ഹരിദ്വാർ: ഉത്തരാഖണ്ഡിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന പത്തൊൻപതു വയസുള്ള റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊലപാതകത്തിൽ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. റിസോർട്ട് മാനേജർ സൗരഭ് ഭാസ്‌കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ പൊളിച്ചുമാറ്റി.

മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഉത്തരവു പ്രകാരമാണ് ഋഷികേശിലുള്ള വനതാര റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. തുടർന്ന് സംഭവത്തിൽ കോപാകുലരായ നാട്ടുകാർ റിസോർട്ട് കെട്ടിടത്തിനു തീയിടുകയും ചെയ്തു.

പുൽകിതിന്റെ ഉടമസ്ഥതയിൽ പൗരി ജില്ലയിലുള്ള യംകേശ്വറിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ പെൺകുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലിൽനിന്നാണ് കണ്ടെത്തിയത്. റിസോർട്ടിൽ എത്തിയവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെൺകുട്ടിയുടെ പിതാവ് ബിജെപി, ആർഎസ്എസ് പ്രവർത്തകനാണ്.

പെൺകുട്ടിയെ കാണാനില്ലെന്ന് പുൽകിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോർട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെൺകുട്ടിയെ പുൽകിതുകൊന്നതാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

പുൽകിതിന്റെ പിതാവ് വിനോദ് ആര്യക്ക് ഒരു വകുപ്പിന്റെയും ചുമതലമില്ലെങ്കിലും ക്യാബിനറ്റ് പദവിയാണ് നൽകിയിരിക്കുന്നത്. ഉത്തരാഖണ്ഡ് മട്ടി കലാ ബോർഡ് ചെയർപെഴ്സണായ വിനോദിന്റെ മറ്റൊരു മകനായ അങ്കിതും ബിജെപി നേതാവാണ്.

ഋഷികേശി ൽനിന്ന് 10 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന റിസോർട്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി.

എന്നാൽ സെപ്റ്റംബർ 18-ന് പെൺകുട്ടിയെ കാണാതായിട്ട് 21നാണ് പൊലീസ് കേസെടുത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി അധികാരദുർവിനിയോഗമാണ് നടത്തുന്നതെന്നും കോൺഗ്രസ് വക്താവ് ഗരിമ മെഹ്റ പറഞ്ഞു. കൊലപാതകത്തിൽ പങ്കാളികളായത് ആരായിരുന്നാലും കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു.

കേസിൽ അറസ്റ്റിലായ പ്രതി പുൽകിത് ആര്യയുടെ പിതാവ് വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയെയും ബിജെപിയിൽനിന്ന് പുറത്താക്കി. സംഭവം നടന്ന റിസോർട്ടിന് നാട്ടുകാർ തീയിട്ടു. റിസോർട്ടിന്റെ ഒരുഭാഗം  സർക്കാർ പൊളിച്ചുനീക്കിയിരുന്നു. പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. പ്രതിഷേധക്കാർ ബിജെപി എംഎൽഎ രേണു ബിഷ്ടിന്റെ കാറും തകർത്തു. പൊലീസുകാർ രേണുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.