- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ അയച്ചവന് ആദ്യം പണി തെറിച്ചു; പിന്നാലെ യുവാവിനെ അറസ്റ്റു ചെയ്തു പൊലീസ്; കായംകുളം പൊലീസിന്റെ പിടിയിലായത് മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ; നിരവധി പേർക്ക് തന്റേതിന് സമാനമായ ദുരനുഭവം നേരിടേണ്ടി വന്നെന്ന് അരിത
കായംകുളം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ ചെയ്ത യുവാവന് ആദ്യം പണി തെറിച്ചു. പിന്നാലെ പൊലീസ് കേസും അറസ്റ്റും. ഒരു ആവേശത്തിന് ഗൾഫിലിരുന്ന് വീഡിയോ കോൾ ചെയ്ത മലപ്പുറത്തെ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. അരിതയുടെ പരാതിയിൽ യുവാവ് അറസ്റ്റിലായി.
മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ (35) ആണ് അറസ്റ്റിലായത്. കായംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തന്നെ അശ്ലീല വീഡിയോ ചെയ്തയാളുടെ ചിത്രങ്ങൾ സഹിതം അരിത ഫേസ്‌ബുക്കിൽ പോസ്റ്റു ചയ്തിരുന്നു. ഇതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാളെ കേസിനെ തുടർന്ന് കമ്പനി അധികൃതർ പിരിച്ചുവിടുകയായിരുന്നു. വാട്‌സ്ആപ്പ് വഴിയായിരുന്നു അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ ലഭിച്ചത്. അശ്ലീല ദൃശ്യങ്ങളും ഇതുവഴി അയച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തുന്ന വീഡിയോയും അയച്ചുകൊടുത്തിരുന്നു.
ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിതാ ബാബു വ്യക്തമാക്കിയിരുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ, സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന എല്ലാവർക്കുമായാണ് പരാതി നൽകിയതും അതിൽ ഉറച്ചു നിന്നതുമെന്ന് അരിത ബാബു വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇടുകയും പരാതി നൽകുകയും ചെയ്തതിനു പിന്നാലെ, ഒരുപാടു പേർ വിളിച്ച് സമാനമായ അനുഭവം നേരിട്ടതിനെക്കുറിച്ചും പ്രതികരിക്കാനാകാതെ പോയതിനെക്കുറിച്ചും തുറന്നുപറഞ്ഞതായി അരിത വെളിപ്പെടുത്തി.
അറസ്റ്റിലായ ഷെമീർ സിപിഎമ്മുകാരനാണെന്നാണ അറിഞ്ഞതെന്നാണ് അരിത ബാബു പറഞ്ഞത്. ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് ആളുകൾ ഇത്തരമൊരു സാഹചര്യം നേരിടുന്നുണ്ട്. അതിൽ ആൺ, പെൺ വ്യത്യാസമില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പെൺകുട്ടികൾക്ക് മെസേജ് അയയ്ക്കുന്നതും വിഡിയോ കോൾ വിളിച്ച് റെക്കോർഡ് ചെയ്ത് ആ ദൃശ്യങ്ങൾ വച്ച് ബ്ലാക്മെയിൽ ചെയ്യുന്നതുമെല്ലാം ഒരുപാടു സംഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ആർക്കെങ്കിലുമൊക്കെ ഈ പരാതിയും കേസും പ്രചോദനമായേക്കാം.
ഇതിനൊന്നും ഒറ്റയടിക്കു മാറ്റം വരുമെന്നല്ല. കൃത്യമായ ശിക്ഷ ഉറപ്പാക്കിയാൽ മാറ്റം വരുമെന്ന് പ്രതീക്ഷയുണ്ട്. ഒരാളുടെ നമ്പർ സംഘടിപ്പിച്ചു തുടർച്ചയായി വിളിക്കുകയും അശ്ലീല മെസേജുകൾ അയയ്ക്കുകയും ചെയ്യുന്നതിനെതിരെ പ്രതികരിക്കണം എന്നുള്ളതുകൊണ്ടാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷവും ഇതുപോലെ ഒരു സംഭവമുണ്ടായപ്പോൾ പരാതി കൊടുത്തിരുന്നു. പക്ഷേ, അതിൽ കൃത്യമായ നടപടിയൊന്നുമില്ലാതെ കേസ് എങ്ങും എത്താതെ പോയി. ഇത്തവണ അതു സംഭവിക്കരുതെന്നു കരുതിയാണ് പിന്നാലെ നിൽക്കുന്നത്.
ഈ കേസിൽ ഇൻകാസ് പ്രവർത്തകർക്കാണ് നന്ദി പറയേണ്ടത്. ഞാൻ ഇത്തരമൊരു പോസ്റ്റ് ഇട്ടപ്പോൾത്തന്നെ അവർ വിളിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്‌നക്കാരനെ കണ്ടെത്തി. അയാൾ ജോലി ചെയ്യുന്ന സ്ഥലം കണ്ടെത്തി അവിടെ ചെന്നാണ് അവർ കണ്ടത്. അവിടെവച്ച് എന്നെ വിളിച്ചിരുന്നുവെന്നും അരിത ബാബു പറഞ്ഞു.
മറുനാടന് ഡെസ്ക്