കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യസൂത്രധാര മാതാവ് അനിതാകുമാരി ആണെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാകേണ്ടതുണ്ട്. അനുപമ എന്ന ഇവരുടെ മകൾക്ക് കാര്യമായ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അനുപമ പത്മൻ എന്ന യു ടൂബ് നടത്തുന്ന പെൺകുട്ടിക്ക് കാര്യമായി തന്നെ ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന സൂചനകളുമുണ്ട്. ഇവരുടെ യു ടൂബുമായി ബന്ധപ്പെട്ടു പരിശോധന നടത്തുമ്പോൽ തട്ടിക്കൊണ്ടു പോകൽ കേസിലെ മാസ്റ്റർ ബ്രെയിൻ ഇവരുടേതാണോ എന്നും സംശയിക്കേണ്ടി വരും.

വളരെ ബ്രില്ല്യന്റായ യുവതിയെന്ന നിലയിലാണ് അനുപമയെ പൊലീസ് പോലും വിലയിരുത്തുന്നത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ചേർന്നെങ്കിലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ച പെൺകുട്ടി. എന്നാൽ, യുടൂബറായതോടെ വലിയ വരുമാനത്തിലേക്കും എത്തിപ്പിടിച്ചു. ജീവിതം ഒരുപാട് ബാക്കിയുള്ളപ്പോഴാണ് അനുപമ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി അഴിക്കുള്ളിലായിരിക്കുന്നത്.

പൊലീസ് പറയുന്നത് കഴിഞ്ഞ മൂന്ന് മാസമായി അനുപമയ്ക്ക് ഈ തട്ടിക്കൊണ്ടു പോകൽ കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ്. പി അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളിൽനിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എംആർ അജിത്കുമാറും വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ മോണിസൈസേഷൻ നിലച്ചതോടെ ഇതിൽനിന്നുള്ള വരുമാനം നിലച്ചു. തുടർന്നാണ് തട്ടിക്കൊണ്ടുപോകലിനെ എതിർത്ത അനുപമ, പിന്നീട് യോജിച്ചതെന്നുമാണ് പൊലീസ് നിഗമനം.

അനുപമയോട് സഹതാപത്തോടെയാണ് പൊലീസും പെരുമാറുന്നത്. ഇതിന് കാരണവും സാധുവായ പെൺകുട്ടി അല്ലേ എന്നതാണ്. അഞ്ചു ലക്ഷത്തിന് വേണ്ടി ഇങ്ങനെ ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതേക്കുറിച്ച് എഡിജിപി അജിത് കുമാറും സഹതാപത്തോടെയാണ് പെൺകുട്ടിയുടെ കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചതും.

'അനുപമയ്ക്ക് 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിർപ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടർ സയൻസിന് അനുപമ ചേർന്നിരുന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയിരുന്നില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം.

ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതിൽനിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.യുട്യൂബിൽനിന്നുള്ള വരുമാനം ഉള്ളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാൽ ജൂലൈ മാസം മുതൽ വരുമാനം നിലച്ചതോടെ ഈ പെൺകുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിർത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേർന്നത്.' അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

അതേസമയം അനുപമ പത്മൻ എന്ന യു ടൂബ് ചാനൽ പരിശോധിക്കുമ്പോൾ അനുപമ പല കാര്യങ്ങളും മറയ്ക്കുന്നു എന്നാണ് മനസിലാകുന്ന കാര്യം. അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഒരുമാസം മുൻപാണ് അവസാന വിഡിയോ പോസ്്റ്റ് ചെയ്തത്.

ഇവരുടെ പ്ലേലിസ്റ്റിൽ അടക്കം ഉള്ളത് മില്ല്യൻ വ്യൂസ് ഉള്ള വീഡിയോകളാണ്. കേരളത്തിൽ ഏറ്റവും വലിയ ഹിറ്റായ യുട്യൂബ് ചാനലുകളുടെ ഉടമയാണ് ഈ പെൺകുട്ടിയെന്ന് ഈ വീഡിയോ പരിശോധിച്ചാൽ മനസ്സിലാകും. മലയാളത്തിലേ മറ്റാർക്കും ഇല്ലാത്ത വിധത്തിലാണ ഇവരുടെ യുട്യൂബ് പ്ലേലിസ്റ്റ് വീഡിയോകളുടെ വ്യൂകൾ. അപ്പോൾ വരുമാന കാര്യത്തിൽ അടക്കം വലിയ തോതിൽ ഉണ്ടാകുമെന്ന് കരുതേണ്ടി വരും.

