പാലക്കാട്: നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു ബന്ധുവായ യുവാവ് ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തിയ അർഷദിനെ കുറിച്ചു നാട്ടുകാർക്കും വീട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രം. കൊപ്പം മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകനായ 21കാരൻ അർഷദിനെ അമ്മായിയുടെ മകൻകൂടിയായ മുളയൻകാവ് പാലപ്പുഴ ഹക്കീമാണ് (27)കൊലപ്പെടുത്തിയിരുന്നത്.

പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഒറ്റപ്പാലം മജിസ്ട്രേറ്റ് 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരും അടുത്ത ബന്ധക്കളും ഒരുമിച്ചു ജോലി ചെയ്യുന്നവരുമായിരുന്നു. ഹക്കീം നടത്തിക്കൊണ്ടുവരികയായിരുന്ന പ്രൈവറ്റ് കേബിൾ വർക്കിലെ ജോലിക്കാരൻകൂടിയായിരുന്നു അർഷാദ്. ആരോടും വലിയ സംസാരങ്ങൾക്കൊന്നും പോകാതെ എപ്പോളൂം സൗമ്യനായി ഇരിക്കുന്ന വ്യക്തിയായിരുന്നു അർഷാദ്. ആരെങ്കിലും ക്ഷോഭിച്ചാലും പ്രതിക്കാൻ പോകില്ല. ഇതിനാൽ തന്നെ പലപ്പോഴും ഹക്കീം അർഷാദിനെ സമാനമായ രീതിയിൽ അടിക്കാറുള്ളതായും വിവരങ്ങളുണ്ട്. ഹക്കിമിന്റെ കൂട്ടുകാരേയും അർഷദിന്റെ ബന്ധുക്കൾക്ക് സംശയമുണ്ട്. അർഷാദിനെ ഹക്കിം ആശുപത്രിയിൽ എത്തിക്കുമ്പോൾ രണ്ടു കൂട്ടുകാർ കൂടി എത്തിയിരുന്നു. ഇവർക്കും പങ്കുണ്ടെന്നാണ് സംശയം.

ജോലി ആവശ്യാഥം വീടിന്റെ കിലോമീറ്ററുകൾക്കപ്പുറത്തുള്ള മുളങ്കാവിൽ വാടക വീടെടുത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവിടെയായിരുന്ന ഹക്കീമിന്റെ കറുത്ത നിറത്തിലുള്ള നായയും ഉണ്ടായിരുന്നത്. ബന്ധുവും തന്റെ ജോലിക്കാരനും കൂടിയായതിനാൽ പലപ്പോഴും ഹക്കീം അർഷാദിന്മേൽ അമിത സ്വാതന്ത്ര്യം എടുക്കുന്നതും പതിവായിരുന്നുവെന്നാണ് വിവരം. എന്നാൽ കൊലപ്പെടുത്തണമെന്ന് കരുതി അക്രമിച്ചതെല്ലെന്നും അപ്പോഴെത്തെ മാനസികാവസ്ഥയിൽ ചെയ്തുപോയതാണെന്നും ഹക്കീം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും താമസിക്കുന്ന വാട്ക വീട്ടിൽ മറ്റുബന്ധക്കളൊന്നും ഇല്ലായിരുന്നുവെങ്കിലും കൂടെ ജോലിചെയ്യുന്നവർ ഇടക്കിടെ വന്നുപോകാറുണ്ടായിരുന്നു. ഇവരുടെ വീട്ടിൽനിന്നും കഷ്ടിച്ച് മൂ്ന്നു കീലോമീറ്റർമാത്രം മാറിയാണ് വാടക വീട്.

അതേ സമയം പട്ടാമ്പി മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയതെന്നും പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിനാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കേസന്വേഷിക്കുന്ന കൊപ്പം എസ് ഐ എം.ബി.രാജേഷ് പറഞ്ഞു. വളർത്തു നായയ്ക്ക് ചോറു കൊടുക്കാൻ അൽപം വൈകിയതിന്റെ പേരിലാണ് അർഷാദിനെ ഹക്കീം ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും മൃഗീയമായി അടിച്ചു കൊലപ്പെടുത്തിയത്.മുളങ്കാവിൽ മണ്ണേങ്ങോട് അത്താണിയിൽ ഇരുവരും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് അതിക്രൂരമായ സംഭവം നടന്നത്. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ കെട്ടിടത്തിൽനിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

അർഷാദിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ആശുപത്രി അധികൃതരുടേയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അർഷദ്. പല കാര്യങ്ങൾക്കും ഹക്കീം അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അർഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം.

ഹക്കീമിന്റെ മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ അർഷാദിനെ വെള്ളിയാഴ്ച രാവിലെ ഇയാൾ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. അർഷദിനെ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതർ കൊപ്പം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉച്ചയോടെയായിരുന്നു മരണം. സംഭവത്തിനു ശേഷം കടന്ന ഹക്കീമിനെ അന്നു വൈകിട്ടു പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മണ്ണേങ്ങോട് അത്താണിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്‌പി വി.സുരേഷ് എന്നിവർ സ്ഥലത്തെത്തി.