ആലപ്പുഴ: രാജധാനി എക്സ്‌പ്രസിൽ വെച്ച് യുവതിക്ക് മദ്യം നൽകി പീഡിപ്പിച്ചെ്‌ന പരാതിയിൽ അറസ്റ്റിലായതോടെ പത്തനംതിട്ട ജില്ലയിലെ നിരണം മാന്നാർ കടപ്ര പ്രതീഷ് ഭവനിൽ പ്രതീഷ് കുമാർ കെ.പി. (31) യുടെ ജോലിയെയും ബാധിച്ചേക്കും. സഹയാത്രികയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രതീഷ് എന്ന കാര്യം ആലപ്പുഴ റെയിൽവേ പൊലീസ് ജമ്മു കശ്മീരിലെ17 ഗാർഡ് റെജിമെന്റ് കമാന്റിങ് ഓഫീസറെ രേഖാമൂലം അറിയിക്കും. എഫ്. ഐ ആറിന്റെ കോപ്പിയടക്കം ലഭിക്കുന്നതിനാൽ കരസേനയിൽ നിന്നു തന്നെ പ്രതീഷിനെ പിരിച്ചു വിടുന്നതാണ് അടുത്ത നടപടി ക്രമം.

ജമ്മു കാശ്മീരിലെ രജൗരി ജില്ലയിൽ നാരിയൻ ട്രാൻസിസ്റ്റ് ക്യാമ്പിൽ 17 ഗാർഡ് റെജിമെന്റിൽ നായിക് റാങ്കിലാണ് പ്രതീഷ് ജോലി നോക്കുന്നത്. നാട്ടിൽ ലീവിന് എത്തിയാൽ പണ്ടത്തെ പട്ടാളക്കാരെ പോലെ വെടിപറച്ചിലാണ് പ്രതീഷിന്റെ പ്രധാന പണി. അതിർത്തിയിൽ ഡ്യൂട്ടി നോക്കിയതും പാക്കിസ്ഥാൻ പട്ടാളത്തെ വെടിവെച്ചതും അടക്കമുള്ള ഉള്ളതും ഇല്ലാത്തതുമായ കഥകൾ പ്രചരിപ്പിക്കലാണ് പ്രധാന പണി. ചില ചുറ്റി കളികളും നാട്ടുകാർ പറയുന്നുണ്ട്.

പ്രതീഷിന്റെ ഭാര്യ കടപ്ര പഞ്ചായത്തിലെ വാർഡ് മെംബറാണ്. പ്രതീഷുമായുള്ള വിവാഹശേഷമാണ് ഭാര്യ പഞ്ചായത്തിൽ മത്സരിക്കാൻ ഇറങ്ങിയതും വിജയിച്ചതും.
മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പി ജി കോഴ്‌സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്‌പ്രസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തലനാരിഴ കീറിയുള്ള പരിശോധനയാണ്അന്വേഷണ സംഘം തുടങ്ങിയിരിക്കുന്നത്. ആലപ്പുഴ റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫ്. എച്ച്.എസ് ന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. മദ്യം കഴിപ്പിച്ച് അബോധവസ്ഥയിലാക്കിയ ശേഷം സൈഡ് ബെർത്തിൽ നിന്നും സൈനികനായ പ്രതീഷ് കുമാർ തന്റെ ബെർത്തിൽ എത്തി. അതിന് ശേഷമാണ് ബലമായി പീഡിപ്പിച്ചത്. മദ്യലഹരിയിൽ ആയതിനാൽ ഒച്ച വെയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തനെന്നും പെൺകുട്ടി പറയുന്നു.

മംഗലാപുരത്ത് നിന്നാണ് താൻ രാജധാനി എക്സ്‌പ്രസിൽ കയറിയത്. അപ്പർ ബെർത്തായിരുന്നതുകൊണ്ട് കയറിയ ഉടൻ ബെർത്തിൽ കയറി കിടന്നു. സൈഡ് അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന സൈനികൻ ആദ്യം കാലുകൾ നീട്ടി വെച്ച് സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. സൈസ് അപ്പറിൽ നിന്നും താൻ കിടക്കുന്ന ഭാഗത്ത് കാൽ നീട്ടിവെയ്ക്കുക ബുദ്ധിമുട്ടാണ്. എന്നിട്ടും അയാൾ കാൽ നീട്ടിവെച്ചുവെന്നും യുവതി പറയുന്നു.

സൈനികരുടെ വീരകഥകൾ പറഞ്ഞ് പ അടുപ്പമുണ്ടാക്കി. . ജമ്മുവിലെ ഡ്യൂട്ടിയും ഭീകര ആക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു . ഇതിന് ശേഷമാണ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന മാന്നാർ സ്വദേശി പ്രതീഷ് കുമാർ നിർബന്ധിച്ചാണ് തന്നെ കുടിപ്പിച്ചത്. മദ്യം ഉള്ളിൽ ചെന്നതോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് തന്നെ സൈനികൻ ചൂഷണം ചെയ്ത വിവരം യുവതി മനസിലാക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തി. ഈ ദൃശ്യങ്ങൾ സഹിതം തമ്പാനൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി അന്ന് തന്നെ പരാതി നൽകി. ഭർത്താവിനൊപ്പം എത്തിയാണ് പരാതി നൽകിയത്. സഹയാത്രികനാൽ അപമാനിക്കപ്പെട്ട വിവരം യുവതി അപ്പോൾ തന്നെ ഭർത്താവിനെ അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനി ആയതു കൊണ്ടാണ് പെൺകുട്ടി തമ്പാനൂർ റെയിൽവേ പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച് എഫ് ഐ ആർ. രജിസ്റ്റർ ചെയ്ത തമ്പാനൂർ റെയിൽവേ പൊലീസ് കേസ് ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറി.

സംഭവം നടന്നത് ആലപ്പുഴ റെയിൽവേ പൊലീസിന്റെ പരിധിയിൽ ആയതിനാലാണ്. പ്രതിയുടെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ മാന്നാർ സ്വദേശിയായ സൈനികനെ ഉടൻ തന്നെ റെയിൽവേ പൊലീസ് എസ് ഐ ഷാനിഫ് എച്ച് എസ് ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തു വരുന്നുവെന്നും കൂടുതൽ വിശദാംശങ്ങൾ പ്രതിയിൽ നിന്നും അറിയേണ്ടതുണ്ടെന്നും റെയിൽവേ പൊലീസ്പ്രതികരിച്ചു. സൈനികന്റെ മറ്റ് പശ്ചാത്തലങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി രാജധാനിയിൽ പീഡനം നടന്ന കോച്ചി ലെ സഹയാത്രികരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

അതേസമയം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് മദ്യം നൽകിയതായി പ്രതീഷ് കുമാർ സമ്മതിച്ചിട്ടുണ്ട്. അതേസമയം ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയാണ്. അതേസമയം കഴിഞ്ഞ ഒരു മാസമായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഇത് മുതലാക്കിക്കൊണ്ട് പ്രതി പെൺകുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. താൻ വിഷാദരോഗിയാണെന്ന് അറിഞ്ഞപ്പോൾ പ്രതീഷ് ആശ്വസിപ്പിച്ചുവെന്നും എല്ലാം മറക്കാമെന്ന് പറഞ്ഞ് തനിക്ക് ട്രയിനിൽ വച്ച് നൽകിയത് ആർമിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണെന്നും യുവതി ഭർത്താവിനോട് പറഞ്ഞതായാണ് വിവരം.