കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളിൽ ഒരാൽ തീർത്തും യുവതിയാണ്. പത്മനാഭന്റെയും അനിതാകുമാരിയുടെയും മകളായ അനുപമയുടെ പങ്കാളിത്തത്തിലാണ് ഏവരും അത്ഭുതം കൂറുന്നത്. വളരെ ബ്രില്ല്യന്റായ യുവതിയെന്ന നിലയിലാണ് അനുപമയെ എല്ലാവർക്കും പരിചയം ഉള്ളത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ചേർന്നെങ്കിലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ച പെൺകുട്ടി. എന്നാൽ, യുടൂബറായതോടെ വലിയ വരുമാനത്തിലേക്കും എത്തിപ്പിടിച്ചു. ജീവിതം ഒരുപാട് ബാക്കിയുള്ളപ്പോഴാണ് അനുപമ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി അഴിക്കുള്ളിലായിരിക്കുന്നത്.

പൊലീസ് പറയുന്നത് കഴിഞ്ഞ മൂന്ന് മാസമായി അനുപമയ്ക്ക് ഈ തട്ടിക്കൊണ്ടു പോകൽ കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ്. പി അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളിൽനിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എംആർ അജിത്കുമാറും വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ മോണിസൈസേഷൻ നിലച്ചതോടെ ഇതിൽനിന്നുള്ള വരുമാനം നിലച്ചു. തുടർന്നാണ് തട്ടിക്കൊണ്ടുപോകലിനെ എതിർത്ത അനുപമ, പിന്നീട് യോജിച്ചതെന്നുമാണ് പൊലീസ് നിമഗനം.

കേസിലെ മുഖ്യപ്രതിയും അനുപമയുടെ പിതാവുമായ പത്മകുമാറും വൻ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അതു മറികടക്കാൻ വേണ്ടിയാണ് ഇവർ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

'അനുപമയ്ക്ക് 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിർപ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടർ സയൻസിന് അനുപമ ചേർന്നിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം.

ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതിൽനിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.യുട്യൂബിൽനിന്നുള്ള വരുമാനം ഉള്ളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാൽ ജൂലൈ മാസം മുതൽ വരുമാനം നിലച്ചതോടെ ഈ പെൺകുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിർത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേർന്നത്.' എഡിജിപി വ്യക്തമാക്കി.

കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേർന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു. 'അനുപമ പത്മൻ' എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഒരുമാസം മുൻപാണ് അവസാന വിഡിയോ പോസ്്റ്റ് ചെയ്തത്.

അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും കുതിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇത് അഞ്ചുലക്ഷവും കടന്നു. യൂട്യൂബറായ അനുപമ ഇൻസ്റ്റഗ്രാമിലും സജീവമായിരുന്നു. പതിനാലായിരത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതിനുപുറമേ സ്വന്തമായി ഒരു വെബ്സൈറ്റും യുവതിക്കുണ്ട്. അനുപമയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഈ വെബ്സൈറ്റിന്റെ ലിങ്കുകളും നൽകിയിരുന്നു.

താൻ ഒരു മൃഗസ്നേഹിയാണെന്നാണ് അനുപമ പത്മൻ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതിനും നായ്ക്കളെ സംരക്ഷിക്കുന്നതിനുമാണ് താത്പര്യമെന്നും വെബ്സൈറ്റിൽ പറയുന്നു. തന്റെ കുടുംബവും നായ്ക്കളോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവരാണ്. 'മണിക്കുട്ടൻ', 'മുത്ത്' തുടങ്ങിയ പേരുകളുള്ള ഒട്ടേറെ നായ്ക്കളെ തെരുവിൽനിന്ന് ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടെന്നും അനുപമയുടെ വെബ്സൈറ്റിലുണ്ട്.

നായ്ക്കളെ സംരക്ഷിക്കാനായി പണം സംഭാവന നൽകാനും യുവതി വെബ്സൈറ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. ഇതിനായി പണം നൽകാനുള്ള ലിങ്കുകളും വിലാസവും വെബ്സൈറ്റിലുണ്ട്. അനുപമ വെബ്സൈറ്റിൽ അവകാശപ്പെടുന്നത് പോലെ പത്മകുമാറും കുടുംബവും ഒട്ടേറെ നായ്ക്കളെ വീട്ടിലും ഫാമിലുമായി വളർത്തിയിരുന്നതായാണ് നാട്ടുകാരും കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചാത്തന്നൂരിലെ വീട്ടിൽ തന്നെ അഞ്ച് നായ്ക്കളെങ്കിലും ഉണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. തെങ്ങുവിളയിലെ ഫാമിലും ചില നായ്ക്കളെ വളർത്തിയിരുന്നു. ഇവയെ പരിചരിക്കാനായി ഒരു ജീവനക്കാരിയും ഫാമിലുണ്ടായിരുന്നു.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷവും അനുപമ യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായാണ് സംശയം. തന്റെ യൂട്യൂബ് വീഡിയോക്കുള്ള ഒരു കമന്റിന് ചൊവ്വാഴ്ച അനുപമ മറുപടി നൽകിയിരുന്നതായി കമന്റ് ബോക്സിൽനിന്ന് വ്യക്തമാണ്.