിൽകുമാറിന്റെ വീടുവരെ മണംപിടിച്ചെയെത്തിയിരുന്നു. ഇതെത്തുടർന്ന് ഇയാൾ പൊലീസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മോഷണം നടത്തിയത് വീട്ടുകാരേക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം മുന്നോട്ട് പോയിരുന്നത്.അനിൽകുമാറിനെ കസ്റ്റഡയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾകുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. മോഷണം നടത്തിയത് അനിൽകുമാർ ആണെന്ന വിവരം പുറത്തുവന്നപ്പോൾ വീട്ടുകാരും അടുപ്പക്കാരുമെല്ലാം ഉൾക്കൊള്ളാനായില്ല എന്നതാണ് വാസ്തവം.സംഭത്തിൽ ഇത്തരത്തിലൊരു ട്വസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല.

മുരിക്കാശേരി എസ്‌ഐ.റോയി എൻ.എസ് എസ്‌ഐ സാബു തോമസ് എസ്.സി.പി.ഒമാരായ അഷറഫ് കാസിം, അഷറഫ് ഇ.കെ.സി.പി.ഒ ജയേഷ് ഗോപി എന്നിവർ ഉഉൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തി, പ്രതിയെ അറസ്റ്റ് ചെയ്തത്.