- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയ്ക്ക് ഭക്ഷണം കൊടുക്കാൻ വൈകിയതിന്റെ പേരിലെ അരുംകൊല; അർഷദിനെ മർദ്ദിച്ചവരിൽ ലഹരി മാഫിയയിലെ കൂടുതൽ കണ്ണികളുണ്ടെന്ന് ബന്ധുക്കൾ; പൊലീസ് പറയുന്നതിൽ പൊരുത്തക്കേടുകൾ; പ്രതി ഹക്കീമുമായി തെളിവെടുപ്പ് നടത്തുമ്പോഴും സംശയങ്ങൾ ബാക്കി
പാലക്കാട്: പട്ടാമ്പി മുളയൻകാവിൽ നായക്ക് ഭക്ഷണം കൊടുക്കാൻ വൈകിയതിന് യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുമൊത്ത് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെ മകൻ അർഷദ് (21) കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെ പൊലീസ് സംഭവം നടന്ന വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. കേസിൽ ഇയാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. കനത്ത പൊലീസ് കാവലിലാണ് സംഭവം നടന്ന വീട്ടിലും പരിസരങ്ങളിലും തെളിവെടുപ്പ് നടന്നത്. ഇവിടെവച്ച് പ്രതി പൊലീസിനോട് നടന്ന സംഭവങ്ങൾ മുഴുവനും വിവരിച്ചു. വീട്ടിനുള്ളിൽ വച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ച കാര്യം ഇയാൾ പൊലീസിനോട് തുറന്ന് സമ്മതിച്ചു. കൃത്യം നടന്ന വീട്ടിനുള്ളിലും പുറകുഭാഗത്തും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു.
അതേ സമയം സംഭവത്തിൽ ലഹരി മാഫിയയിൽ കണ്ണിയായ കൂടുതൽ പേർക്കു ബന്ധമുണ്ടെന്നും പൊലീസ് പറയുന്നതിൽ പൊരുത്തക്കേടുകളുണ്ടെന്നും മരിച്ച യുവാവിന്റെ ബന്ധുക്കൾ പറയുന്നു. കൊല്ലപ്പെട്ട അർഷദും പ്രതി ചേർക്കപ്പെട്ട ഹക്കീമും അടുത്ത ബന്ധുക്കളാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി ഹക്കീമിന്റെ ഒപ്പം ജോലി നോക്കുകയാണ് അർഷദ്. അർഷദിന്റെ ശരീരത്തിൽ നൂറിലേറെ മുറിവുകളുണ്ട്. വാരിയെല്ല് പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണു മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബെൽറ്റും പട്ടികയും ഉപയോഗിച്ചാണ് അടിച്ചിട്ടുള്ളത്. ഒരാൾക്കു മാത്രം ഇങ്ങനെ ക്രൂരമായി ചെയ്യാനാകില്ലെന്നാണ് പറയപ്പെടുന്നത്.
മർദനം നടന്ന ദിവസം വാടക വീട്ടിൽ അർഷദിനെയും ഹക്കീമിനെയും കൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. അവരെ പൊലീസ് വെറുതെ വിട്ടയച്ചു എന്നാണു നാട്ടുകാർ പറയുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാരും മരിച്ച യുവാവിന്റെ ബന്ധുക്കളും.
അതേ സമയം നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു ബന്ധുവായ യുവാവ് ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും അതിക്രൂരമായി തല്ലിക്കൊലപ്പെടുത്തിയ അർഷദിനെ കുറിച്ചു നാട്ടുകാർക്കും വീട്ടുകാർക്കും പറയാനുള്ളത് നല്ലത് മാത്രമാണ്. കൊപ്പം മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകനായ 21കാരൻ അർഷദിനെ അമ്മായിയുടെ മകൻ കൂടിയായ മുളയൻകാവ് പാലപ്പുഴ ഹക്കീമാണ് (27)കൊലപ്പെടുത്തിയിരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഒറ്റപ്പാലം മജിസ്‌ട്രേറ്റ് 14ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
ഇരുവരും അടുത്ത ബന്ധുക്കളും ഒരുമിച്ചു ജോലിചെയ്യുന്നവരുമായിരുന്നു. ഹക്കീം നടത്തിക്കൊണ്ടുവരികയായിരുന്ന പ്രൈവറ്റ് കേബിൾ വർക്കിലെ ജോലിക്കാരൻ കൂടിയായിരുന്നു അർഷാദ്. ആരോടും വലിയ സംസാരങ്ങൾക്കൊന്നും പോകാതെ എപ്പോളൂം സൗമ്യനായി ഇരിക്കുന്ന വ്യക്തിയായിരുന്നു അർഷാദ്. ആരെങ്കിലും ക്ഷോഭിച്ചാലും പ്രതിക്കരിക്കാൻ പോകില്ല. ഇതിനാൽ തന്നെ പലപ്പോഴും ഹക്കീം അർഷാദിനെ സമാനമായ രീതിയിൽ അടിക്കാറുള്ളതായും വിവരങ്ങളുണ്ട്. ജോലി ആവശ്യത്തിനായി
വീടിന്റെ കിലോമീറ്ററുകൾക്കപ്പുറത്തുള്ള മുളങ്കാവിൽ വാടക വീടെടുത്തായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവിടെയായിരുന്ന ഹക്കീമിന്റെ കറുത്ത നിറത്തിലുള്ള നായയും ഉണ്ടായിരുന്നത്.
ബന്ധുവും തന്റെ ജോലിക്കാരനും കൂടിയായതിനാൽ പലപ്പോഴും ഹക്കീം അർഷാദിന്മേൽ അമിത സ്വാതന്ത്ര്യം എടുക്കുന്നതും പതിവായിരുന്നുവെന്നാണ് വിവരം. എന്നാൽ കൊലപ്പെടുത്തണമെന്ന് കരുതി അക്രമിച്ചതെല്ലെന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തുപോയതാണെന്നും ഹക്കീം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും താമസിക്കുന്ന വാടക വീട്ടിൽ മറ്റുബന്ധുക്കളൊന്നും ഇല്ലായിരുന്നുവെങ്കിലും കൂടെ ജോലി ചെയ്യുന്നവർ ഇടക്കിടെ വന്നുപോകാറുണ്ടായിരുന്നു. ഇവരുടെ വീട്ടിൽനിന്നും കഷ്ടിച്ച് മൂന്നു കീലോമീറ്റർ മാത്രം മാറിയാണ് വാടക വീട്.
അതേ സമയം പട്ടാമ്പി മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയതെന്നും പ്രതിയെ കൂടുതൽ ചോദ്യംചെയ്യലിനാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കേസന്വേഷിക്കുന്ന കൊപ്പം എസ് ഐ എം.ബി.രാജേഷ് പറഞ്ഞു. വളർത്തു നായയ്ക്ക് ചോറു കൊടുക്കാൻ അൽപം വൈകിയതിന്റെ പേരിലാണ് അർഷാദിനെ ഹക്കീം ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും മൃഗീയമായി അടിച്ചു കൊലപ്പെടുത്തിയത്.
മുളങ്കാവിൽ മണ്ണേങ്ങോട് അത്താണിയിൽ ഇരുവരും വാടകയ്ക്ക് താമസിച്ച വീട്ടിലാണ് അതിക്രൂരമായ സംഭവം നടന്നത്. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ കെട്ടിടത്തിൽ നിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അർഷാദിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ആശുപത്രി അധികൃതരുടേയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്