തിരുവനന്തപുരം: കരിമഠം കോളനിയിൽ ലഹരി മാഫിയ സജീവമെന്ന് റിപ്പോർട്ട്. പത്തൊമ്പതുകാരനെ ലഹരി സംഘം കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ് രംഗത്തു വരികയാണ്. അർഷാദിനെ വകവരുത്തുമെന്ന് ഒന്നാം പ്രതി ധനുഷിന്റെ സംഘത്തിലുള്ള ഒരാൾ ഇൻസ്റ്റാഗ്രാം വഴി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. അർഷാദിനെ വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. അതിന് ശേഷമായിരുന്നു കൊല.

അർഷാദിന് മറ്റേതെങ്കിലും തരത്തിൽ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. കരിമഠം കോളനിയിലെ അലിയാർ-അജിത ദന്പതികളുടെ മകൻ അർഷാദ് (19)നെ ലഹരിവിൽപ്പന സംഘം ചൊവ്വാഴ്ച വൈകിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. അർഷാദിന്റെ സഹോദരൻ അൽ അമീനും (23) കൈക്ക് വെട്ടേറ്റു. ഗൂഢാലോചനയിലാണ് കൊല നടന്നതെന്നാണ് സൂചന. തിരുവനന്തപുരത്തെ ലഹരി ഇടപാടുകൾ പലതും കരിമഠം കേന്ദ്രീകരിച്ചാണ് നടന്നത്. ഇവിടെ മാറ്റമുണ്ടാക്കാൻ ശ്രമിച്ചതാണ് അർഷാദിന് ജീവൻ നഷ്ടമാകാൻ കാരണം.

കോളനി കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവിൽപ്പനയെ അർഷാദും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞിരുന്നു. മഠത്തിൽ ബ്രദേഴ്സ് എന്ന പേരിൽ രൂപീകരിച്ച സാംസ്‌കാരിക കൂട്ടായ്മ ലഹരി വിൽപ്പനയെ എതിർത്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് അർഷാദിനെയും കുട്ടുകാരെയും പ്രതികൾ ഉൾപ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രതികൾ വെട്ടുകത്തികൊണ്ട് അർഷാദിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. കൊല്ലാനായിരുന്നു ചതിയൊരുക്കിയത്.

അർഷാദിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ആയുധം കാട്ടിയും കല്ലെറിഞ്ഞും ഒപ്പമുള്ളവരെ പ്രതികൾ ഉൾപ്പെട്ട സംഘം വിരട്ടിയോടിച്ചു. ഫോർട്ട് പൊലീസ് സ്‌റ്റേഷനും എസി ഓഫീസിനും തൊട്ടു പുറകിലാണ് ഈ കോളനി. നിരവധി ക്രിമിനലുകളുടെ വിഹാര കേന്ദ്രം. എന്നിട്ടും പൊലീസിന് കാര്യമായ ഇടപെടൽ നടത്താൻ കഴിയുന്നില്ല. അർഷാദിന്റെ കൊലപാതകത്തിൽ കോളനി നിവാസികളും പ്രദേശവാസികളും ഭീതിയിലായിരിക്കുകയാണ്.

വൈകീട്ട് ടർഫിൽ കളിക്കുകയായിരുന്ന അർഷാദിനെ വിളിച്ചുവരുത്തി ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാമെന്ന് പറഞ്ഞാണ് അർഷാദിനെ വിളിച്ചുവരുത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. നേരത്തെയും ഇരു സംഘങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ദീപാവലിക്കും ഇരു സംഘവും തമ്മിൽ അടിപിടിയുണ്ടായി. മികച്ച ഫുട്‌ബോൾ കളിക്കാരനായിരുന്ന അർഷാദ് കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യാറുണ്ടായിരുന്നു. നല്ല ജോലി നേടി, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന് കൈത്താങ്ങാവാൻ ആഗ്രഹിച്ച 19കാരനാണ് അരുംകൊല ചെയ്യപ്പെട്ടത്.

അർഷാദിനെ ആക്രമിച്ചത് ധനുഷടങ്ങുന്ന എട്ട് അംഗ സംഘമാണെന്നും എഫ് ഐ ആറിലുണ്ട്. എട്ടു പേരും കരിമടം കോളനിയിലുള്ളവരാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും എഫ് ഐ ആറിലുണ്ട്. സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി. പ്രതികളായ കരിമഠം കോളനിയിലെ നിഥിൻ (ചിപ്പായി-18), കരിമഠം ടി.സി. 39/1550ൽ സുരേഷ് (കിട്ടു-38), ധനുഷ് (19) എന്നിവരെയും പ്രായപൂർത്തിയാവാത്ത നാലുപേരെയുമാണ് ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തത്. ഒരാളെ പിടികൂടാനുണ്ട്. ചൊവ്വാഴ്ചയാണ് കരിമഠം കോളനിയിൽ സലീന-അലിയാർ ദമ്പതിമാരുടെ മകൻ അർഷാദ് വെട്ടേറ്റ് മരിച്ചത്.

ലഹരിക്കൊപ്പം അർഷാദിന്റെ സുഹൃത്ത് വിവേകും പെൺസുഹൃത്തും സംസാരിക്കുന്നതിനിടെ കളിയാക്കിയതിനെ ച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതിയായ ധനുഷിന്റെ നേതൃത്വത്തിലാണ് എട്ടംഗസംഘം കൊലപാതകം നടത്തുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കരിമഠം സ്വദേശികളായ എട്ടു പ്രതികൾക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട അർഷാദിന്റെ മൃതദേഹം ബുധനാഴ്ച മണക്കാട് പള്ളി ഖബർസ്ഥാനിൽ സംസ്‌കരിച്ചു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം കരിമഠത്തെ വീട്ടിലെത്തിച്ചത്.