പയ്യന്നൂർ: അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും പ്രകോപന കാരണം അവ്യക്തം. അനില ശനി രാവിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില എത്തിയത്. അടുത്ത സൗഹൃദമായിരുന്നു ഇതിന് കാരണം. അനില വീട്ടിൽ നിന്നു ധരിച്ചു വന്ന വസ്ത്രം അന്നൂരിലെ വീട്ടിനകത്തൊന്നും ഉണ്ടായിരുന്നില്ല. കൊലപാകത്തിൽ ഇനിയും വില്ലന്മാരുണ്ടെന്നാണ് അനിലയുടെ കുടുംബം ആരോപിക്കുന്നത്.

അനിലയുടെ മുഖം അടിയേറ്റ് വികൃതമായിട്ടുണ്ട്. അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീട്ടിനകത്ത് കണ്ടെത്താനായില്ല. അനിലയുടെ ഫോൺ വെള്ളോറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നു കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ അടിമുടി ദുരൂഹത തുടരുകയാണ്. അനിലയുടെ മൃതദേഹത്തിലുണ്ടായിരുന്ന ചുരിദാർ ആരുടേതെന്നും വ്യക്തമല്ല. അന്നൂരിലെ വീട്ടിൽ നിന്ന് എടുത്തതാണോയെന്ന് അറിയണമെങ്കിൽ വിനോദയാത്രയ്ക്കു പോയ കുടുംബം തിരിച്ചെത്തണം. മുംബെയിൽ നിന്ന് കപ്പൽ മാർഗം കൊച്ചിയിലേക്കു യാത്ര ചെയ്യുന്ന വീട്ടുകാർ തിരിച്ചെത്തുക ഒൻപതാം തീയതിയാണ്.

അന്നൂരിലെ വീട് നോക്കാൻ ചുമതലപ്പെട്ട വെള്ളരിയാനത്തെ സുദർശൻ പ്രസാദിനെ ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും പൊലീസ് അന്വേഷണത്തിലാണ്. അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരൻ അനീഷ് പറയുന്നു. 'ശനി രാവിലെ അനില പതിവു പോലെ ജോലി ചെയ്യുന്ന മാതമംഗലത്തെ ഫർണിച്ചർ ഷോപ്പിലേക്ക് പോയതായിരുന്നു. സാധാരണ തിരിച്ചു വരുന്ന 5.40 ന്റെ ബസിൽ കാണാതായപ്പോൾ അന്വേഷിച്ചു. അപ്പോഴാണ് കടയിൽ വന്നില്ലെന്ന് അറിയുന്നത്-സഹോദരൻ പറയുന്നു. കൊലപാതകത്തിനു പിന്നിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടെന്ന് സഹോദരൻ പറയുന്നു.

ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. അനിലയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

അനിലയുടെ മൃതദേഹം കണ്ടെത്തിയ വീട് ബെറ്റി എന്നയാളുടേതാണ്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാൽ വീട് നോക്കാൻ ഏൽപിച്ചിരുന്നത് സുദർശൻ പ്രസാദിനെയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാതമംഗലവും തമ്മിൽ 22 കിലോമീറ്റർ ദൂരമുണ്ട്.