കൊച്ചി: രാത്രിയിൽ ന്യൂജനറേഷൻ ബൈക്കിൽ നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന പേരിൽ ബൈക്ക് റൈഡ് നടത്തി വന്നിക്കുന്ന ഗ്യാങ്ങിലെ രണ്ട് പേർ കൂടി എംഡിഎംഎ യുമായി എക്‌സൈസിന്റെ പിടിയിലായി. ആലുവ കടുങ്ങല്ലൂർ സ്വദേശി വെളുത്തേടത്ത് വീട്ടിൽ വിനോദ് (അപ്പൂജി) (37) , പാലാരിവട്ടം, തമ്മനം സ്വദേശി തിട്ടയിൽ വീട്ടിൽ അലൻ അഗസ്റ്റിൻ (26) എന്നിവരാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെയും എക്‌സൈസ് ഇന്റലിജൻസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.

ഇവരിൽ നിന്ന് 6.2 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ മയക്ക് മരുന്ന് കടത്തി കൊണ്ട് വന്ന ന്യൂജനറേഷൻ ബൈക്കും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. മുൻപ് മയക്ക് മരുന്ന് കേസ്സുകളിൽ പ്രതികളായ ഇവർ ഇരുവരും ഒരുമിച്ച് പിടിയിലാകുന്നത് ഇത് ആദ്യമായാണ്. രാത്രിയിൽ നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് എന്ന പേരിൽ ബൈക്ക് റൈഡേഴ്‌സ് എന്ന വ്യാജേന മയക്ക് മരുന്ന് വിൽപ്പന നടത്തി വന്നിരുന്ന രണ്ടംഗ സംഘത്തെ കുറിച്ചുള്ള എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.

മയക്ക് മരുന്ന് കൈമാറി ശരവേഗത്തിൽ കുതിച്ച് പാഞ്ഞ് പോകുന്നതായിരുന്നു ഇവരുടെ രീതി. ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ചിരുന്ന എക്‌സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം രാത്രി പന്ത്രണ്ട് മണിയോട് കൂടി മയക്ക് മരുന്ന് കൈമാറുവാൻ എത്തിയ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ബൈക്ക് ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിചെങ്കിലും വിജയിച്ചില്ല. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ ക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സജീവ് കുമാർ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാന്റ് ചെയ്തു.