- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടക്കുന്ന പ്രവീണും ലോൺ തുക അടയ്ക്കണം; എടുക്കാത്ത വായ്പയിൽ അവരെല്ലാം ചേർന്ന് അടയ്ക്കേണ്ടത് ഒരു കോടി; അങ്കമാലി സഹകരണ അർബൻ ബാങ്കിൽ വൻ തിരിമറികൾ; പ്രസിഡന്റിന്റെ മരണവും ദുരൂഹതയോ?
കൊച്ചി: എറണാകുളം അങ്കമാലി സഹകരണ അർബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതിയിൽ അന്വേഷണം. വ്യാജ ലോണിന്റെ മറവിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സൂചന. സഹകരണ വകുപ്പാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. മറ്റൊരു കരുവന്നൂരും കണ്ടളയുമെല്ലാം അങ്കമാലിയിലും നിറയാൻ സാധ്യത ഏറെയാണ്. നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും ആണ് പരാതിക്കാർ.
20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശി പ്രവീണിന് പോലും ഈ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് കിട്ടി. അങ്കമാലി സഹകരണ അർബൻ ബാങ്കുമായി പ്രവീണിന് യാതൊരു ബന്ധവുമില്ല. വായ്‌പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് ബാങ്കിൽ നിന്നും പ്രവീണിന് നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തായത്. പ്രവീണിന്റെ ഭാര്യക്കും അമ്മക്കും അച്ഛനുമെല്ലാം നോട്ടീസുകളെത്തി. എല്ലാവരും കൂടി അടക്കേണ്ടത് ആകെ 1 കോടി രൂപ. ഇത് എങ്ങനെ സംഭവിച്ചുവെന്ന് പ്രവീണിന് അറിയില്ല.
പ്രവീണിന് മാത്രമല്ല 400 ലധികം ആളുകൾക്ക് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ ബാങ്കിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ ഒപ്പും രേഖകളുമായി കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. കരുവന്നൂരിലും കണ്ടളയിലും തട്ടിപ്പുകൾ പുറത്തായതോടെ ഇഡി അടക്കം സഹകരണ തട്ടിപ്പിൽ ജാഗ്രത തുടങ്ങി. ഇതോടെയാണ് വായ്പാ കുടിശിക വരുത്തിയവർക്കെതിരെ അങ്കമാലിയിൽ നടപടി തുടങ്ങിയത്. ഇതോടെയാണ് ലോണെടുക്കാത്തവർക്കും നോട്ടീസ് കിട്ടാൻ തുടങ്ങിയത്.
നിക്ഷേപകരുടെ പണത്തിലും തിരിമറി നടന്നിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് നിക്ഷേപകർ ഇന്നലെ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. വായ്‌പ്പയെടുക്കാതെ ബാധ്യതയിലായവർ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. കർശനമായ നടപടിയുണ്ടായില്ലെങ്കിൽ നിക്ഷേപകർക്കൊപ്പം പ്രതിഷേധം ശക്തമാക്കും. ബാങ്ക് പ്രസിഡണ്ടായിരുന്ന പി ടി പോളിനെ രണ്ട് മാസം മുമ്പ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിലും ദുരൂഹതകൾ പലരും സംശയിക്കുന്നുണ്ട്.
അതിനിടെ സർക്കാർ അടിയന്തരമായി ഇടപെട്ട് അങ്കമാലി അർബൻ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾ തിരിച്ചുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് പ്രസിഡന്റിന്റെ മരണത്തെതുടർന്ന് ഉണ്ടായ സാഹചര്യങ്ങൾ നിക്ഷേപകരിൽ വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. സഹകരണമേഖലയിൽ സഹകാരികളുടെ നിക്ഷേപ സുരക്ഷിതത്വം ഉറപ്പുവരുത്തണം എന്നത് സംസ്ഥാന സർക്കാരിന്റെ നയമാണ്. ബാങ്ക് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും തൻപ്രമാണിത്വവും അഴിമതിയുമാണ് ബാങ്കിന്റെ നിലവിലെ സാഹചര്യത്തിന് കാരണമായിട്ടുള്ളതെന്നാണ് വിലയിരുത്തൽ.
കോൺഗ്രസിന്റെ അറിയപ്പെടുന്ന പ്രാദേശിക നേതാക്കൾ നേതൃത്വം നൽകുന്ന ഭരണസമിതിയിലെ അംഗങ്ങളിൽ പലരും അവിഹിതമായ മാർഗങ്ങളിലൂടെയാണ് വായ്പകൾ എടുത്തിട്ടുള്ളതെന്നാണ് ഉയരുന്ന ആരോപണം. ബാങ്കിനെക്കുറിച്ച് വേണ്ടത്ര അന്വേഷണങ്ങൾ നടത്താതെ വ്യക്തിപരവും രാഷ്ട്രീയപരവുമായ ബന്ധങ്ങളുടെ അടിസ്ഥാനങ്ങളിലാണ് നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