തിരുവനന്തപുരം: ജയിലിനുള്ളിൽ അനിതാ കുമാരി കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്. ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ടാംപ്രതി അനിതകുമാരി അട്ടക്കുളങ്ങര വനിതാ ജയിലിലാണുള്ളത്. കഴിഞ്ഞ ദിവസം ജയിലിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോൾ അനിതകുമാരി വികാരാധീനയായിരുന്നു.

'പറ്റിപ്പോയി, പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല' ജയിൽ ഉദ്യോഗസ്ഥരോട് അനിത കുമാരി പറഞ്ഞു. ജയിലിൽ പൊതുവേ ശാന്തയായാണ് ഇവർ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തറ തുടയ്ക്കലാണ് അനിതകുമാരിക്ക് നൽകിയിരിക്കുന്ന ജോലി. അനിതകുമാരിയെയും കൂട്ടുപ്രതിയായ മകൾ അനുപമയെയും വെവ്വേറെ സെല്ലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. അനുപമയ്ക്ക് പ്രത്യേക ജോലിയൊന്നും നൽകിയിട്ടില്ല. സഹതടവുകാരോട് മിണ്ടാതെ സെല്ലിന്റെ മൂലയിൽ ഒരേ ഇരിപ്പാണ് അനുപമയെന്നാണ് റിപ്പോർട്ട്. തീർത്തും നിരാശയാണെന്നാണ് സൂചന.

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. പ്രതികൾക്കെതിരെ കുട്ടിക്കടത്ത് അടക്കം ഗുരുതരമായ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ?ഗൂഢാലോചന, ജൂവൈനൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പത്മകുമാറാണ് കേസിലെ ഒന്നാം പ്രതി. ഭാര്യ അനിത കുമാരി രണ്ടാം പ്രതിയും മകൾ അനുപമ മൂന്നാം പ്രതിയുമാണ്.

അനുപമയ്ക്ക് യൂട്യൂബിൽ നിന്ന് അഞ്ചു ലക്ഷം രൂപവരെ മാസ വരുമാനം ഉണ്ടായിരുന്നതായി എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ജൂലൈ മാസത്തിൽ യുട്യൂബിൽ നിന്ന് പണം ലഭിക്കുന്നത് നിലച്ചു. കടംവീട്ടാൻ കടുംകൈ! പത്മകുമാറിന് 5 കോടിയുടെ ബാധ്യത; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി അനിതാകുമാരിയുടേത് യൂട്യൂബിൽ നിന്ന് വരുമാനം വന്നതുകൊണ്ടാകാം തട്ടിക്കൊണ്ടുപോകലിനുള്ള ആദ്യത്തെ ശ്രമം മാറ്റിവച്ചത്. തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിർത്ത അനുപമയും വരുമാനം നിലച്ചതോടെ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും എംആർ അജിത് കുമാർ പറഞ്ഞിരുന്നു.

ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി വിവരിച്ചു.'ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബിൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു' - അജിത് കുമാർ പറഞ്ഞു.

'പിടിയാലാകുമെന്ന് ഉറപ്പായതോടെ കുട്ടിയെ ഉപേക്ഷിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. അനിതാ കുമാരിക്ക് ആശ്രാമം മൈതാനവും പരിസരവും നന്നായി അറിയുകയും ചെയ്യാം. അതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ അവിടെ കൊണ്ടുവരികുയം കുട്ടിയെ കൊണ്ടുവരികയും അശ്വതി ബാറിന്റെ സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു. അച്ഛൻ ഇവിടെയെത്തുമെന്ന് പറഞ്ഞാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിക്ക് മറ്റൊരു അപകടവും ഉണ്ടാവരുതെന്ന് തിരിച്ചറിഞ്ഞ് അതുവഴി പോയ കോളജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പായ ശേഷമാണ് അനിത കമാരി മറ്റൊരു ഓട്ടോറിക്ഷയിൽ അവിടെ നിന്ന് പോയത്.

പിന്നീട് ഭർത്താവും അനിതകുമാരിയും മകളും തിരിച്ച് വീട്ടിലെത്തിയ ശേഷം അവിടെ നിൽക്കുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ശേഷം തെങ്കാശിയിലേക്ക് പോയി. അവിടെ ഇയാൾ നേരത്തെ കൃഷി ചെയ്തിരുന്നു. അവിടെയുള്ള സുഹൃത്തിനെ കാണുന്നതിന്റെ ഭാഗമായി തെങ്കാശിയിൽ മുറിയെടുക്കുകയായിരുന്നു' - എഡിജിപി പറഞ്ഞിരുന്നു.