അതേസമയം അതിമനോഹരമായി ഇംഗ്ലീഷ് പറയുന്ന പെൺകുട്ടി എന്ന് പൊലീസ് കരുതുന്നതും തെറ്റാണ്. അനുപമയുടെ കൊല്ലം ഇംഗ്ലീഷിനെ ബ്രിട്ടീഷ് ഇംഗ്ലീഷാക്കി ഒഴുക്കുള്ളതാക്കാൻ കഴിയുന്ന ആപ്പുകൾ അടക്കം ഇന്ന് സജീവമാണ്. അത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിച്ചാണ് അനുപമ ശബ്ദം ഒഴുക്കുള്ളതാക്കി മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, മില്യൻ വ്യൂസ് നേടിയ വീഡിയോകൾ അന്താരാഷ്ട തലത്തിലുള്ള വമ്പന്മാരുടെ വീഡിയോകളാണ്. ഇവരുടെ വീഡിയോകൾ അന്താരാഷ്ട്ര മാർക്കറ്റിലാണ് വീഡിയോകളും വിപണനം.

ഇങ്ങനെയുള്ള പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ വ്യൂസ് കിട്ടുമ്പോൾ വൻ വരുമാനം ലഭിക്കുമെന്ന അവസ്ഥയുമുണ്ട്. ഉയർന്ന വരുമാനം കിട്ടുന്നതുമാണ്. അന്താരാഷ്ട്ര വ്യൂവേഴ്‌സിന് ലഭിക്കുന്ന വിധത്തിലാണ് വീഡിയോകളുടെ വിന്യാസവും നടത്തിയിരിക്കുന്നത്. വീഡിയോകളുടെ കോപ്പി റൈറ്റ് അടക്കം ഉപയോഗിച്ചതിൽ അവർക്ക് മോണിറൈസേഷൻ ലഭിച്ചു എന്നാണ് ലഭിക്കുന്നത്. പൊലീസ് കൂടുതൽ പരിശോധന നടത്തുമ്പോൾ ഇവർക്ക് വരുമാനം വലിയത് ഉണ്ടാകാനും സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിസന്ധി എന്ന വാദം എത്രത്തോളം ശരിയാണെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. വരുമാനം നിലച്ചതു കൊണ്ടു പണം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത് എന്നു കരുതേണ്ടിയും വരും. അമ്മയും മകളും ഒരുമിച്ച് ഈ തട്ടിപ്പിൽ പങ്കാളിത്തമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. യൂട്യൂബറായ അനുപമ ഇൻസ്റ്റഗ്രാമിലും സജീവമായിരുന്നു. പതിനാലായിരത്തിലേറെ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതിനുപുറമേ സ്വന്തമായി ഒരു വെബ്‌സൈറ്റും യുവതിക്കുണ്ട്. അനുപമയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഈ വെബ്‌സൈറ്റിന്റെ ലിങ്കുകളും നൽകിയിരുന്നു.

താൻ ഒരു മൃഗസ്‌നേഹിയാണെന്നാണ് അനുപമ പത്മൻ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതിനും നായ്ക്കളെ സംരക്ഷിക്കുന്നതിനുമാണ് താത്പര്യമെന്നും വെബ്‌സൈറ്റിൽ പറയുന്നു. തന്റെ കുടുംബവും നായ്ക്കളോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവരാണ്. 'മണിക്കുട്ടൻ', 'മുത്ത്' തുടങ്ങിയ പേരുകളുള്ള ഒട്ടേറെ നായ്ക്കളെ തെരുവിൽനിന്ന് ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടെന്നും അനുപമയുടെ വെബ്‌സൈറ്റിലുണ്ട്.

നായ്ക്കളെ സംരക്ഷിക്കാനായി പണം സംഭാവന നൽകാനും യുവതി വെബ്‌സൈറ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. ഇതിനായി പണം നൽകാനുള്ള ലിങ്കുകളും വിലാസവും വെബ്‌സൈറ്റിലുണ്ട്. അനുപമ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത് പോലെ പത്മകുമാറും കുടുംബവും ഒട്ടേറെ നായ്ക്കളെ വീട്ടിലും ഫാമിലുമായി വളർത്തിയിരുന്നു. നായ്ക്കളെ വളർത്തിയിരുന്നു. ഇവയെ പരിചരിക്കാനായി ഒരു ജീവനക്കാരിയും ഫാമിലുണ്ടായിരുന്നു.

യുട്യൂബിൽ അടക്കം വലിയ വരുമാനം ഉണ്ടായിരുന്നത് നഷ്ടമായതിന്റെ ഭാഗമായി രൂപം കൊണ്ടതാകാം ഈ ഗൂഢാലോചന എന്ന സംശയം ബലപ്പെടുത്തുന്നാണ് കാര്യങ്ങൾ. ഇതിലേക്ക് അന്വേഷണം നടത്തേണ്ടതും അനിവാര്യമാണ്. നിഷ്‌കളങ്കത മുതലാക്കി രക്ഷപെടാനുള്ള വഴികൾ തുറക്കുകയാണ് അനുപമ എന്നാണ് ഇതുവരെയുള്ള അവരുടെ പ്രവർത്തികളിൽ നിന്നും വ്യക്തമാകുന്ന കാര്യം. അതുകൊണ്ട് തന്നെ തട്ടിക്കൊണ്ടു പോകലിന് പിന്നിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകാൻ വേണ്ടി വിശദമായി തന്നെ തുടരന്വേഷണം വേണ്ടി വരും.