- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്ന ചാരന്മാർക്കും, അടുപ്പക്കാർക്കും വരെ അർജ്ജുൻ ആയങ്കിയെ ഭയം; എന്തു ചെയ്യാൻ മടിക്കാത്ത അപ്രവചനീയ സ്വഭാവമുള്ള ക്രിമിനലനെന്നും കൂട്ടാളികൾ അടക്കം പറയും; കരിപ്പൂരിലെ ചാരനുമായുള്ള വാട്സാപ്പ് ചാറ്റുകൾ കൂടി കിട്ടിയതോടെ കുരുക്ക് മുറുകി
മലപ്പുറം: കഴിഞ്ഞ ദിവസം പിടിയിലായ അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിയെ, സ്വർണക്കവർച്ചകൾക്കു സഹായിക്കുന്ന ചാരന്മാർക്കും അടുപ്പക്കാർക്കും വലിയ ഭയം. എന്തുംചെയ്യാൻ മടിക്കാത്തവനെന്നും, അടുത്തത് എന്തു ചെയ്യുമെന്ന് ഊഹിക്കാൻ കഴിയാത്ത ആളാണ് ഈ 26കാരനെന്നും കൂട്ടാളികൾ പറയുന്നു.
അതേസമയം, സ്വർണക്കടത്തിലെ പണത്തിന്റെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും മറ്റും ആയങ്കിയുടെ ഭാര്യ അമലയുടെ ഡയറിയിൽ നിന്നും ലഭിച്ചിരുന്നു. ഡയറിയും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും സീൽ ചെയ്ത കവറിൽ കസ്റ്റംസ് കോടതിയെ ഏൽപ്പിച്ചിരിക്കുകയാണ്. അർജുൻ ആയങ്കിക്കു കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തു വിവരങ്ങൾ ഉൾപ്പെടെ അറിയിച്ച് ചാരനായി പ്രവർത്തിച്ചത് മലപ്പുറം ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം കാപ്പ ചുമത്തി പുറത്താക്കിയ ഷംനാദാണെന്നു പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്ത് രഹസ്യങ്ങളും, പൊലീസ് നീക്കങ്ങളും വരെ ഷംനാദ് ആയങ്കിയെ അറിയിച്ചതിന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു.
മലപ്പുറം കോഡൂരിലെ ആമിയൻ ഷംനാദ്(25) മോഷണം, ചതി ചെയ്യൽ, തട്ടിക്കൊണ്ടുപോകൽ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയാണ്. തുടർന്നാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ കാപ്പ ചുത്തി മലപ്പുറം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നത്. ഇതിന് പിന്നാലെ വിലക്കു ലംഘിച്ച് വീണ്ടും ഇയാൾ രഹസ്യമായി മലപ്പുറം ജില്ലയിൽ പ്രവേശിച്ചപ്പോൾ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സ്‌പെഷ്യൽ പൊലീസ് സംഘമാണ് പ്രതിയെ കഴിഞ്ഞ ദിവസം താനൂരിൽനിന്നും പിടികൂടിയത്. തുടർന്നു പ്രതിയെ താനൂർ പൊലീസ് സ്റ്റേഷനിൽകൊണ്ടുപോവുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും മലപ്പുറം ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അർജുൻ ആയങ്കി കൊച്ചിയിലെ ഫ്ളാറ്റിലിരുന്നാണ് കാര്യങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആയങ്കിയെ(26) പിടിക്കാൻ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെ ഒമ്പതു ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന് പുറമെ ഗുണ്ടപേട്ടയിലും സംഘമെത്തി. മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസും, പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി എന്നിവരടങ്ങിയ സംഘമാണു ആയങ്കിയെകണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതി സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ആയങ്കിയെ കുറിച്ചുള്ള ചില രഹസ്യവിവരങ്ങളെ തുടർന്നു അന്വേഷണ സംഘം വിവിധ ജില്ലകളിൽ കേന്ദ്രീകരിച്ച് അന്വേഷണത്തിന് പുറപ്പെട്ടത്്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളൊഴികെ മറ്റു ജില്ലകളിലെല്ലാം അന്വേഷണ സംഘമെത്തി.
പ്രതി തന്റെ ഫേസ്‌ബുക്ക് പേജിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്റ്റാറ്റസാക്കിയും മറ്റും താൻ ഇവിടങ്ങളിലുണ്ടെന്ന രീതിയിൽ മെസ്സേജുകൾവെച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്ന് പൊലീസ് മനസ്സിലാക്കിയതും പ്രതിയിലേക്കെത്താൻ സഹായിച്ചു. അന്വേഷണമെല്ലാം രഹസ്യമായിതന്നെയായിരുന്നു.
കരിപ്പൂരിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽ അർജുൻ ആയങ്കി ഉൾപ്പെട്ട വിവരം ഒരുമാസം മുമ്പു തന്നെ പൊലീസിന് വ്യക്തമായിരുന്നെങ്കിലും ഇക്കാര്യം പരസ്യമാക്കാതെ പൊലീസ് രഹസ്യമായി സൂക്ഷിച്ചു. വാർത്ത പുറത്തുവന്നാൽ പ്രതി രക്ഷപ്പെടാൻ സാഹചര്യമുണ്ടാകുമെന്നതിനാലായിരുന്നു ഇത്. അതേ സമയം രാമനാട്ടുകര അഞ്ചുപേരുടെ മരണത്തിനിടയാക്കി സ്വർണക്കടത്ത് കേസിലും അർജുൻ ആയങ്കിക്കു പങ്കുള്ളതായി പൊലീസ് സ്ഥിരീകരിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ ഈ കേസിൽ ഇയാളെ പ്രതിയാക്കുമെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
ഇയാൾ കൊച്ചി കേന്ദ്രമാക്കിയാണ് സ്വർണക്കടത്തുകൾ നിയന്ത്രിച്ചിരുന്നത്. അർജുൻ ആയങ്കി ഉൾപ്പെടെ നാലുപേരാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കണ്ണൂർ അഴീക്കൽ സ്വദേശി ആയ ങ്കി അർജുൻ ( 26 ), അഴിക്കൽ സ്വദേശി നിറച്ചൻ വീട്ടിൽ പ്രണവ് എന്ന കാപ്പിരി പ്രണവ് (25) കണ്ണൂർ അറവഞ്ചാൽ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എൻ.എൻ. മൻസിൽ നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായത്. കണ്ണുർ പെരിങ്ങോമിനടുത്ത അറവഞ്ചാലിലെ മലമുകളിൽ വച്ചാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന സംഘത്തെ അതിസാഹസികമായി പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്