പരവൂർ: മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത് വിശദ നിയമോപദേശം തേടി മാത്രം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. എങ്കിലും മതിയായ കരുതൽ എടുക്കും. ജ്യൂഡീഷറിയുമായി ബന്ധപ്പെട്ട കേസായതു കൊണ്ടാണ് ഇത്. അന്വേഷണം അനിവാര്യതയാണെന്ന് പൊലീസും തിരിച്ചറിയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷൻ പ്രശാന്തിയിൽ എസ്.അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകൾ ഇന്നലെ പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്. കേസുകളിൽ നിന്നു വിട്ടു നിൽക്കാൻ അവധിയെടുക്കാൻ സഹപ്രവർത്തകരിൽ നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നത്.

ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്. സമ്മർദ്ദത്തിന്റെ കാരണം പുറത്തു വന്നാൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. താൻ നേരിടുന്ന മാനസിക സമ്മർദങ്ങളെയും ജോലിയിൽ നേരിടുന്ന വിവേചനങ്ങളെയും സംബന്ധിച്ച്, ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അനീഷ്യ പരവൂർ മുൻസിപ്പൽ മജിസ്‌ട്രേട്ടിനു വാട്ട്‌സാപ്പിൽ പരാതി നൽകിയതായും സൂചനയുണ്ട്. ഈ പരാതിയിലും അന്വേഷണം ഉണ്ടായേക്കും. മേലധികാരികളുമായി ചർച്ച ചെയ്തു മാത്രമേ ഇതിലും അന്തിമ തീരുമാനം ഉണ്ടാകൂ.

കടുത്ത തൊഴിൽ പീഡനത്തിൽ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു തെറ്റും ചെയ്യാത്ത തന്നെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘർഷം താൻ അനുഭവിക്കുന്നുണ്ടെന്നും ശബ്ദസന്ദേശത്തിൽ അനീഷ്യ പറയുന്നുണ്ട്. ഒരാളെ കോടതിയിൽ വരാതെ മുങ്ങാൻ സഹായം ചെയ്തുകൊടുക്കാത്തതിന്റെ പേരിലാണ് താൻ സമ്മർദം അനുഭവിക്കുന്നതെന്ന് അനീഷ്യ പറയുന്നതായി പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയിൽ അനീഷ്യ തൂങ്ങി മരിച്ചത്. ആത്മഹത്യയ്ക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പെഴുതിയും സ്റ്റാറ്റസ് അനീഷ്യ ഇട്ടിരുന്നു. തൊഴിലിടത്തിൽ പ്രശ്നങ്ങളുണ്ടെന്ന് അനീഷ്യ സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരവധി തവണ അനീഷ്യ ിളിച്ചറിയിച്ചിരുന്നു. ഒമ്പത് വർഷമായി പരവൂർ കോടതിയിൽ എ പി പിയായി ജോലി ചെയ്യുന്ന അനീഷ്യയ്ക്ക് ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡയറി പരവൂർ പൊലീസിന് കിട്ടി.

മാവേലിക്കര സെഷൻസ് കോടതി ജഡ്ജ് അജിത്ത്കുമാറാണ് അനീഷ്യയുടെ ഭർത്താവ്. പോസ്റ്റുമോർട്ടത്തിന് ശേഷം അനീഷ്യയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.